അച്ഛന്റെ ‘ഐക്യമുന്നണി’ വിട്ട പൊന്നൻ!

Mail This Article
സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവുമെല്ലാമായി മുന്നണികൾ തിരക്കുകൂട്ടുമ്പോൾ ‘ഐക്യ മുന്നണി’ക്ക് ഒരു ടെൻഷനുമില്ല! ചേർത്തല വെട്ടയ്ക്കൽ വയൽച്ചിറ വീട്ടിലെ പൊന്നന് (60) അച്ഛൻ ഇട്ട പേരാണ് ഐക്യമുന്നണി.
കൂട്ടുകാരിൽ ചിലർ പേരിനെ ചൊല്ലി കളിയാക്കിയതോടെ 20–ാം വയസ്സിൽ ഔദ്യോഗികമായി പേരുമാറ്റി. ബാർബറായ പൊന്നൻ ‘ഐക്യ മുന്നണി വിട്ടെങ്കിലും’ നാട്ടുകാരിൽ ചിലർ ഇപ്പോഴും ഐക്യമുന്നണിയെന്നും മുന്നണിയെന്നുമൊക്കെ വിളിക്കും.
വയലാറിലെ കമ്യൂണിസ്റ്റ് കുടുംബാംഗമായിരുന്നു പൊന്നന്റെ അച്ഛൻ സി.പി.അപ്പി. പാർട്ടിയിൽ എന്തോ പ്രശ്നങ്ങൾ നടക്കുമ്പോഴാണ് തന്റെ ജനനം എന്നു പൊന്നൻ പറഞ്ഞു. ഐക്യം ആഗ്രഹിച്ചിരുന്ന അച്ഛൻ മകന് ഐക്യമുന്നണി എന്നു പേരിട്ടു. സ്കൂളിൽ ചേർത്തപ്പോഴും ഇതേ പേര് തന്നെ.പേരു മാറ്റിയെങ്കിലും പൊന്നൻ മുടി വെട്ടിക്കഴിയുമ്പോൾ ചിലർ ഇപ്പോഴും ആവേശത്തോടെ വിളിക്കും, ഐക്യമുന്നണി സിന്ദാബാദ്!