ഡിണ്ടിഗൽ: ഡിഎംകെ കരുത്തിൽ സിപിഎം ‘സ്ട്രോങ്; സമരഭൂമിയിൽ ആദ്യജയം ലക്ഷ്യമിട്ടു സിപിഎം
Mail This Article
സിപിഎം പോരാട്ടങ്ങളുടെ കനൽച്ചൂടുള്ള മണ്ഡലമാണു ഡിണ്ടിഗൽ. അവകാശസമരങ്ങളുടെ കരുത്തിൽ മണ്ഡലത്തിനു കീഴിലെ ഡിണ്ടിഗലിലും പഴനിയിലും സിപിഎമ്മിനു പലവട്ടം എംഎൽഎമാരുണ്ടായി. ഒന്നിലേറെ തവണ രണ്ടാമതെത്തിയെങ്കിലും പഴനിക്ഷേത്രവും കൊടൈക്കനാലും ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല. ‘ഇന്തവാട്ടി അതു നടന്നിരിക്കും. നല്ല വായ്പിരിക്ക്, ഡിഎംകെ കൂട്ടണി റൊമ്പ സ്ട്രോങ്’; സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലിരുന്ന് ഏരിയാ കമ്മിറ്റിയംഗം ശരത് കുമാർ പറഞ്ഞു.
സിപിഎം ജില്ലാ സെക്രട്ടറി ആർ.സച്ചിദാനന്ദനും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് വി.എം.എസ്.മുഹമ്മദ് മുബാറകും തമ്മിലാണു പ്രധാന മത്സരം. അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്നത്തിലാണു മുബാറകിന്റെ മത്സരം. ബിജെപി പിന്തുണയോടെ പിഎംകെയുടെ എം.തിലകഭാമയും നാം തമിഴർ കക്ഷിയുടെ ദുരൈരാജനും രംഗത്തുണ്ട്.
നഗരത്തിൽനിന്ന് 10 കിലോ മീറ്റർ അകലെ പിത്തലംപെട്ടിയിൽ സച്ചിദാനന്ദന്റെ പ്രചാരണം കണ്ടു. വഴിയിലുടനീളം ഇരുവശത്തും തീപ്പെട്ടിക്കൂടു പോലെ ചെറുവീടുകൾ. എല്ലാറ്റിന്റെയും ചുമരിൽ രാഷ്ട്രീയചിഹ്നങ്ങളുണ്ട്. ‘എംജിആറിൻ ചിഹ്നം’ എന്ന അടിക്കുറിപ്പോടെ അണ്ണാഡിഎംകെയുടെ രണ്ടിലയ്ക്കാണു മുൻതൂക്കം. അരിവാൾ ചുറ്റിക നക്ഷത്രം വരച്ച ചുമരുകളിലെ അടിക്കുറിപ്പ് ‘ഐപിയിൻ ചിഹ്നം’ എന്നാണ്. ഡിണ്ടിഗലിലെ ഡിഎംകെ കരുത്തനും മന്ത്രിയുമായ ഐ.പെരിയസാമിയുടെ പിന്തുണയുള്ള ചിഹ്നമെന്നർഥം.
പിത്തലംപെട്ടിയിലെ ക്ഷേത്രത്തിനു സമീപം ആൽമരത്തണലിലൊരുക്കിയ പ്രചാരണവേദിയിലെത്തിയപ്പോൾ മുന്നിൽനിന്നു നയിക്കാൻ ഐ.പെരിയസാമി എത്തി. സ്റ്റാലിനെയും പെരിയസാമിയെയും വാഴ്ത്തുന്ന പാട്ടു മുഴങ്ങുന്നു. പ്രചാരണ വാഹനത്തിൽ സ്റ്റാലിന്റെ ചിത്രമാണു വലുത്. സീതാറാം യെച്ചൂരിക്കും രാഹുൽ ഗാന്ധിക്കും ഒരേ വലിപ്പം. മുസ്‌ലിം ലീഗ് നേതാവ് ഖാദർ മൊയ്തീൻ ഉൾപ്പെടെ ഘടകകക്ഷി നേതാക്കളുടെ ചെറുചിത്രങ്ങളും കാണാം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ സച്ചിദാനന്ദൻ 4 തവണ കട്ടകാംപെട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അന്നത്തെ പ്രവർത്തന മികവ് ചൂണ്ടിക്കാട്ടി സ്ഥാനാർഥിക്ക് പെരിയസാമിയുടെ സർട്ടിഫിക്കറ്റ്: ‘ഇവർ സിരന്ത നിർവാഹി’(ഇദ്ദേഹം നല്ല ഭരണാധികാരിയാണ്).
‘നിങ്ങളുടെ ഉൽപന്നം , ഞങ്ങളുടെ പാക്കിങ്’ എന്ന ലൈനിലാണ് എസ്ഡിപിഐയുടെ മത്സരം. സ്ഥാനാർഥി എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റാണെങ്കിലും ചിഹ്നം അണ്ണാഡിഎംകെയുടേത്. തീപ്പൊരിപ്രസംഗകനായ സ്ഥാനാർഥി യോഗങ്ങളിലെല്ലാം പറയുന്നത് അണ്ണാഡിഎംകെയുടെ മഹത്വം. തിരഞ്ഞെടുപ്പുചരിത്രം പരിശോധിച്ചാൽ അണ്ണാഡിഎംകെയുടെ തറവാടുവീടാണ് ഡിണ്ടിഗൽ. പാർട്ടി രൂപീകരണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പുവിജയം 1973ൽ ഡിണ്ടിഗൽ ലോക്സഭാ ഉപതിരഞ്ഞെടുപ്പിലായിരുന്നു.
രണ്ടിലയുമായുള്ള വോട്ടർമാരുടെ ആത്മബന്ധം വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് എസ്ഡിപിഐ. പാർട്ടി കേഡർ വോട്ടും 15 ശതമാനത്തിനടുത്തുവരുന്ന ന്യൂനപക്ഷ വോട്ടുമെന്നതാണ് അണ്ണാഡിഎംകെ സഖ്യം കണക്കുകൂട്ടുന്ന വിജയഫോർമുല.കഴിഞ്ഞ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ടി.ടി.വി.ദിനകരന്റെ ‘അമ്മ മക്കൾ മുന്നേറ്റകഴകം’ ഘടകകക്ഷിയായിരുന്ന എസ്ഡിപിഐ ഒരിടത്തും കാര്യമായി വോട്ടുപിടിച്ചില്ല.
ഡിഎംകെയുടെ പി.വേലുസാമി 2019ൽ 5.38 ലക്ഷം വോട്ടിനു ജയിച്ച മണ്ഡലമാണ് ഡിണ്ടിഗൽ. സിറ്റിങ് സീറ്റായ കോയമ്പത്തൂരിനു പകരമായാണു സിപിഎമ്മിനു മണ്ഡലം നൽകിയത്. 2 വർഷത്തിനുശേഷം നിയമസഭാ തിരഞ്ഞെടുപ്പെത്തിയപ്പോൾ ഡിഎംകെയും അണ്ണാഡിഎംകെയും 3 സീറ്റു വീതം നേടി.പാർട്ടി ബലാബലത്തിനൊപ്പം ജാതി രാഷ്ട്രീയവും ഇറങ്ങിക്കളിക്കുന്ന മണ്ഡലമാണ് ഡിണ്ടിഗൽ. അടിയൊഴുക്കുകൾ തടയിടാൻ മുന്നണിബലം നിർണായകമാകും.