ട്രൈബ്യൂണൽ ഇടപെട്ടു: പൊതുസ്ഥലംമാറ്റത്തിന് സഹകരണ വകുപ്പിൽ നടപടി
Mail This Article
തിരുവനന്തപുരം ∙ സഹകരണ വകുപ്പിൽ പൊതുസ്ഥലംമാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു. പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി എല്ലാ ജീവനക്കാരുടെയും വിവരങ്ങൾ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യാൻ നിർദേശമുണ്ട്. ഓരോ ജീവനക്കാരും വിവരങ്ങളിൽ കൃത്യത വരുത്തണമെന്നു അഡീഷനൽ റജിസ്ട്രാർ എം.ജി.പ്രമീള നിർദേശിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണു നടപടി.
സഹകരണ വകുപ്പിൽ ഓൺലൈൻ വഴി സ്ഥലംമാറ്റം നടപ്പാക്കാത്തത് കേരള സ്റ്റേറ്റ് കോ–ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ ട്രൈബ്യൂണലിൽ ചോദ്യംചെയ്തിരുന്നു. എല്ലാ വകുപ്പുകളിലെയും പൊതുസ്ഥലംമാറ്റം ഓൺലൈൻ വഴിയാക്കാൻ 2017 ഫെബ്രുവരി 25നാണു സർക്കാർ ഉത്തരവു പുറപ്പെടുവിച്ചത്. എന്നാൽ സഹകരണ വകുപ്പ് നടപടികൾ സ്വീകരിച്ചില്ല. മറ്റെല്ലാ വകുപ്പുകളിലും നടപ്പാക്കാമെങ്കിൽ സഹകരണം മാത്രം മുഖം തിരിക്കുന്നത് എന്തിനാണെന്നായിരുന്നു ട്രൈബ്യൂണലിന്റെ ചോദ്യം.