‘തിരഞ്ഞെടുപ്പ് അവിശ്വാസത്തിന് കോടതി നടപടികളും കാരണം’: വിടവാങ്ങൽ പ്രസംഗത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ

Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു നടപടികളിൽ വോട്ടർമാർക്ക് അവിശ്വാസമുണ്ടാക്കാൻ കോടതിനടപടികളും കാരണമാകുന്നുവെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ സൂചിപ്പിച്ചു. ദീർഘകാലമായി തീർപ്പാകാതെ കിടക്കുന്ന ചില കേസുകൾ തിരഞ്ഞെടുപ്പുകളുടെ നിർണായകഘട്ടത്തിൽ പരിഗണിക്കുന്നതാണ് അദ്ദേഹം വിടവാങ്ങൽ പ്രസംഗത്തിൽ പരാമർശിച്ചത്. ഹർജിക്കാരൻ പരത്താൻ ശ്രമിക്കുന്ന അവിശ്വാസം ഇരട്ടിയാക്കാൻ ഇത്തരം കോടതി നടപടികൾ ഇടയാക്കും. തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനെ ബാധിക്കാത്തവിധം ഇത്തരം ഹർജികൾ വാദം കേൾക്കണം. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ക്രമക്കേട്, ഇലക്ടറൽ ബോണ്ട് തുടങ്ങിയ പല കേസുകളും തിരഞ്ഞെടുപ്പു കാലങ്ങളിലാണ് സുപ്രീം കോടതിയടക്കം പരിഗണിച്ചത്.
-
Also Read
ഖത്തർ അമീർ ഡൽഹിയിൽ; ഇന്ന് ചർച്ച
ഫലം അംഗീകരിക്കാൻ തയാറാകാത്തവർ തിരഞ്ഞെടുപ്പു കമ്മിഷനെ കുറ്റപ്പെടുത്തുന്ന രീതിയുമുണ്ട്. തിരഞ്ഞെടുപ്പു പ്രക്രിയയുടെ എല്ലാ ഘട്ടത്തിലും പങ്കാളിയായ ശേഷം അപ്പീൽ പോലും നൽകാതെ ജനങ്ങൾക്കിടയിൽ സംശയം സൃഷ്ടിക്കുന്ന നടപടി ഉചിതമല്ല. ബ്രേക്കിങ് ന്യൂസുകൾക്കുവേണ്ടിയുള്ള ഓട്ടത്തിൽ വ്യാജ വാർത്ത പ്രചരിക്കാതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പുകളിൽ പാർട്ടികൾ സൗജന്യ പ്രഖ്യാപനങ്ങൾ നടത്തുമ്പോൾ അതിന്റെ പ്രായോഗികതയും ജനങ്ങളെ അറിയിക്കണം. ബൂത്തിലെ ആൾമാറാട്ടം തടയാനായി ബയോമെട്രിക് ഓതന്റിക്കേഷൻ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ മണ്ഡലത്തിലെയും വോട്ടുകൾ ഇടകലർത്തി എണ്ണാൻ സൗകര്യമൊരുക്കുന്ന ‘ടോട്ടലൈസർ’ സംവിധാനം പരീക്ഷിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
വിദേശത്തുനിന്ന് വോട്ട്: കമ്മിഷൻ തയാർ
പ്രവാസി ഇന്ത്യക്കാർക്കു വിദേശത്തിരുന്നു വോട്ട് ചെയ്യാനുള്ള അവകാശം നൽകാൻ സമയമായെന്നു രാജീവ് കുമാർ പറഞ്ഞു. ഇതിനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാളികളടക്കമുള്ള പ്രവാസികളുടെ ദീർഘകാലത്തെ ആവശ്യമാണിത്.ആഭ്യന്തര, വിദേശ കുടിയേറ്റം മൂലം 30 കോടി വോട്ടർമാരാണു തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകാതെ പോകുന്നത്. സ്വന്തം മണ്ഡലത്തിലല്ലാത്തവർക്ക് മറ്റു മണ്ഡലങ്ങളിൽനിന്നു വോട്ട് ചെയ്യുന്നതിന്റെ സാധ്യതയും കമ്മിഷൻ തേടിയിരുന്നു. ഇക്കാര്യത്തിൽ പാർട്ടികൾ തമ്മിൽ അഭിപ്രായസമന്വയമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.