മോദിയെ പൊക്കിപ്പറയാതെ പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്ന ഏക മന്ത്രി: ഗഡ്കരിക്ക് പ്രതിപക്ഷ പ്രശംസ

Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ അഭിനന്ദന പ്രവാഹം. ഈ ലോക്സഭയുടെ അവസാന സമ്മേളനത്തിൽ ഗതാഗതമന്ത്രി എന്ന നിലയിൽ ഗഡ്കരി ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ദിവസമായിരുന്നു ഇന്നലെ. വ്യാഴാഴ്ചകളിലാണ് ഗതാഗതമന്ത്രാലയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ലോക്സഭയിൽ മറുപടി നൽകുന്നത്.
അടുത്ത തിരഞ്ഞെടുപ്പിൽ ഗഡ്കരിക്കു സീറ്റ് നിഷേധിക്കപ്പെട്ടേക്കുമെന്ന അഭ്യൂഹങ്ങളിൽ ബിജെപിയെ ‘തോണ്ടി’യായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങൾ. ചോദ്യം ചോദിച്ച എൻ.കെ.പ്രേമചന്ദ്രനടക്കമുള്ള പ്രതിപക്ഷാംഗങ്ങൾ ഗതാഗത മന്ത്രിയെന്ന നിലയിൽ ഗഡ്കരിയുടെ കാര്യക്ഷമതയെയും അർപ്പണ ബോധത്തെയും പ്രശംസിച്ചു. കക്ഷിവ്യത്യാസം നോക്കാതെ അംഗങ്ങളുടെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കുന്നയാളാണു ഗഡ്കരിയെന്ന് അവർ പറഞ്ഞു.
‘താങ്കൾ മന്ത്രിയെന്ന നിലയിൽ അവസാനമായി പങ്കെടുക്കുന്ന ചോദ്യോത്തരവേളയാണിതെന്ന് ഞങ്ങൾക്കറിയാം’ എന്നു ഡിഎംകെ അംഗം ദയാനിധി മാരൻ പറഞ്ഞപ്പോൾ ഗഡ്കരി പൊട്ടിച്ചിരിച്ചു. ബിജെപി അംഗങ്ങൾ നിശ്ശബ്ദരായിരുന്നു. ഇടയ്ക്ക് അവസരം ചോദിച്ച് എഴുന്നേറ്റ കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി ഒരുപടികൂടി കടന്നു:
‘കേന്ദ്രമന്ത്രിസഭയിൽ തന്റെ മന്ത്രാലയം ചെയ്ത കാര്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊക്കിപ്പറയാതെ പ്രസംഗിക്കാൻ ധൈര്യം കാണിക്കുന്ന ഏക മന്ത്രിയാണ് ഗഡ്കരിജി’ എന്നായിരുന്നു അധീറിന്റെ കമന്റ്.