പ്രായപരിധി ഒഴിവാക്കി; 65നു മുകളിലുള്ളവർക്കും അവയവം സ്വീകരിക്കാം
Mail This Article
ന്യൂഡൽഹി ∙ അവയവമാറ്റത്തിനുള്ള പ്രായപരിധി കേന്ദ്രസർക്കാർ ഒഴിവാക്കി. ഇതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ ഇളവു വരുത്തി പുതിയ മാർഗരേഖ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ചു. മരണപ്പെട്ട ദാതാക്കളിൽനിന്ന് 65 വയസ്സിനു മുകളിലുള്ള രോഗികൾക്കും അവയവം സ്വീകരിക്കാൻ സാധിക്കുന്ന തരത്തിൽ നിയന്ത്രണങ്ങൾ മാറ്റി.
രോഗികൾക്ക് അവയവങ്ങൾ സ്വീകരിക്കുന്നതിന് ഏതു സംസ്ഥാനത്തും റജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന രീതിയിൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങളോടു കേന്ദ്ര ആരോഗ്യമന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. അവയവം സ്വീകരിക്കാനുള്ള റജിസ്ട്രേഷന് ഏതെങ്കിലും തരത്തിലുള്ള ഫീസ് ഈടാക്കരുത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഇത്തരത്തിൽ ഫീസ് ഈടാക്കുന്നുണ്ടെന്നും അവയവമാറ്റം സംബന്ധിച്ച 2014 ലെ വ്യവസ്ഥകളുടെ ലംഘനമാണിതെന്നും കേന്ദ്രം വ്യക്തമാക്കി.
ജീവിച്ചിരിക്കുന്നവരിൽനിന്നു അവയവം സ്വീകരിക്കാൻ നിലവിൽ പ്രായപരിധിയില്ല. എന്നാൽ, മരണപ്പെട്ട ദാതാക്കളിൽനിന്നു അവയവം സ്വീകരിക്കാൻ 65 നു മുകളിൽ പ്രായമുള്ളവർക്കു മുൻപു സാധിച്ചിരുന്നില്ല. ആരോഗ്യവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന നാഷനൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷൻ (നോട്ടോ) പുതുക്കിയ മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2013 ൽ രാജ്യത്തു 4990 അവയവമാറ്റങ്ങളാണു നടന്നതെങ്കിൽ 2022 ൽ ഇതു 15,561 ആയി വർധിച്ചുവെന്നു കേന്ദ്രസർക്കാർ രേഖകൾ വ്യക്തമാക്കുന്നു.
English Summary: Age bar for organ transplant removed