സിവിക്കിന്റെ മുൻകൂർ ജാമ്യം റദ്ദാക്കി; 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണം

Mail This Article
കൊച്ചി ∙ പട്ടികവിഭാഗത്തിൽപെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ച കേസിൽ സിവിക് ചന്ദ്രനു കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഏഴു ദിവസത്തിനകം പ്രതി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി ചോദ്യം ചെയ്യലിനു വിധേയമാകണം. അറസ്റ്റ് ചെയ്താൽ പൊലീസ് അതേദിവസം സ്പെഷൽ കോടതിയിൽ ഹാജരാക്കണം. ജാമ്യാപേക്ഷ നൽകുന്ന പക്ഷം കോടതി വൈകാതെ തന്നെ പരിഗണിച്ചു തീർപ്പാക്കണമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചു. കീഴ്ക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാരും പരാതിക്കാരിയും നൽകിയ അപ്പീൽ അനുവദിച്ചാണു കോടതിയുടെ നടപടി.
2022 ഏപ്രിൽ 16നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിർന്നു എന്നാണു പരാതി. പരാതിക്കാരി പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞു കൊണ്ട് പ്രതി അതിക്രമത്തിനു മുതിർന്നു എന്നാണു പ്രോസിക്യൂഷൻ കേസ്. ആരോപിക്കപ്പെട്ട കുറ്റം പ്രഥമദൃഷ്ട്യാ ബാധകമല്ലെന്ന കീഴ്ക്കോടതി നിഗമനം ഹൈക്കോടതി റദ്ദാക്കി. ജാതി സമ്പ്രദായത്തിന് എതിരെ പോരാടുന്ന സിവിക് ചന്ദ്രൻ, പട്ടിക വിഭാഗക്കാരിയാണെന്ന് അറിഞ്ഞുകൊണ്ട് അതിജീവിതയെ ഉപദ്രവിച്ചുവെന്ന ആരോപണം വിശ്വസനീയമല്ലെന്നു സെഷൻസ് കോടതി അഭിപ്രായപ്പെട്ടിരുന്നു. ഹൈക്കോടതി ഈ നിഗമനം റദ്ദാക്കി.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നു പ്രതി വാദിച്ചെങ്കിലും ഈ കേസിൽ മുൻകൂർജാമ്യം നൽകാൻ അതു കാരണമല്ലെന്നു കോടതി പറഞ്ഞു. കൊയിലാണ്ടിയിൽ 2 വർഷം മുൻപു നടന്ന സാഹിത്യ ക്യാംപിൽ വച്ചു മറ്റൊരു യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ സിവിക് ചന്ദ്രനു കീഴ്ക്കോടതി നൽകിയ മുൻകൂർ ജാമ്യം ഹൈക്കോടതി ശരിവച്ചിരുന്നു. കോടതി ഉത്തരവ് ലഭിച്ചിട്ടില്ലെന്നും പ്രതിക്ക് കീഴടങ്ങാൻ 7 ദിവസം അനുവദിച്ചതായി വിവരം ലഭിച്ചെന്നും അതിനുശേഷം അറസ്റ്റ് ഉണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്.
English Summary: High Court cancels Civic Chandran's anticipatory bail in sexual assault case