ADVERTISEMENT

കൊച്ചി ∙ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സയ്ക്ക് സർക്കാർ നിശ്ചയിച്ച പ്രതിദിനനിരക്കിൽ ചെലവേറിയ മരുന്നുകളുടെയും പരിശോധനകളുടെയും തുക ഉൾപ്പെടില്ല. ‌സിടി സ്കാൻ, ചെസ്റ്റ്/എച്ച്ആർസിടി ചെസ്റ്റ് പരിശോധന, പിപിഇ കിറ്റിന്റെ വില, റെംഡെസിവർ, ടോസ്‌ലിസുമാബ് (Tocilizumab) തുടങ്ങിയ മരുന്നുകളുടെ വില എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. ഇവയ്ക്ക് നിർമാണക്കമ്പനി നിശ്ചയിച്ച പരമാവധി വിലയേക്കാൾ (എംആർപി) കൂടുതൽ ഈടാക്കരുത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പൊതുതാൽപര്യത്തെക്കരുതി മരുന്നുകളുടെയോ ടെസ്റ്റുകളുടെയോ ബന്ധപ്പെട്ട മറ്റ് വസ്തുക്കളുടെയോ നിരക്ക് വിജ്ഞാപനം ചെയ്താൽ അതായിരിക്കണം ഈടാക്കേണ്ടത്.  

ആർടിപിസിആർ ടെസ്റ്റ് നിരക്ക് 500 രൂപയായി തുടരും. മറ്റു കോവിഡ് ടെസ്റ്റുകളായ എക്സ്പേർട് നാറ്റ്, ട്രൂ നാറ്റ്, ആർടി–ലാം, റാപിഡ് ആന്റിജൻ എന്നിവ നേരത്തേയുള്ള സർക്കാർ ഉത്തരവ് പ്രകാരം തുടരും. പിപിഇ, സ്രവ പരിശോധന നിരക്ക് ഉൾപ്പെടെ ടെസ്റ്റുമായി ബന്ധമുള്ളവ അടക്കമാണിത്.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട നിരക്ക്, മരുന്നുകളുടെ വില, ഡോക്ടറുടെയും നഴ്സുമാരുടെയും ചാർജുകൾ, അനുബന്ധ വസ്തുക്കൾ തുടങ്ങിയവ സ്വകാര്യ ആശുപത്രികൾ പ്രസിദ്ധപ്പെടുത്തണം. ഇത് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് സെക്രട്ടറി നിരീക്ഷിക്കും.

ചികിത്സാ നിരക്ക് പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ ആശുപത്രിക്കുള്ളിൽ പ്രദർശിപ്പിക്കണം. കൂടാതെ, ആശുപത്രികളുടെ വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്ന, ചികിത്സാ നിരക്ക് കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് (കെഎസ്‌സിസിഇ) വെബ്സൈറ്റുമായി ലിങ്ക് ചെയ്യണം.

അധിക നിരക്ക് ഈടാക്കുന്ന ആശുപത്രികൾ സംബന്ധിച്ച പരാതികൾ സ്വീകരിക്കാൻ പരാതി പരിഹാര ഓഫിസറായി ജില്ലാ മെഡിക്കൽ ഓഫിസറെ ചുമതലപ്പെടുത്തി. പരാതി സ്വീകരിക്കുന്ന നമ്പറുകളും ഡിഎംഒ (ഹെൽത്ത്) ഉടൻ പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടർമാർ, ഡിഎംഒമാർ എന്നിവർ സർക്കാർ നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com