സ്നേഹാദരങ്ങൾ ഈണമിട്ട് ചിത്ര; ബാവായ്ക്ക് സംഗീതാഞ്ജലി

Mail This Article
കോട്ടയം ∙ ‘നിൻ ദാനം ഞാൻ അനുഭവിച്ചു, നിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞു...’ മനം നിറഞ്ഞ് കെ.എസ്. ചിത്ര പാടി. അത് സ്നേഹാദരങ്ങൾ ഈണമിട്ട സംഗീതാഞ്ജലിയായി.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ ദേവലോകത്തെ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത് എത്തിയതായിരുന്നു ഗായിക ചിത്രയും ഭർത്താവ് വിജയ് ശങ്കറും. പരിശുദ്ധ ബാവാ രോഗാവസ്ഥയിൽ പരുമല ആശുപത്രിയിൽ കഴിയുമ്പോഴും ചിത്ര കാണാനെത്തിയിരുന്നു. അന്ന് ‘സൗഖ്യദായകനാം യേശുവേ’ എന്ന പ്രാർഥനാഗാനം ബാവായ്ക്കു വേണ്ടി ആലപിച്ചു. തിരുമേനിയെ കാണാൻ ഇനിയും വരാം എന്നു പറഞ്ഞാണ് അന്നു മടങ്ങിയത്. ഇന്നലെ ഇക്കാര്യം അനുസ്മരിച്ച് ചിത്ര വിങ്ങിപ്പൊട്ടി.
സഭാ ആസ്ഥാനത്ത് ഒന്നര മണിക്കൂറോളം ചെലവഴിച്ച ചിത്ര കാതോലിക്കാ ബാവായുടെ കബറിടത്തിൽ പ്രാർഥിച്ചു. ‘സ്നേഹവചനം’ രേഖപ്പെടുത്തിയ ഫലകം കബറിടത്തിൽ സമർപ്പിച്ച ശേഷം പ്രാർഥനാ ഗാനവും ആലപിച്ചു. ബാവായുടെ 70–ാം ജന്മദിനത്തോടനുബന്ധിച്ച് കാൻസർ രോഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നതിന് ആരംഭിച്ച സ്നേഹസ്പർശം പദ്ധതിയുടെ ബ്രാൻഡ് അംബാസഡറാണ് ചിത്ര.
സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടനത്തിന് കാതോലിക്കാ ബാവായുടെ ക്ഷണം സ്വീകരിച്ച് മുമ്പ്‍ ഇവിടെ എത്തിയത് ചിത്ര ഓർമിച്ചു. പരുമല ആശുപത്രിയിലെ കീമോതെറപ്പി കേന്ദ്രത്തിനു ചിത്രയുടെ മകൾ നന്ദനയുടെ പേരാണിട്ടിരിക്കുന്നത്. എന്റെ മോളെ എക്കാലവും ഓർക്കുന്നതിന് അവസരം ഒരുക്കിയ വലിയ നന്മയുടെ പേരാണ് ബാവായെന്നും ചിത്ര പറഞ്ഞു.
ചിത്രയെയും വിജയ്ശങ്കറെയും കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. എം ഒ ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ ചേർന്നു സ്വീകരിച്ചു. ബാവായുടെ പേഴ്സനൽ സ്റ്റാഫിൽ ഉണ്ടായിരുന്ന സജി ജോസഫും കുടുംബവും ചിത്രയെ കാണാൻ എത്തിയിരുന്നു.
English Summary: KS Chithra pays tribute to Baselios Marthoma Paulose II