മുഖ്യമന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടിസ് തള്ളി
Mail This Article
തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ മകളെക്കുറിച്ചു നിയമസഭയിൽ വസ്തുതാവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ. മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ അവകാശലംഘന നോട്ടിസ് തള്ളിയാണു സ്പീക്കറുടെ മറുപടി.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ തന്റെ മകൾ വീണ വിജയന്റെ മെന്ററാണെന്ന മാത്യുവിന്റെ ആരോപണം ശരിയല്ലെന്നും വീണയുടെ കമ്പനിയായ എക്സാലോജിക്കിന്റെ മെന്ററായാണു ജയ്ക് പ്രവർത്തിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം സ്വീകരിക്കുന്നുവെന്നും സ്പീക്കർ അറിയിച്ചു. ജൂണിലെ നിയമസഭാ സമ്മേളനത്തിൽ സ്വർണക്കടത്തിനെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടിസിൽ നടത്തിയ ചർച്ചയാണു അവകാശലംഘന നോട്ടിസിനു കാരണമായത്.
നോട്ടിസിനുള്ള മറുപടി ആരോപണം ശരിവയ്ക്കുന്നത്: മാത്യു കുഴൽനാടൻ
മൂവാറ്റുപുഴ∙ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ മെന്റർ ആയിരുന്നു ജെയ്ക് ബാലകുമാർ എന്നു മുഖ്യമന്ത്രി സമ്മതിച്ച സാഹചര്യത്തിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ പേര് എക്സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്നു നീക്കം ചെയ്തു എന്നു ബന്ധപ്പെട്ടവർ വിശദീകരിക്കണമെന്നു മാത്യു കുഴൽനാടൻ എംഎൽഎ. അവകാശലംഘന നോട്ടിസിനു മുഖ്യമന്ത്രി നൽകിയ മറുപടിയിൽ മകളുടെ കമ്പനിയുടെ മെന്റർ ആയിരുന്നു ജെയ്ക് ബാലകുമാർ എന്ന കാര്യം അംഗീകരിച്ചതിനാൽ ഇനി പരാതിയുമായി മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary: Jaik Balakumar not mentor of Veena Vijayan: Speaker