ഇന്ത്യയിലെ മാധ്യമങ്ങളുടെ മൗനം ഭയപ്പെടുത്തുന്നത്: റാണാ അയൂബ്

Mail This Article
തിരുവനന്തപുരം ∙ സ്വതന്ത്രമെന്നു കരുതിയിരുന്ന സിബിഐയും തിരഞ്ഞെടുപ്പു കമ്മിഷനും ഇഡിയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം ഭരണാധികാരികളുടെ തെറ്റുകൾ മറച്ചുവയ്ക്കാനും ചോദ്യം ചെയ്യുന്നവരെ ശത്രുക്കളായിക്കണ്ട് നേരിടുന്നതിനുമുള്ള ഉപകരണങ്ങളായെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ റാണാ അയൂബ്. ജനങ്ങളുടെ അവസാന ആശ്രയം മാധ്യമങ്ങളാണ്. എന്നാൽ, മാധ്യമ സ്വാതന്ത്ര്യ ഇൻഡക്സിൽ ഇന്ത്യ വളരെ പിന്നിലായെന്നും റാണ അയൂബ് പറഞ്ഞു. ഇ.സോമനാഥ് ഫ്രട്ടേണിറ്റിയും കേരള മീഡിയ അക്കാദമിയും ചേർന്നു സംഘടിപ്പിച്ച ‘ഇ.സോമനാഥ് സ്മൃതി’യുടെ ഭാഗമായി സ്മാരകപ്രഭാഷണം നടത്തുകയായിരുന്നു റാണാ അയൂബ്.
‘മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ദിവസേന അഴിമതിക്കഥകൾ പുറത്തുകൊണ്ടുവന്നിരുന്ന മാധ്യമങ്ങൾ കഴിഞ്ഞ എട്ടുവർഷമായി നിശ്ശബ്ദമാണ്. ആ മൗനം ഭയപ്പെടുത്തുന്നതാണ്. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന ദിവസം ഒരു ദേശീയ മാധ്യമത്തിലെ പ്രധാന വാർത്ത ഗൗതം അദാനി എല്ലാ ദിവസവും രാത്രി ഭാര്യയുമൊത്ത് ലൂഡോ കളിക്കുന്നു എന്നതായിരുന്നു. ആൾക്കൂട്ടക്കൊലകൾ വാർത്തയായിരുന്ന കാലം മാറി, അതു നിത്യേനയെന്നപോലെ നടക്കുന്ന സംഭവമായിരിക്കുന്നു. വായ്പ തിരിച്ചടയ്ക്കാനുള്ള ശമ്പളത്തിനു വേണ്ടിയുള്ള തൊഴിൽ അല്ല മാധ്യമ പ്രവർത്തനം. സമൂഹത്തിൽ എന്തെങ്കിലും ഗുണപരമായ മാറ്റം വരുത്താനുള്ള ജോലിയാണത്. അഴിമതിക്കാരോട് നേരെനിന്ന് കണ്ണുകളിൽ നോക്കി ചോദ്യം ചെയ്യുകയാണ് ഉത്തരവാദിത്തം’ – റാണ അയൂബ് പറഞ്ഞു.
മന്ത്രി എം.ബി.രാജേഷ് ‘ഇ.സോമനാഥ് സ്മൃതി’ ഉദ്ഘാടനം ചെയ്തു. ഫ്രട്ടേണിറ്റി ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, മലയാള മനോരമ ചീഫ് ഓഫ് ബ്യൂറോ ജോൺ മുണ്ടക്കയം, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ഫ്രട്ടേണിറ്റി സെക്രട്ടറി സുജിത് നായർ, ഡോ.എസ്.ആർ.സഞ്ജീവ് എന്നിവർ പ്രസംഗിച്ചു.
English Summary: E Somanath commemoration