ടോമിൻ ജെ. തച്ചങ്കരി ഡിജിപി

Mail This Article
തിരുവനന്തപുരം∙ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരിക്കു ഡിജിപി ആയി സ്ഥാനക്കയറ്റം നൽകി സർക്കാർ ഉത്തരവ് ഇറക്കി. ക്രൈംബ്രാഞ്ച് മേധാവിയുടേത് അഡീഷനൽ ഡിജിപി പദവി ആയതിനാൽ അദ്ദേഹത്തെ വൈകാതെ മറ്റൊരു പദവിയിൽ നിയമിക്കും .
റോഡ് സുരക്ഷാ കമ്മിഷണർ എൻ.ശങ്കർ റെഡ്ഡി 31നു വിരമിച്ച ഒഴിവിലാണു 1987 ബാച്ചുകാരനായ തച്ചങ്കരിക്കു സ്ഥാനക്കയറ്റം. ഇതേ ബാച്ചുകാരനായ അരുൺകുമാർ സിൻഹയ്ക്കും ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹം കേന്ദ്രത്തിൽ ഇപ്പോൾ എസ്പിജി ഡയറക്ടറായി പ്രവർത്തിക്കുകയാണ്.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉൾപ്പെടെ നാലു ഡിജിപിമാരാണ് സംസ്ഥാനത്തുള്ളത്. ഋഷിരാജ് സിങ്,ആർ.ശ്രീലേഖ എന്നിവരാണു മറ്റു ഡിജിപിമാർ. തച്ചങ്കരിക്കു 3 വർഷത്തെ സർവീസ് കൂടിയുണ്ട്. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലെ പൊലീസ് മേധാവി ആയിരുന്നു.
കണ്ണൂർ റേഞ്ച് ഐജി, പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് എഡിജിപി, കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറും, ട്രാൻസ്‌പോർട്ട് കമ്മിഷണർ, ഫയർ ഫോഴ്സ് മേധാവി തുടങ്ങിയ തസ്തികകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
English summary: Tomin J. Thachankary promoted