ജയിലിലായതിനു തൊട്ടുപിന്നാലെ ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാർ വിൽപനയ്ക്ക്
Mail This Article
കണ്ണൂർ∙ കാപ്പ (ഗുണ്ടാനിയമം) ചുമത്തി അറസ്റ്റ് ചെയ്ത ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെയും കൂട്ടാളി ജിജോ തില്ലങ്കേരിയെയും പാർപ്പിച്ചതു സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്കിൽ. ഇന്നലെ പുലർച്ചെ 4 മണിയോടെയാണ് ഇരുവരെയും സെൻട്രൽ ജയിലിലെത്തിച്ചത്. കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന, അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള ഭാഗമാണു പത്താം നമ്പർ ബ്ലോക്ക്. മറ്റ് കാപ്പ തടവുകാരും ഇവിടെയുള്ളതിനാൽ, പ്രത്യേക നിരീക്ഷണവുമുണ്ടാകും. 6 മാസത്തേക്കാണു കരുതൽ തടങ്കൽ. കാപ്പ ബോർഡിൽ ഇരുവർക്കും അപ്പീൽ നൽകാൻ കഴിയും.
ഷുഹൈബ് വധക്കേസ് ഉൾപ്പെടെ 2 കൊലപാതകക്കേസുകളിലും ഒരു വധശ്രമക്കേസിലും പ്രതിയാണ് ആകാശ്. ബോംബ് സ്ഫോടനം, അടിപിടി, വധശ്രമം എന്നിങ്ങനെ 7 കേസുകൾ മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലും ബോംബ് സ്ഫോടനം, അടിപിടി, സമൂഹമാധ്യമംവഴി ഭീഷണിപ്പെടുത്തൽ എന്നിങ്ങനെ 4 കേസുകൾ മുഴക്കുന്ന് സ്റ്റേഷൻ പരിധിയിലുമാണ്. മുഴക്കുന്ന്, പേരാവൂർ, ഇരിട്ടി സ്റ്റേഷനുകളുടെ പരിധിയിലായി ലഹളയുണ്ടാക്കൽ, അടിപിടി, തടഞ്ഞുവയ്ക്കൽ, ആയുധമുപയോഗിച്ചു മുറിവേൽപിക്കൽ എന്നിവയുൾപ്പെടെ 10 കേസുകളിൽ ജിജോ തില്ലങ്കേരി പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
അക്രമരാഷ്ട്രീയത്തിൽ സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിൽ ഈ മാസം 15ന് ആകാശ് തില്ലങ്കേരി ഫെയ്സ്ബുക്കിൽ കുറിപ്പുകളിട്ടതു വിവാദമായതിനെ തുടർന്നാണു തിരക്കിട്ട പൊലീസ് നടപടികൾ. ഫെയ്സ്ബുക് കുറിപ്പുകളിൽ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ആകാശ്, ജിജോ, ജയപ്രകാശ് എന്നിവർക്കെതിരെ അന്നു വൈകിട്ടു തന്നെ മുഴക്കുന്ന് പൊലീസ് കേസെടുത്തു. 17ന് ജിജോയെയും ജയപ്രകാശിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ആകാശ് തില്ലങ്കേരി കോടതിയിൽ കീഴടങ്ങുകയും 3 പേർക്കും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായതോടെ ആകാശിനെ സിപിഎം പുറത്താക്കിയിരുന്നു.
ആകാശിന്റെ കാർ വിൽപനയ്ക്ക്
ഇരിട്ടി∙ കാപ്പ ചുമത്തപ്പെട്ടു സെൻട്രൽ ജയിലിലായതിനു തൊട്ടുപിറകെ, ആകാശ് തില്ലങ്കേരിയുടെ ഇന്നോവ കാർ വിൽപനയ്ക്കു വച്ചു. ഇന്നലെ രാവിലെ എട്ടോടെയാണ് ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക് പേജിൽ കാർ വിൽപനയ്ക്കു വച്ച പരസ്യം പ്രത്യക്ഷപ്പെട്ടത്. 7 ലക്ഷം രൂപയാണു വിലയിട്ടിരിക്കുന്നത്. ആകാശ് തില്ലങ്കേരി ജയിലിലായിരിക്കെ പ്രത്യക്ഷപ്പെട്ട ഫെയ്സ്ബുക് പേജിൽ ആരാണു പരസ്യമിട്ടതെന്നു വ്യക്തമായിട്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണമാണു കാർ വിൽക്കുന്നതെന്ന് ആകാശിന്റെ പിതാവ് വഞ്ഞേരി രവീന്ദ്രൻ ചില ഓൺലൈൻ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടുണ്ട്.
English Summary: Akash Thillankeri and jijo Thillankeri in Kannur Central Prison