മദ്യം വീട്ടിലെത്തിക്കൽ: ബവ്കോ എംഡിക്കും മന്ത്രിക്കും വിഭിന്ന നിലപാട്

Mail This Article
തിരുവനന്തപുരം ∙ ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കു മദ്യം വീട്ടിൽ എത്തിക്കുന്ന കാര്യത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണനും ബവ്റിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്തയും വിഭിന്ന നിലപാടിൽ. ഹോം ഡെലിവറി അടുത്തയാഴ്ച തുടങ്ങാനായിരുന്നു ബവ്കോ തീരുമാനം. എന്നാൽ ഇങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നു മന്ത്രി പറഞ്ഞു. മദ്യം വീട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി ബവ്കോ മുന്നോട്ടുപോവുകയാണ്. ആദ്യഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കാനാണു ധാരണ. വിശദ റിപ്പോർട്ട് ഈ ആഴ്ച തന്നെ സർക്കാരിനു കൈമാറിയേക്കും.
ആവശ്യക്കാർക്കു മദ്യം ബവ്കോ തന്നെ വീട്ടിലെത്തിക്കണോ സ്വകാര്യ കമ്പനികളെ എൽപിക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാനുണ്ട്. പ്രീമിയം ബ്രാൻഡുകളായിരിക്കും ആദ്യഘട്ടത്തിൽ ഹോം ഡെലിവറിയിൽ ഉൾപ്പെടുത്തുക. ഹോം ഡെലിവറിക്കു പ്രത്യേക സർവീസ് ചാർജ് നൽകണം. ഹോം ഡെലിവറി വന്നാൽ ബവ്ക്യൂവിനു സമാനമായ ആപ് കൊണ്ടു വരുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ഹോം ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സർക്കാരിന്റെ നിലപാടു കൂടി അനുസരിച്ചായിരിക്കുമെന്ന് എംഡി യോഗേഷ് ഗുപ്ത പറഞ്ഞു.
എന്നാൽ മദ്യം വീട്ടിലെത്തിക്കുന്ന കാര്യത്തിൽ നയതീരുമാനം ഉണ്ടാകേണ്ടതുണ്ടെന്നു മന്ത്രി രാമകൃഷ്ണൻ പറഞ്ഞു. തിരഞ്ഞെടുപ്പു ഫലം വരാൻ 4 ദിവസം മാത്രമുള്ളപ്പോൾ ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകാൻ സാധ്യതയില്ലെന്ന് എക്സൈസ് വകുപ്പും വ്യക്തമാക്കി. യോഗേഷ് ഗുപ്തയുടെ ചില തീരുമാനങ്ങളോടു മന്ത്രിക്കു മുൻപും അതൃപ്തി ഉണ്ടായിരുന്നു.
Content Highlights: Bevco home delivery