ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ന്യൂഡൽഹി ∙ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ, തിരഞ്ഞെടുപ്പു കമ്മിഷണർമാർ എന്നിവരെ തിരഞ്ഞെടുക്കുന്ന സമിതിയിൽനിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കി പകരം പ്രധാനമന്ത്രി നിർദേശിക്കുന്ന കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തുന്ന വ്യവസ്ഥയുള്ള ബില്ലും 1867 ലെ പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് ബുക്സ് ആക്ടിനു പകരമുള്ള പ്രസ് ആൻഡ് റജിസ്ട്രേഷൻ ഓഫ് പീരിയോഡിക്കൽസ് ബില്ലും ലോക്സഭ ശബ്ദവോട്ടോടെ പാസാക്കി. പ്രസ് റജിസ്ട്രേഷൻ ബിൽ ഓഗസ്റ്റിലും തിരഞ്ഞെടുപ്പു കമ്മിഷണറുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച ബിൽ കഴിഞ്ഞ ദിവസവും രാജ്യസഭ പാസാക്കിയിരുന്നു. 

പ്രധാനമന്ത്രി, കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് (അല്ലെങ്കിൽ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ്) എന്നിവരാണു തിരഞ്ഞെടുപ്പു കമ്മിഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിലുണ്ടാവുക. ഇതോടെ, ഭരണത്തിലുള്ള പാർട്ടി ആഗ്രഹിക്കുന്നവരെ നിയമിക്കാൻ കഴിയും. സമിതിയിൽ സുപ്രീംകോടതി ജസ്റ്റിസിനെ ഉൾപ്പെടുത്തണമെന്നു നേരത്തേ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതു മറികടക്കാനാണു നിയമം കൊണ്ടുവന്നത്. ഈ ബിൽ പാസാകുന്നതോടെ തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുമെന്നും തിരഞ്ഞെടുപ്പു കമ്മിഷണർമാർ കേന്ദ്രസർക്കാരിന്റെ വിധേയരാകുമെന്നും ബില്ലിനെ എതിർത്ത എഐഎംഐഎം എംപി അസദുദ്ദീൻ ഉവൈസി പറഞ്ഞു. 

പ്രസ് ആൻഡ് റജിസ്ട്രേഷൻ ബിൽ 

പത്രങ്ങൾ റജിസ്റ്റർ ചെയ്യുമ്പോഴുള്ള വ്യവസ്ഥകൾ ഇളവു ചെയ്യാനാണു പഴയ നിയമം മാറ്റി പുതിയ നിയമം കൊണ്ടുവരുന്നതെന്നാണു കേന്ദ്രസർക്കാർ വാദം. ബിൽ അവതരിപ്പിച്ച മന്ത്രി അനുരാഗ് ഠാക്കൂർ ഇത് ആവർത്തിച്ചു. 8 ഘട്ടം പിന്നിടേണ്ട ബുദ്ധിമുട്ടൊഴിവാക്കി ഒറ്റ ക്ലിക്കിൽ റജിസ്ട്രേഷൻ ലഭ്യമാക്കുമെന്നു മന്ത്രി പറഞ്ഞു. കൂടുതൽ പത്രങ്ങളെ പ്രോത്സാഹിപ്പിക്കും. 

എന്നാൽ, പ്രസ് റജിസ്ട്രാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുക വഴി കേന്ദ്രസർക്കാർ പത്രങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നു പ്രതിപക്ഷത്തു നിന്നു പ്രസംഗിച്ച എഐഎംഐഎം അംഗം ഇംതിയാസ് ജലീൽ പറഞ്ഞു. റജിസ്ട്രാർക്കോ കേന്ദ്രസർക്കാർ നിഷ്കർഷിക്കുന്ന അതോറിറ്റിക്കോ പത്രങ്ങളിൽ റെയ്ഡ് നടത്താമെന്നും രേഖകൾ പരിശോധിക്കാമെന്നുമുള്ള വ്യവസ്ഥ പത്രസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ്. ഇതിലെ അടിച്ചമർത്തൽ വ്യവസ്ഥകൾക്കെതിരെ എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവന നടത്തിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സർക്കാരിനെ വിമർശിച്ചാൽ നടപടിയുണ്ടാകുമെന്ന ഭീഷണിയാണിത്. കോവിഡ് കാലത്ത് സർക്കുലേഷൻ കുറഞ്ഞ് പ്രതിസന്ധിയിലായ പത്രങ്ങളെ വരുതിക്കു നിർത്താനുള്ള ശ്രമമാണിത്. ന്യൂസ്പ്രിന്റിന്റെ വില കുതിച്ചുയർന്ന സാഹചര്യത്തിൽ അതിന് ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്ന് ബിജെഡി അംഗം ഭർതൃഹരി മെഹ്താബ് പറഞ്ഞു. ഇത് ബന്ധപ്പെട്ട വകുപ്പുമായി ചർച്ച ചെയ്യാമെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ മറുപടിയിൽ പറഞ്ഞു. സർക്കാരിനെ വിമർശിച്ചാൽ നടപടിയുണ്ടാകില്ലെന്നും രാജ്യത്തെയോ രാജ്യസുരക്ഷയെയോ അടിസ്ഥാനരഹിതമായി വിമർശിച്ചാൽ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 

കേരളത്തിൽ പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു: കേന്ദ്രമന്ത്രി 

കേരളത്തിലും ബംഗാളിലും പത്രസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. പുതിയ പ്രസ് റജിസ്ട്രേഷൻ ബിൽ പത്രസ്വാതന്ത്ര്യത്തിന് എതിരാണെന്ന ചർച്ചയിലെ പരാമർശങ്ങളോടു പ്രതികരിക്കവേയാണ് ആദ്യം ബംഗാളിനെക്കുറിച്ചും പിന്നീടു കേരളത്തെക്കുറിച്ചും മന്ത്രി പറഞ്ഞത്. ജേണലിസ്റ്റുകളെ അപമാനിക്കുകയും മാധ്യമ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയുമൊക്കെ ചെയ്യുന്നുണ്ട്. സംസ്ഥാന സർക്കാരുകൾ അത്തരം പ്രവൃത്തികൾ ചെയ്യരുതെന്നും ഠാക്കൂർ പറഞ്ഞു.

English Summary:

Central minister instead of chief justice for selecting chief electoral officer

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com