ADVERTISEMENT

ചേമ്പിലയിലൊഴിച്ച വെള്ളം പോലെയാണു മാവേലിക്കര മണ്ഡലം. ഓരോ തവണ പുനർന‍ിർണയം നടത്തുമ്പോഴും രൂപം മാറും. 1951 ൽ, ആദ്യ പൊതുതിരഞ്ഞെടുപ്പിൽ കൊല്ലം – മാവേലിക്കര എന്ന പേരിലായിരുന്നു. ഇന്നത്തെ മാവേലിക്കര മണ്ഡലത്തിന്റെ പ്രത്യേകതകളൊന്നുമില്ലാത്ത ഭൂപ്രകൃതി. അടുത്ത തിരഞ്ഞെടുപ്പിൽ ചേമ്പിലയിൽ നിന്നു വെള്ളം ഊർന്നു പോയതുപോലെ മാവേലിക്കര മണ്ഡലം തന്നെ ഇല്ലാതായി.

1962 ൽ ആദ്യമായി മാവേലിക്കര എന്ന പേരിൽ മണ്ഡലം രൂപംകൊണ്ടു. 1967 ൽ തിരുവല്ല മണ്ഡലം ഇല്ലാതായപ്പോൾ മാവേലിക്കരയുടെ രൂപം വീണ്ടും മാറി. പിന്നെ വലിയ മാറ്റമുണ്ടായത്, 2008 ലെ പുനർനിർണയത്തിലാണ്. അന്ന്, സംവരണ മണ്ഡലമായ അടൂർ ഇല്ലാതായി. അടൂരിന്റെ ഒരുഭാഗം കൂടി ചേർന്നു മാവേലിക്കര സംവരണ മണ്ഡലമായി. അതുവരെ മാവേലിക്കരയുടെ രാഷ്ട്രീയം നിശ്ചയിച്ചിരുന്ന പല നിയമസഭാ മണ്ഡലങ്ങളും പത്തനംതിട്ടയിൽ ചേർന്നു.

നാനാത്വത്തിൽ ഏകത്വം

വലിയ കുളങ്ങൾക്കിടയിൽ നീർച്ചാല് വെട്ടിയതുപോലെയാണ് ഇപ്പോൾ മാവേലിക്കര മണ്ഡലത്തിന്റെ രൂപം. ജില്ലകളുടെ പേരിൽത്തന്നെയുള്ള ‌കൊല്ലം, ആലപ്പുഴ, കോട്ടയം മണ്ഡലങ്ങൾ രൂപം കൊണ്ടപ്പോൾ ബാക്കിവന്ന നിയമസഭാ മണ്ഡലങ്ങൾ ചേർത്താണു മാവേലിക്കരയുടെ സൃഷ്ടി. 3 ജില്ലകളിലൂടെ, പല ഭൂപ്രകൃതികളിലൂടെ, വ്യത്യസ്ത തൊഴിൽ വിഭാഗങ്ങളിലൂടെ, സംസ്കാരങ്ങളിലൂടെ, ജാതിമത ഭേദങ്ങളിലൂടെ മണ്ഡലം വ്യാപിക്കുന്നു. നാനാത്വത്തിൽ ഏകത്വം ശരിക്കു കാണണമെങ്കിൽ മാവേലിക്കര മണ്ഡലത്തിലെ എംപിയായാൽ മതി. അത് ആരാകുമെന്നാണ് ചോദ്യം.

തെക്ക് കൊല്ലം നഗരത്തിന്റെ അതിർത്തിയിൽ മൺറോതുരുത്തു വരെയാണു മാവേലിക്കരയുടെ അതിര്. കിഴക്കു സഹ്യപർവതത്തിന്റെ താഴ്‍വാരം വരെയും. ഓണാട്ടുകരയും കുട്ടനാടും അപ്പർ കുട്ടനാടും ഉൾപ്പെടുന്ന കാർഷിക മേഖലകൾ ഏതാണ്ടു പൂർണമായി മാവേലിക്കരയുടെ ഭാഗമാണ്. റബറും കയറും കശുവണ്ടിയും കുട്ടനാടൻ കരിമീനും താറാവും ഓണാട്ടുകര എള്ളും മഞ്ഞളും മാവേലിക്കര മണ്ഡലത്തിന്റെ മനസ്സാണ്. എൻഎസ്‌എസ് ആസ്‌ഥാനമായ പെരുന്നയും ശബരിമല തന്ത്രിമാരുടെ കുടുംബം സ്ഥിതി ചെയ്യുന്ന, ശബരിമലയുടെ കവാടം എന്നറിയപ്പെടുന്ന ചെങ്ങന്നൂരും മാവേലിക്കരയിലാണ്. 

പതിറ്റാണ്ടിന്റെ ചരിത്രം

മണ്ഡല പുനർനിർണയത്തിനു ശേഷം, 2009 ൽ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ 7 നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചും യുഡിഎഫിനൊപ്പമായിരുന്നു. അത്തവണ യുഡിഎഫിന്റെ കൊടിക്കുന്നിൽ സുരേഷ് അരലക്ഷത്തോളം വോട്ടിനു വിജയിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ 4 നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പമായിട്ടും മുപ്പതിനായിരത്തിലധികം വോട്ടിന് കൊടിക്കുന്നിൽ വിജയമാവർത്തിച്ചു. ഇത്തവണ ഏഴിൽ ആറു നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്. എന്നാൽ, ഇതു യുഡിഎഫിന്റെ ആത്മവിശ്വാസത്തെ ബാധ‍ിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് അവർ പറയുന്നു. എൽഡിഎഫിന് കൂടുതൽ ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ ഈ ഭൂരിപക്ഷം തുണയാകുന്നുമുണ്ട്. 

കൊടിക്കുന്നിൽ, ചിറ്റയം, തഴവ

കൊടിക്കുന്നിൽ, ചിറ്റയം, തഴവ എന്നീ സ്ഥലനാമങ്ങൾ മാവേലിക്കര മണ്ഡലത്തിൽ 3 മുന്നണികളുടെ വിളിപ്പേരുകൾ കൂടിയാണിപ്പോൾ. മാവേലിക്കരയ്ക്കു മുൻപ് സംവരണമണ്ഡലമായിരുന്ന അടൂരിൽ കൊടിക്കുന്നിൽ സുരേഷ് 6 തവണയാണു യുഡി‍എഫിനു വേണ്ടി കൊടിപിടിച്ചത്. അതിൽ 4 തവണ ആ കൊടി പാർലമെന്റിൽ പാറി. അടൂർ മണ്ഡലം മാവേലിക്കരയിൽ വിലയംപ്രാപിച്ചപ്പോൾ യുഡിഎഫിനു മറ്റൊരു സ്ഥാനാർഥിയെ ചിന്തിക്കേണ്ടി വന്നിട്ടില്ല. തുടർച്ചയായി 2 തവണ മാവേലിക്കരയെ ഡൽഹിയിൽ പ്രതിനിധീകരിച്ച കൊടിക്കുന്നിൽ ഇത്തവണ ഹാട്രിക്കിനുള്ള പരിശ്രമത്തിലാണ്.

ചിറ്റയം ഗോപകുമാർ ഏറെക്കാലം സിപിഐയുടെ ഡമ്മി സ്ഥാനാർഥിയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ 7 തിരഞ്ഞെടുപ്പുകളിലാണു ചിറ്റയം ഡമ്മിയായത്. എന്നാൽ, ഡമ്മി മാത്രമല്ലെന്ന് അദ്ദേഹം അടൂരിൽ തെളിയിച്ചു. 2011 ൽ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ പന്തളം സുധാകരനെതിരെ ആയിരത്തിൽ താഴെ വോട്ടുകൾക്കു ജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പ് ആയപ്പോൾ ഭൂരിപക്ഷം ഇരുപത്തയ്യായിരത്തിലധികമായി. ചിറ്റയത്തെ മാവേലിക്കരയിലേക്കു നിയോഗിക്കാൻ സിപിഐ തയാറായത് ഈ പിന്തുണയുടെ ബലത്തിലാണ്.

ദീർഘകാലം കെഎസ്ആർടിസി ജീവനക്കാരനായിരുന്നു തഴവ സഹദേവൻ. നാടകത്തിലും സിനിമയിലും സീരിയലിലുമായി ഒട്ടേറെ വേഷപ്പകർച്ചകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് തിരഞ്ഞെടുപ്പു കളരിയിലേക്കു കയറിയത്. കുന്നത്തൂർ മണ്ഡലത്തിൽ ഇരുപതിനായിരത്തിലധികം വോട്ട് നേടി. കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടു നേടിയ ബിഡിജെഎസ് സ്ഥാനാർഥി. ആ മികവാണ് മാവേലിക്കര മണ്ഡലം ബിഡിജെഎസിനു കിട്ടിയപ്പോൾ തഴവയിലേക്ക‍ു നോക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

English summary: Mavelikkara loksabha election 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com