പൊലീസിൽ കീഴടങ്ങിയ സിവിക്കിനു ജാമ്യം

Mail This Article
വടകര ∙ പട്ടികവിഭാഗത്തിൽപെട്ട എഴുത്തുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ ഇന്നലെ പൊലീസിൽ കീഴടങ്ങിയ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന് കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് ഇന്നലെ രാവിലെയാണ് സിവിക് ചന്ദ്രൻ വടകര ഡിവൈഎസ്പി ഓഫിസിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്കു ശേഷം കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കി.
സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം 20നാണ് ഹൈക്കോടതി റദ്ദാക്കിയത്. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങണമെന്നും അറസ്റ്റ് ചെയ്താൽ അന്നു തന്നെ കോടതിയിൽ ഹാജരാക്കുകയും ജാമ്യാപേക്ഷ ഉണ്ടെങ്കിൽ തീർപ്പാക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചാണ് സിവിക് ചന്ദ്രൻ ഇന്നലെ വടകര ഡിവൈഎസ്പി: ആർ.ഹരിപ്രസാദിന്റെ ഓഫിസിലെത്തി കീഴടങ്ങിയത്.
2022 ഏപ്രിൽ 14നു പുസ്തക പ്രകാശന ചടങ്ങിനെത്തിയ പ്രതി പിറ്റേന്നു രാവിലെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു മുതിർന്നു എന്നാണു പരാതി.
English Summary: Civic Chandran gets bail in sexual harassment case