ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

തിരുവനന്തപുരം ∙ കേരള ഗാനത്തിനായി കേരള സാഹിത്യ അക്കാദമി തന്നെക്കൊണ്ടു നിർബന്ധിച്ച് പാട്ട് എഴുതിപ്പിച്ച ശേഷം ഒരുവാക്കു പോലും പറയാതെ നിരസിച്ചെന്നു ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി ആരോപിച്ചു. പാട്ടു സ്വീകരിക്കുന്നില്ലെങ്കിൽ  അറിയിക്കാനുള്ള ബാധ്യത അക്കാദമിക്കുണ്ടെന്നു പറഞ്ഞ അദ്ദേഹം അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദനെ രൂക്ഷമായി വിമർശിച്ചു. സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിനു ലഭിച്ച പ്രതിഫലത്തെച്ചൊല്ലി കവി ബാലചന്ദ്രൻ ചുള്ളിക്കാട് ഉയർത്തിയ വിമർശനത്തിനു പിന്നാലെയാണു ശ്രീകുമാരൻ തമ്പിയും അക്കാദമിക്കെതിരെ രംഗത്തുവന്നത്.  

അതേസമയം, ശ്രീകുമാരൻ തമ്പിയുടെ പാട്ട് ക്ലീഷേ ആയതിനാലാണ് ഒഴിവാക്കിയതെന്നാണു സച്ചിദാനന്ദന്റെ മറുപടി. പകരം ബി.കെ.ഹരിനാരായണനെക്കൊണ്ട് എഴുതിപ്പിച്ചിട്ടുണ്ടെന്നും ഇതിനു ബിജിബാൽ ഈണം നൽകിയശേഷം കമ്മിറ്റി അംഗീകരിച്ചാൽ മാത്രമേ ഗാനം അന്തിമമായി തിരഞ്ഞെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ: 
ഞാൻ എഴുതുന്നതു ക്ലീഷേ ആണെന്നു ജനങ്ങൾ പറയില്ല. നാട്ടിൽ ഏതു ഭാഗത്തേക്കു തിരിഞ്ഞാലും ശ്രീകുമാരൻ തമ്പിയുടെ പാട്ടു കേൾക്കുമ്പോൾ സച്ചിദാനന്ദനു ദുഃഖം വരും. അയാളുടെ ഏതെങ്കിലുമൊരു കവിത 50 വർഷം കഴിഞ്ഞാൽ ആളുകൾ ഓർക്കുമോ? അമേരിക്കയിലെ ഹിന്ദു സംഘടനയുടെ പുരസ്കാരം ലഭിച്ചപ്പോൾ എന്നെ ബഹിഷ്കരിക്കണമെന്നു സച്ചിദാനന്ദൻ പ്രസ്താവനയിറക്കി. ഹിന്ദു സംഘടനയുടെ പുരസ്കാരം സ്വീകരിച്ചാൽ ആരെങ്കിലും സംഘി ആകുമോ? മുസ്‌ലിം സംഘടനയോ ക്രിസ്ത്യൻ സംഘടനയോ പുരസ്കാരം നൽകിയാലും ഞാൻ സ്വീകരിക്കും. ഞാൻ ആർഎസ്എസ് അല്ല. 
ആ ഗാനം ക്ലീഷേ: കെ.സച്ചിദാനന്ദൻ
തൃശൂർ ∙ കേരള ഗാനത്തിനായി ശ്രീകുമാരൻ തമ്പി എഴുതിയ വരികൾ ക്ലീഷേ ആയതിനാൽ കമ്മിറ്റി അതു പരിഗണിച്ചില്ലെന്നു കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ പറഞ്ഞു. എല്ലാവർക്കും പാടാൻ കഴിയുന്നതാകണം എന്നായിരുന്നു നിബന്ധന. അന്തിമമായി മറ്റൊരു ഗാനം തിരഞ്ഞെടുത്താൽ മാത്രമേ അദ്ദേഹത്തെ അറിയിക്കേണ്ടതുള്ളൂ എന്നു കരുതിയതു കൊണ്ടാകാം അക്കാര്യം ധരിപ്പിക്കാതിരുന്നത് – സച്ചിദാനന്ദൻ പറഞ്ഞു. 

ശ്രീകുമാരൻ തമ്പിക്കു വിഷമമുണ്ടാക്കുന്ന തരത്തിൽ ഒന്നും അക്കാദമി ചെയ്തിട്ടില്ലെന്നു സെക്രട്ടറി സി.പി.അബൂബക്കറും പ്രതികരിച്ചു.
ആദ്യം ഞാൻ നിരസിച്ചു
കേരള ഗാനം എഴുതണമെന്ന ആവശ്യം ആദ്യം ഞാൻ നിരസിച്ചു. താങ്കളല്ലെങ്കിൽ മറ്റാര് എഴുതും എന്നായിരുന്നു അവരുടെ ചോദ്യം. എഴുതിക്കൊടുത്തപ്പോൾ പറഞ്ഞതുപ്രകാരം ചില തിരുത്തലുകളും വരുത്തി. ഇപ്പോൾ പറയുന്നു, പാട്ട് ‘ക്ലീഷേ’ ആണെന്ന് ! ഞാനെഴുതുന്ന പാട്ടിന് അവർ മാർക്കിടുന്ന അവസ്ഥ ഗതികേടാണ്. സച്ചിദാനന്ദൻ പ്രസിഡന്റായിരിക്കുന്ന കാലം അക്കാദമിയോടു സഹകരിക്കില്ല. ഒരു പുരസ്കാരവും സ്വീകരിക്കില്ല. ഹരിനാരായണൻ സഹോദരതുല്യനാണ്. കേരളഗാനമായി അദ്ദേഹത്തിന്റെ പാട്ടു തിരഞ്ഞെടുക്കണം. എന്റെ ഗാനം രണ്ടാഴ്ചയ്ക്കു ശേഷം യു ട്യൂബിലൂടെ പുറത്തിറക്കും.-ശ്രീകുമാരൻ തമ്പി  
പാട്ടിനോടു വളരെ ബഹുമാനമുണ്ട്
ശ്രീകുമാരൻ തമ്പിയുടെ പാട്ടിനോടു വളരെ ബഹുമാനമുണ്ട്. ആ ഗാനലോകത്തെയല്ല, പ്രത്യേക ആവശ്യത്തിനായി തയാറാക്കുന്ന ഒരു പാട്ടിനെയാണു നിരാകരിച്ചതും കേരളഗാനം എന്ന നിലയ്ക്ക് അംഗീകരിക്കാനാകില്ലെന്നു പറഞ്ഞതും. -കെ.സച്ചിദാനന്ദൻ
കേരളഗാനം ഞാൻ കേട്ടിട്ടേയില്ല
ശ്രീകുമാരൻ തമ്പിയുടെ കേരളഗാനം ഞാൻ കേട്ടിട്ടേയില്ല. ഗാനം തിരഞ്ഞെടുക്കാനുള്ള സമിതിയിൽ ഞാനുണ്ടായിരുന്നു. എന്നാൽ ഈ യോഗം ചേർന്ന ദിവസം അസുഖം കാരണം പങ്കെടുക്കാനായില്ല. ഞാൻ ഈ പാട്ടു കേട്ടിട്ടില്ലെന്നതും സച്ചിദാനന്ദനോടു ചോദിച്ചാലറിയാമല്ലോ?-ഡോ.എം.ലീലാവതി(ഡോ. എം.ലീലാവതി ഉൾപ്പെട്ട സമിതിയാണു ശ്രീകുമാരൻ തമ്പിയുടെ ഗാനം വേണ്ടെന്നു  തീരുമാനിച്ചതെന്നു കെ.സച്ചിദാനന്ദൻ പറഞ്ഞതിനോടുള്ള പ്രതികരണം)
അപ്രതീക്ഷിതമായി ഉൾപ്പെട്ടതാണ്
വിവാദത്തിൽ അപ്രതീക്ഷിതമായി ഉൾപ്പെട്ടതാണ്. ശ്രീകുമാരൻ തമ്പിക്കു താരതമ്യങ്ങളില്ല. ഗുരുതുല്യനായ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. ഞാനെഴുതിയ ഒരു നല്ല വരിയും അദ്ദേഹമെഴുതിയ ഏതു വരിക്കൊപ്പമെത്തില്ലെന്നു കരുതുന്നു. സച്ചിദാനന്ദനാണു ഗാനം എഴുതാൻ ആവശ്യപ്പെട്ടത്. തിരഞ്ഞെടുക്കുമെന്ന് ഉറപ്പു പറയാനാകില്ലെന്നും ഈണം നൽകിയശേഷം അക്കാദമി തീരുമാനിക്കുംഎന്നുമാണ് അറിയിച്ചത്.-ബി.കെ.ഹരിനാരായണൻ
ആരുടേതു വേണമെന്നു സർക്കാർ തീരുമാനിച്ചിട്ടില്ല
കേരളഗാനം ആരുടേതു വേണമെന്നു സർക്കാർ തീരുമാനിച്ചിട്ടില്ല. ശ്രീകുമാരൻ തമ്പിയുമായും സാഹിത്യ അക്കാദമി ഭാരവാഹികളുമായും സംസാരിക്കും. ശ്രീകുമാരൻ തമ്പി മഹാനായ എഴുത്തുകാരനാണ്. അദ്ദേഹത്തെ ചേർത്തുപിടിക്കുന്ന സർക്കാരാണിത്.-മന്ത്രി സജി ചെറിയാൻ
ശ്രീകുമാരൻ തമ്പി എഴുതിയകേരളഗാനം
ഹരിതഭംഗി കവിത ചൊല്ലുമെന്റെ കേരളംസഹ്യഗിരി തൻ ലാളനയിൽ വിലസും കേരളം
ഇളനീരിൻ മധുരമൂറുമെൻ മലയാളം
വിവിധ ഭാവധാരകൾ തൻ ഹൃദയസംഗമം
കേരളം ... കേരളം.. കേരളം..
മലകൾ, പുഴകൾ, കായലുകൾ, കടലോരങ്ങൾ
കാഴ്ച തേടും യാത്രികർക്കു കലാശാലകൾ
കഥകളി തൻ താളം കേട്ടു നിളയൊഴുകുന്നു
വഞ്ചിപ്പാട്ട് പാടിപ്പാടി പമ്പ പായുന്നു..
കേരളം.. കേരളം.. കേരളം..
സ്ഥിതിസമത്വ സ്വപ്നം തിരുവോണമാക്കി നമ്മൾ
മാനവത്വമൊന്നേ മതമെന്നു ചൊല്ലി നമ്മൾപുതുയുഗത്തിൻ പുലരികൾക്കായ് 
കാത്തിരുന്നോർ നമ്മൾ
ഐകമത്യധാരയായ് മുന്നേറിടുന്നു നമ്മൾ
കേരളം... കേരളം... കേരളം....

English Summary:

Sreekumaran Thambi against Satchidanandan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com