ഡോ. എം. ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്

Mail This Article
ന്യൂഡൽഹി∙ മലയാളത്തിന്റെ 'എഴുത്തമ്മ' ഡോ.എം.ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. അക്ഷരങ്ങളുടെ ലോകത്ത് അനശ്വരപ്രതിഷ്‌ഠ നേടിയവർക്ക് അക്കാദമി നൽകുന്ന പരമോന്നത ബഹുമതിയാണിത്. ഇംഗ്ലിഷ് സാഹിത്യകാരനായ റസ്കിൻ ബോണ്ട്, ശീർഷെന്ദു മുഖോപാധ്യായ (ബംഗാളി), വിനോദ് കുമാർ ശുക്ല (ഹിന്ദി), ബാലചന്ദ്ര നെമാഡേ (മറാഠി), ഡോ.തേജ്വന്ത് സിങ് ഗിൽ (പഞ്ചാബി), സ്വാമി രാംഭദ്രാചാര്യ (സംസ്കൃതം), ഇന്ദിര പാർഥസാരഥി (തമിഴ്) എന്നിവർക്കും ഫെലോഷിപ് ലഭിച്ചു.
കേന്ദ്ര ഫെലോഷിപ് നേടുന്ന ആറാമത്തെ മലയാളിയാണു ലീലാവതി. വൈക്കം മുഹമ്മദ് ബഷീർ (1969), തകഴി ശിവശങ്കരപ്പിള്ള (1988), ബാലാമണിയമ്മ (1994), കോവിലൻ (2005), എം.ടി. വാസുദേവൻ നായർ (2013) എന്നിവർക്കാണു നേരത്തേ ഈ ബഹുമതി ലഭിച്ചത്. മലയാള സാഹിത്യം ലോകത്തിനു പരിചയപ്പെടുത്തിയ പ്രഫ. ആർ.ഇ. ആഷറിന് 2007ൽ ഫെലോഷിപ് ലഭിച്ചിരുന്നു.
മലയാള നിരൂപണസാഹിത്യത്തിലെ ശ്രേഷ്ഠമായ സാന്നിധ്യമാണു ഡോ.എം.ലീലാവതി (94). തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ് പ്രിൻസിപ്പലായിരുന്നു. ‘ദേശീയ അംഗീകാരമല്ലേ? തീർച്ചയായും സന്തോഷമുണ്ട്. അഭിമാനവും’ – എം. ലീലാവതി പ്രതികരിച്ചു.
English Summary: Sahitya Akademi Fellowship for M Leelavathy