ജുഡീഷ്യൽ നിയമന കമ്മിഷനുവേണ്ടി വീണ്ടും കേന്ദ്രം

Mail This Article
ന്യൂഡൽഹി ∙ ഹൈക്കോടതി ജഡ്ജിയുടെ സ്റ്റോർ മുറിയിൽ നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിനു പിന്നാലെ, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ (എൻജെഎസി) രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ സജീവമാക്കുന്നു. സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സംവിധാനത്തിനു പകരം എൻജെഎസി കൊണ്ടുവരാനാണ് കേന്ദ്ര സർക്കാർ താൽപര്യപ്പെടുന്നത്. 2015ൽ നിയമം പാസാക്കിയെങ്കിലും സുപ്രീം കോടതി റദ്ദാക്കിയതു സർക്കാരിനു തിരിച്ചടിയായിരുന്നു.
നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാജ്യസഭാധ്യക്ഷൻ ജഗദീപ് ധൻകർ മുൻകയ്യെടുത്തു തുടർച്ചയായി രണ്ടാംദിവസവും യോഗം വിളിച്ചത് ഈ ലക്ഷ്യത്തോടെയെന്നാണു സൂചന. ആദ്യദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയും പങ്കെടുത്ത യോഗത്തിൽ ധൻകർ എൻജെഎസി വിഷയം ഉന്നയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ വിവിധ കക്ഷിനേതാക്കളുടെ യോഗം വിളിച്ചത്.
എൻജെഎസിക്കു വേണ്ടിയുള്ള ചർച്ച മുന്നോട്ടുകൊണ്ടുപോകാനാണു ബിജെപി തീരുമാനം. ഇതിനായി നഡ്ഡ വിവിധ പാർട്ടികളുമായി ആശയവിനിമയം തുടരുമെന്നും യോഗത്തിൽ വ്യക്തമാക്കി. ഇക്കാര്യത്തിൽ വീണ്ടും സർവകക്ഷിയോഗം വിളിക്കാനും ബിജെപി താൽപര്യപ്പെടുന്നുവെന്നാണ് സൂചന.
എന്നാൽ, എൻജെഎസി വന്നാലും സുതാര്യത എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യമാണു പ്രതിപക്ഷപാർട്ടികൾ ഉയർത്തുന്നത്. തിരഞ്ഞെടുപ്പു കമ്മിഷനിലെ നിയമനത്തെക്കുറിച്ചുയർന്ന ആരോപണങ്ങളും അവർ ഉന്നയിക്കുന്നു.
2015 ഏപ്രിലിലാണ് എൻഡിഎ സർക്കാർ ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ ആക്ടും 99–ാം ഭരണഘടനാ ഭേദഗതിയും പാർലമെന്റിൽ പാസാക്കിയത്. 2015 ഒക്ടോബറിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇവ റദ്ദാക്കി. 2018 ഡിസംബറിൽ പുനഃപരിശോധനാഹർജിയും തള്ളി.