ADVERTISEMENT

ന്യൂ‍ഡൽഹി ∙ വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ചയിൽ നിയമം നൽകുന്ന ഇളവ് കൂട്ടബലാത്സംഗത്തിൽ പങ്കാളിയായാൽ ഭർത്താവിനോ ഭർത്താവിന്റെ ആവശ്യപ്രകാരം ഭാര്യയുമായി ബന്ധപ്പെടുന്ന മറ്റൊരാൾക്കോ ലഭിക്കില്ലെന്നു സുപ്രീം കോടതി വാക്കാൽ നിരീക്ഷിച്ചു.

പീഡനരീതി (ബിഎൻഎസിലെ 63–ാം വകുപ്പ്) സംബന്ധിച്ച നിർവചനത്തിൽ, ലൈംഗിക നടപടികൾ ഒരാൾ ചെയ്യുമ്പോഴോ മറ്റൊരാളെക്കൊണ്ടു ചെയ്യിക്കുമ്പോഴോ എന്നുണ്ട്. വിവാഹബന്ധത്തിലെ പീഡനത്തിൽ ഭർത്താക്കന്മാർക്ക് ഇളവു നൽകുമ്പോഴും ഇതു ബാധകമാകുമെന്ന പ്രശ്നം ഹർജിക്കാർ ഉന്നയിച്ചു. ഭർത്താവിന്റെ ആവശ്യപ്രകാരം മറ്റൊരാൾ ഭാര്യയുമായി ബന്ധപ്പെട്ടാലും നിയമത്തിന്റെ കണ്ണിൽ ഇളവാകില്ലേയെന്ന ചോദ്യമാണ് ഹർജിക്കാർ ഉയർത്തിയത്.

തുടർന്നാണ് ഇതുസംബന്ധിച്ചു കോടതി വ്യക്തത വരുത്തിയത്. നിയമപ്രകാരം ഭർത്താവിന് ഇളവുള്ളതു ബലമായ ലൈംഗികബന്ധത്തിനു മാത്രമാണെന്നും അനുബന്ധമായ മറ്റെല്ലാ പ്രവർത്തനങ്ങളും കുറ്റകരമാകുമെന്നും കോടതി വിശദീകരിച്ചു.

വിവാഹബന്ധത്തിലെ ബലമായ ലൈംഗികവേഴ്ച ക്രിമിനൽ കുറ്റമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജനാധിപത്യ മഹിളാ അസോസിയേഷൻ ഉൾപ്പെടെ ഹർജിക്കാർക്കുവേണ്ടി ഹാജരായ കരുണ നന്ദിയാണ് ഇന്നലെ പ്രധാനമായും വാദം ഉന്നയിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും ഇതുസംബന്ധിച്ച വകുപ്പുകൾ സ്ത്രീയുടെ മൗലികാവകാശം ഇല്ലാതാക്കിയെന്നു വിമർശിച്ചു.

പുതിയൊരു കുറ്റകൃത്യം കോടതി രൂപപ്പെടുത്തണമെന്നാണോ ഹർജിക്കാർ ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചു. എന്നാൽ, ഉഭയസമ്മതമില്ലാത്ത ലൈംഗികബന്ധം നിലവിൽ കുറ്റകരമാണെന്നും അതുകൊണ്ട് പുതിയൊരു കുറ്റം എന്ന അർഥം ഇതിനില്ലെന്നുമായിരുന്നു ഹർജിക്കാരുടെ മറുപടി.

English Summary:

Supreme Court says if involved in gang rape No exemption for husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com