കാവ്യസരോജിനി!

Mail This Article
സരോജിനി എന്ന തൂലികാനാമത്തിൽ കവിതയെഴുതി കുട്ടിക്കൃഷ്ണമാരാരെ പറ്റിച്ച കഥ അക്കിത്തം പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. തേഡ് ഫോറത്തിൽ പഠിക്കുന്ന കാലത്തു മാരാർക്ക് അക്കിത്തം അയച്ച കവിതകളിൽ ഒരെണ്ണം പ്രസിദ്ധപ്പെടുത്തിയെങ്കിലും പിന്നീട് അയച്ചതൊന്നും വെളിച്ചം കണ്ടില്ല. അപ്പോഴാണ് ഒരു സുഹൃത്തിന്റെ ഉപദേശം– ‘പെണ്ണുങ്ങളുടെ പേരു വച്ച് അയയ്ക്കൂ. നല്ല പ്രോത്സാഹനം കിട്ടും.’ സംസ്കൃതത്തിൽനിന്ന് ഒരു കവിത തർജമ ചെയ്തു കെ.എസ്. സരോജിനി എന്ന പേരിൽ മാരാർക്ക് അയച്ചു. കവിത പ്രസിദ്ധീകരിക്കപ്പെട്ടു.
കെ.എസ്. സരോജിനി ആരാണെന്നു ശൂലപാണി വാരിയരോടും മറ്റും മാരാർ തിരക്കിയിരുന്നതായി പിന്നീട് അക്കിത്തം അറിഞ്ഞു. സത്യം വെളിപ്പെടുത്തണമെന്നു പലകുറി ചിന്തിച്ചെങ്കിലും അതിനു ധൈര്യം കിട്ടിയില്ല. മാരാരുടെ മരണശേഷമാണ് ഇക്കാര്യം കവി വെളിപ്പെടുത്തിയത്.
അക്കിത്തത്തിന്റെ ഇരുപത്തിരണ്ട് ശ്ലോകം വായിച്ച് ഒരു ശ്ലോകത്തിൽ കവിതയുണ്ട് എന്നു പിശുക്കി പ്രശംസിച്ചയാളാണു മാരാർ. അക്കിത്തത്തിന്റെ ആദ്യ കവിതാ സമാഹാരം പുറത്തിറങ്ങിയ കഥ രസകരമാണ്. 1944ലാണു സംഭവം. പേരൊന്നുമിടാതെ 10 കവിതകൾ തുന്നിക്കെട്ടി തൃശൂരിലെ മംഗളോദയം പ്രസ്സിലേക്ക് അയയ്ക്കുകയായിരുന്നു.
ഏറെ കാത്തിരുന്നിട്ടും മറുപടിയൊന്നും വന്നില്ല. ഇക്കഥയൊക്കെ മറന്നു യോഗക്ഷേമ സഭ വാർഷികത്തിനു തൃശൂരിൽ ചെല്ലുമ്പോൾ ബുക്ക് സ്റ്റാളിൽ ഒരു കവിതാ സമാഹാരം: ‘വീരവാദം – അക്കിത്തം അച്യുതൻ നമ്പൂതിരി.’ അമ്പരപ്പോടെ പുസ്തകമെടുത്ത് എട്ടണ വില കൊടുത്തു വാങ്ങി. മംഗളോദയത്തിലുണ്ടായിരുന്ന ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയാണു പുസ്തകത്തിനു പേരിട്ടതെന്നു പിന്നീടാണറിഞ്ഞത്.
വെറ്റിലമുറുക്കു ശീലം കവിതയെഴുത്തുമായി ബന്ധപ്പെടുത്തുന്നുണ്ടു കവി. വരികൾ മനസ്സിൽ വഴിമുട്ടുമ്പോൾ, എഴുതിയും മാറ്റിയെഴുതിയും മുഷിയുമ്പോൾ ഒന്നു മുറുക്കും.
ഒരുനാൾ, അക്കിത്തത്തിന്റെ വെറ്റിലമുറുക്കു ശീലത്തെക്കുറിച്ച് ആരോ എന്തോ പറഞ്ഞപ്പോൾ വൈലോപ്പിള്ളി ചിരിച്ചുകൊണ്ടു പറഞ്ഞു: ‘മുറുക്കിക്കോട്ടെ... അക്കിത്തത്തിനു മാത്രമല്ല, ആ കവിതകൾക്കുമുണ്ട് മുറുക്കും തുടുപ്പും.’
ആകാശവാണിക്കു വേണ്ടി ഗാന്ധിമാർഗം പരിപാടി ഒരുക്കിയ അക്കിത്തം അതിനായി ഗാന്ധിസാഹിത്യം മുഴുവൻ വായിച്ചു. ഗാന്ധിയുടെ അന്ത്യനിമിഷങ്ങളെ അവലംബിച്ച് ‘ധർമസുര്യൻ‘ എന്ന രാഷ്ട്രീയമാനമുള്ള കാവ്യവും രചിച്ചു.
കവി ആരുടെ പക്ഷത്താണെന്ന ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. ചോദിച്ചാൽ ‘ഞാനൊരു രാജ്യസ്‌നേഹിയായ ഭാരതീയനാണ്’ എന്നാണു രാഷ്‌ട്രീയ നിലപാടിനെക്കുറിച്ച് അക്കിത്തം അവസാനം വരെ പറഞ്ഞിരുന്നത്.
Content Highlight: Akkitham Achuthan Namboothiri