പിണറായി ചെന്നൈയിൽ, സ്റ്റാലിൻ വിളിച്ച യോഗം ഇന്ന്; വീടുകൾക്കു മുന്നിൽ കരിങ്കൊടി വീശാൻ ബിജെപി

Mail This Article
ചെന്നൈ ∙ ജനസംഖ്യാടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡല പുനർനിർണയം നടത്തുന്നതിനെതിരെ തമിഴ്നാട് ആരംഭിച്ച പ്രതിഷേധം ദേശീയ പ്രസ്ഥാനമായി വളർന്നെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു. സംയുക്ത കർമ സമിതി (ജെഎസി) രൂപീകരിക്കാൻ ഇന്നു നടക്കുന്ന യോഗത്തിൽ സഹകരിക്കുന്ന കേരളം, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡീഷ, ബംഗാൾ, പഞ്ചാബ് നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്ത അദ്ദേഹം ലക്ഷ്യം കൈവരിക്കുമെന്നും കൂട്ടിച്ചേർത്തു.
മണ്ഡല പുനർ നിർണയം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ച് ഗിണ്ടിയിലെ ഹോട്ടലിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി ഇന്ന് വിശദീകരിക്കും. പിണറായി വിജയൻ വ്യാഴാഴ്ച രാത്രി തന്നെ ചെന്നൈയിലെത്തി. തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാർ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ബിജു ജനതാദൾ (ബിജെഡി) നേതാവ് നവീൻ പട്‌നായിക്, വൈഎസ്ആർ കോൺഗ്രസിന്റെ മിഥുൻ റെഡ്ഡി എന്നിവരും നഗരത്തിലെത്തി. ആന്ധ്ര എൻഡിഎ അംഗമായ ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ജനസേന പാർട്ടി പ്രതിനിധിയും യോഗത്തിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണി എംപി, ആർഎസ്പി നേതാവ് എൻ.കെ.പ്രേമചന്ദ്രൻ എംപി, മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ഫ്രാൻസിസ് ജോർജ് എംപി എന്നിവർ പങ്കെടുക്കും. ജനരോഷം തിരിച്ചുവിടാൻ ഡിഎംകെ നടത്തുന്ന നാടകമാണ് യോഗമെന്നു പറഞ്ഞ ബിജെപി അധ്യക്ഷൻ അണ്ണാമലൈ, പാർട്ടി പ്രവർത്തകർ വീടുകൾക്കു മുന്നിൽ കരിങ്കൊടി വീശി പ്രതിഷേധിക്കുമെന്നും അറിയിച്ചു.