ADVERTISEMENT

ന്യൂഡൽഹി ∙ 60 വയസ്സു കഴിഞ്ഞവരുടെ ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിലെ വാർഷിക വർധന 10% കവിയരുതെന്ന് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) ഉത്തരവിട്ടു. ഇന്നലെത്തന്നെ ഇതു പ്രാബല്യത്തിലായി.

ഇൻഷുറൻസ് പ്രീമിയത്തിൽ കുത്തനെയുള്ള വർധനയ്ക്കു കൂച്ചുവിലങ്ങിട്ടത് മുതിർന്ന പൗരർക്ക് ഏറെ ആശ്വാസകരമാണ്. പ്രീമിയം 10 ശതമാനത്തിലേറെ കൂട്ടണമെങ്കിൽ കമ്പനികൾ ഇനി ഐആർഡിഎഐയുടെ മുൻകൂർ അനുമതി തേടണം. മുതിർന്ന പൗരർക്കുള്ള ഇൻഷുറൻസ് പോളിസികൾ പിൻവലിക്കുന്നതിനും ഐആർഡിഎഐയുടെ അനുമതി വേണം.

60 കഴിഞ്ഞവരുടെ പ്രീമിയത്തിൽ വൻ വർധനയുണ്ടാകുന്നതായി ഐആർഡിഎഐ നിരീക്ഷിച്ചു. ക്ലെയിം തുക അനുസരിച്ചാണ് പ്രീമിയം. പ്രായമായവരുടെ ക്ലെയിം തുക ഉയരാനുള്ള പ്രധാന കാരണം ആശുപത്രികൾ ഈടാക്കുന്ന ഉയർന്ന ചികിത്സച്ചെലവാണ്.

പ്രീമിയം വർധന ഏറ്റവും കൂടുതൽ ബാധിക്കുന്നത് പരിമിത വരുമാനമുള്ള മുതിർന്ന പൗരരെ ആയതിനാലാണ് 1999 ലെ ഐആർഡിഎഐ നിയമത്തിലെ വ്യവസ്ഥകൾപ്രകാരം ഉത്തരവിറക്കിയിരിക്കുന്നത്. അതേസമയം, ഇതുമൂലമുള്ള വരുമാനനഷ്ടം നികത്താൻ ഇൻഷുറൻസ് കമ്പനികൾ മറ്റു പ്രായക്കാരുടെ പ്രീമിയം തുക ആനുപാതികമായി വർധിപ്പിച്ചേക്കാം.

‘ക്ലെയിം തുക കുറയ്ക്കാൻ പാക്കേജ് റേറ്റ് വേണം’

പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പിഎംജെഎവൈ) പോലെയുള്ള സർക്കാർ പദ്ധതികളിൽ ഓരോ ചികിത്സയ്ക്കും നിശ്ചിത പരിധി വച്ചിട്ടുണ്ടെങ്കിലും, മറ്റ് ആരോഗ്യ ഇൻഷുറൻസുകളിൽ ഈ പരിധിയില്ല. ക്ലെയിം തുക വൻതോതിൽ കൂടാൻ ഇതു കാരണമാകുന്നതായി ഐആർഡിഎഐ ഉത്തരവിൽ ചൂണ്ടിക്കാട്ടി. പിഎംജെഎവൈയിലേതു പോലെ ഇൻഷുറൻസ് കമ്പനികൾ ആശുപത്രികളെ എംപാനൽ ചെയ്ത് പാക്കേജ് റേറ്റുകൾ നിശ്ചയിക്കണമെന്നും ഉത്തരവിലുണ്ട്.

English Summary:

Health Insurance: Premium hike capped at 10%; Relief for senior citizens

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com