സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നു സൂചന നൽകി കാനം

Mail This Article
തിരുവനന്തപുരം∙ സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഈ സമ്മേളന ശേഷവും തുടരുമെന്ന വ്യക്തമായ സൂചന നൽകി കാനം രാജേന്ദ്രൻ. പാർട്ടി ഭരണഘടനാ പ്രകാരം സെക്രട്ടറി സ്ഥാനം ഒരാൾക്കു മൂന്നു തവണ വഹിക്കാമെന്ന്, സംസ്ഥാന സമ്മേളന ഒരുക്കങ്ങൾ വിശദീകരിക്കാൻ വിളിച്ച വാർത്താ സമ്മേളനത്തിൽ കാനം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയായി തുടരുമോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടക്കുമോ, ഇല്ലയോ എന്ന ആശങ്ക ഇല്ല. മത്സരത്തിന് ആരെങ്കിലും തയാറായാൽ നിലപാട് എന്തായിരിക്കും എന്ന ചോദ്യത്തിന്, വെള്ളം പൊങ്ങാൻ പോകുന്നുവെന്നു കേൾക്കുമ്പോഴേക്കും മുണ്ടു മടക്കിക്കുത്തേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. ‘പ്രമുഖരായ എല്ലാവരെയും സംസ്ഥാന സമ്മേളനത്തിലേക്കു വിളിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് നിർദേശിച്ചവരെയാണു പങ്കെടുപ്പിക്കുന്നതെന്നുമായിരുന്നു ആനി രാജയെ ക്ഷണിക്കാത്തതിനെക്കുറിച്ചുള്ള പ്രതികരണം. മാധ്യമങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിലും തങ്ങൾക്ക് അതിനു കഴിയില്ല.
പാർട്ടിയിൽ വിഭാഗീയത ഉണ്ട് എന്നു പാർട്ടി നേതൃത്വം പറഞ്ഞിട്ടില്ല. ജില്ലാ സമ്മേളനങ്ങളിൽ ചിലയിടത്തു മത്സരം നടന്നതു വിഭാഗീയത കൊണ്ടല്ല. ആഭ്യന്തര ജനാധിപത്യത്തിന്റെ ഭാഗമായാണ്. അതിനെ ഗ്രൂപ്പ് എന്നു ബ്രാൻഡ് ചെയ്യരുത്. എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുയർന്ന പരാതികൾ പുതിയ സംസ്ഥാന കൗൺസിൽ പരിഗണിക്കും. ജില്ലാ സമ്മേളനങ്ങളിൽ സർക്കാരിനെതിരെ വിമർശനമുണ്ടായെന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. താൻ പങ്കെടുത്ത 10 ജില്ലകളിലും വിമർശനം കേട്ടില്ല. ഒരാൾ നടത്തുന്ന പരാമർശം പാർട്ടിയുടെ അഭിപ്രായമായി മാധ്യമങ്ങൾ കൊടുക്കുന്നതു ശരിയല്ല. ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ സംഘടനയ്ക്കാകെ ഉണർവുണ്ടായോ എന്ന ചോദ്യത്തിന്, ഉണർവുണ്ടാക്കാൻ സമ്മേളന പ്രതിനിധികൾക്ക് ഉത്തേജക മരുന്നു കൊടുത്തിട്ടില്ലെന്നായിരുന്നു കാനത്തിന്റെ മറുപടി.
സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും’ എന്ന സെമിനാറിലേക്കു ക്ഷണിച്ചതു ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരെയാണ്. അതുകൊണ്ടാണു പിണറായി വിജയനും എം.കെ.സ്റ്റാലിനും പങ്കെടുക്കുന്നത്. നിർഭാഗ്യവശാൽ കോൺഗ്രസിനു ദക്ഷിണേന്ത്യയിൽ മുഖ്യമന്ത്രിമാർ ഇല്ല. തങ്ങൾ വിചാരിച്ചാൽ ഉണ്ടാക്കാനും കഴിയില്ലെന്നു കാനം പരിഹസിച്ചു.
ഹർത്താലിലെ അക്രമങ്ങൾ നേരിടുന്നതിൽ പൊലീസിനു വീഴ്ച പറ്റിയിട്ടില്ല. ഹെൽമറ്റ് തലയിൽ വച്ചു വന്നു കല്ലെറിയുന്ന ഒളിപ്പോരാണ് അക്രമികൾ നടത്തിയത്. അതിക്രമം കാണിച്ചവർക്കെതിരെ കേസെടുത്ത് നിയമത്തിനു മുൻപിലെത്തിക്കാൻ പൊലീസിനു കഴിഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് അടിയും വെടിയും ഉണ്ടായിരുന്നെങ്കിൽ പ്രതിപക്ഷം എന്തു പറയുമായിരുന്നു എന്നു കാനം ചോദിച്ചു.
English Summary: Kanam Rajendran on CPI secretaryship