ADVERTISEMENT

തിരുവനന്തപുരം ∙ കലിംഗ സർവകലാശാലയുടെ ബികോം കോഴ്സിനു കേരള സർവകലാശാലയുടെ അംഗീകാരം തേടിയെത്തിയ ആദ്യ അപേക്ഷകനും എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി നിഖിൽ തോമസ് തന്നെ. ആദ്യത്തെ അപേക്ഷകനെന്ന നിലയിൽ കലിംഗ സർവകലാശാല സാക്ഷ്യപ്പെടുത്തിയ സ്കീം, സിലബസ്, അവിടത്തെ വിദ്യാർഥിയെന്നു സ്ഥാപിക്കുന്ന മാർക്ക് ലിസ്റ്റ്, ടിസി, പ്രൊവിഷനൽ സർട്ടിഫിക്കറ്റ് എന്നിവയെല്ലാം സമർപ്പിക്കണം. ഇതെല്ലാം നിഖിൽ സർവകലാശാലയിൽ നൽകിയിട്ടുമുണ്ട്. 

ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെങ്കിൽ, കലിംഗ സർവകലാശാലയുടെ പേരിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനായി കേരളയിൽ നൽകിയ മുഴുവൻ രേഖകളും വ്യാജം. നിഖിലിന് ഒറ്റയ്ക്ക് ഇതിനൊക്കെ കഴിയുമോ എന്ന ചോദ്യമുന്നയിച്ച എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ വിരൽ ചൂണ്ടിയത് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയുടെ നേർക്കാണെങ്കിലും ഇത്രയും വലിയ ആസൂത്രണം നടത്താൻ നിഖിലിനു രാഷ്ട്രീയപിന്തുണ കൂടി ലഭിച്ചെന്നു കരുതേണ്ടിവരും. മുൻപു പഠിച്ചുതോറ്റ കോളജിലേക്കാണ്, ഇത്തരം രേഖകളുമായി വിജയിച്ചെന്ന പേരിൽ തൊട്ടടുത്തവർഷം പ്രവേശനത്തിനെത്തിയത്.

രണ്ടുമാസമെടുത്ത പ്രക്രിയയുടെ ഭാഗമായി 2022 ജനുവരി 14നാണു കേരള സർവകലാശാല നിഖിലിന്റെ അപേക്ഷയിൽ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്. കലിംഗയിൽനിന്നുള്ള സ്കീം, സിലബസ് എന്നിവയുടെ ഓരോ പേജും സാക്ഷ്യപ്പെടുത്തി ഹാജരാക്കി, അവിടുത്തെ വിദ്യാർഥിയെന്ന പേരിലാണ് അപേക്ഷിച്ചത്. മാർക്ക് ലിസ്റ്റ് ഉൾപ്പെടെ രേഖകളും നൽകി. കലിംഗ സർവകലാശാലയ്ക്കു കീഴിലെ ഒരു കോളജിന്റെ പേരിലുള്ള ടിസിയാണു നൽകിയത്. അപേക്ഷ കൊമേഴ്സിന്റെ ബോർഡ് ചെയർമാനാണു സർവകലാശാല ആദ്യം അയച്ചത്. 

ചെയർമാനും ഡീനും ശുപാർശ ചെയ്ത് അക്കാദമിക് കൗൺസിലിനു വിട്ടു. സിലബസ് ഒത്തുനോക്കി കേരളയിലെ ബികോമുമായി 70 ശതമാനമെങ്കിലും തുല്യതയുണ്ടെന്നു കണ്ടാണ് എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയത്. മുൻപ് ആരെങ്കിലും അപേക്ഷിച്ച്, കേരള അംഗീകരിച്ച കോഴ്സ് ആയിരുന്നെങ്കിൽ ഒറ്റദിവസം കൊണ്ടു നിഖിലിനു സർട്ടിഫിക്കറ്റ് ലഭിച്ചേനെ.

എലിജിബിലിറ്റി സർട്ടിഫിക്കറ്റ് നൽകുന്ന സർവകലാശാല, ഇതിനായി വിദ്യാർഥി ഹാജരാക്കിയ രേഖകളുടെ ആധികാരികത പരിശോധിക്കാറില്ല. ഉന്നതപഠനത്തിനു വേണ്ടിയോ ജോലിക്കു വേണ്ടിയോ ഈ സർട്ടിഫിക്കറ്റ് വിദ്യാർഥി ഹാജരാക്കുമ്പോൾ, കോളജ് അധികൃതർക്കോ, തൊഴിലുടമയ്ക്കോ സംശയം തോന്നിയാൽ മാത്രമേ രേഖകളിൽ അന്വേഷണം നടക്കാറുള്ളൂ.

സർട്ടിഫിക്കറ്റുകളിൽ ഹോളോഗ്രാം പരിഗണനയിൽ: മന്ത്രി

കൊല്ലം ∙ ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗുണനിലവാരം ഉറപ്പാക്കാൻ സർട്ടിഫിക്കറ്റുകളിൽ ഹോളോ ഗ്രാം പതിപ്പിക്കുന്നതു പരിഗണിക്കുമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. തെറ്റായ പ്രവണതകൾ സമൂഹത്തിലുണ്ട്. ഇതിനെതിരെ ശക്തമായ പ്രതിരോധം ആവശ്യമാണ്. ഓരോ സർട്ടിഫിക്കറ്റിനും പ്രത്യേക തിരിച്ചറിയൽ സംവിധാനമൊരുക്കുന്നത് വലിയ ചെലവുണ്ടാക്കും. എന്നാൽ ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം ഉറപ്പാക്കാൻ അത്തരം പ്രവർത്തനങ്ങൾ അനിവാര്യമാണ്. വ്യാജരേഖ ചമയ്ക്കുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഒന്നോ രണ്ടോ പേർ ചെയ്യുന്നതിനെ സാമാന്യവൽക്കരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

∙ ‘നിയമനടപടിക്കു സർവകലാശാല നിയമവിഭാഗത്തിനു നിർദേശം നൽകി. 2013ൽ പ്രവർത്തനമാരംഭിച്ച സ്വകാര്യ സർവകലാശാലയാണു കലിംഗ. ഇപ്പോൾ 7,000ൽ ഏറെ വിദ്യാർഥികൾ പഠിക്കുന്നു. കേരള സർവകലാശാല ആവശ്യപ്പെട്ടാൽ വിവരങ്ങൾ നൽകും.’ – സന്ദീപ് ഗാന്ധി (റജിസ്ട്രാർ, കലിംഗ യൂണിവേഴ്സിറ്റി)

English Summary: Nikhil Thomas submits fake documents in the name of kalinga university

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com