തോട്ടിയുടെ മകനും ചെമ്മീനും കയറും ജനിച്ചതു കോട്ടയത്ത്
Mail This Article
കോട്ടയം ∙ അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പ്രാക്ടിസ് ചെയ്തിരുന്ന തകഴിയുടെ വക്കീൽ ഓഫിസിലേക്കു സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) ജീവനക്കാരൻ കടന്നു ചെന്നു. ‘ചെമ്മീൻ’ എന്ന നോവലിന്റെ കയ്യെഴുത്ത് കോപ്പി വാങ്ങാൻ എത്തിയതാണ്. മേശപ്പുറത്തെ കടലാസ് കെട്ട് ഉയർത്തിക്കാട്ടി തകഴി പറഞ്ഞു: ‘ഇത്രയും പൂർത്തിയായി, മൂന്നാഴ്ച കൂടി തന്നാൽ പൂർത്തിയാകും.’ ഇതനുസരിച്ച് എസ്പിസിഎസിന്റെ പ്രതിമാസ ബുള്ളറ്റിനിൽ പരസ്യം വന്നു. ‘ഉടൻ വരുന്നു, തകഴിയുടെ ചെമ്മീൻ’. മൂന്നാഴ്ച കഴിഞ്ഞു തകഴിയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥനോടു പറഞ്ഞു: ‘ഒരാഴ്ച കൂടി.’ പിന്നീട് അമ്പലപ്പുഴയിൽ എത്തിയ ജീവനക്കാരനോടു ‘ഏതാനും അധ്യായങ്ങൾ മാത്രം.’ – എന്നു തകഴി.
ഒടുവിൽ എസ്പിസിഎസിന്റെ സാരഥി ഡിസി കിഴക്കേമുറി കാറിൽ അമ്പലപ്പുഴയിൽ എത്തി. മേശപ്പുറത്തെ കടലാസ് കെട്ടുകൾ പരിശോധിച്ചു. മുൻസിഫ് കോടതിയിൽ ഹാജരാക്കിയിരുന്ന കക്ഷികളുടെ കേസുകെട്ടുകളായിരുന്നു അത്!. തകഴിയെ കാറിൽ കയറ്റി കോട്ടയത്ത് മത്തായിപ്പോറ്റിയുടെ ‘ബോട്ട് ഹൗസ് കഫേ’യിൽ എത്തിച്ച്, സ്നേഹത്തടങ്കലിലാക്കുന്നത് അങ്ങനെ. ഹെഡ് പോസ്‌റ്റ് ഓഫിസിന് എതിർവശത്ത് നഗരസഭാ മന്ദിരത്തിനു തൊട്ടരികിലുള്ള ഈ കെട്ടിടത്തിൽ ഇരുന്നാണ് തകഴി ചെമ്മീൻ പൂർത്തിയാക്കിയത്.
പഴയ ബോട്ട് ഹൗസ് ഇപ്പോഴില്ല. പകരം മറ്റൊരു ഹോട്ടലാണ്. തകഴി ‘തോട്ടിയുടെ മകൻ’ എന്ന നോവൽ എഴുതുന്നത് വിശ്രുത സാഹിത്യകാരൻ ‘അഭയദേവി’ന്റെ പള്ളത്തെ കരുമാലിൽ വീട്ടിൽ ഇരുന്നാണ്. ഈ നോവലിനും എസ്പിസിഎസ് പരസ്യം നൽകി കാത്തിരിക്കുകയാണ്. പക്ഷേ, തകഴി എഴുത്ത് തുടങ്ങുന്നില്ല. സംഘം ഭാരവാഹികൾ തകഴിയെ അഭയദേവിന്റെ വീട്ടിലാക്കി. അങ്ങനെ ‘തോട്ടിയുടെ മകൻ’ പൂർത്തിയാക്കി. എസ്പിസിഎസിന്റെ നാട്ടകം പ്രസിന് എതിർവശത്തുണ്ടായിരുന്ന നൈനാൻസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുകൾ നിലയിൽ താമസിച്ചു രണ്ടാഴ്ച കൊണ്ടാണു തകഴി ‘കയർ’ നോവലിന്റെ അവസാന അധ്യായങ്ങൾ പൂർത്തിയാക്കിയത്. 1912 ഏപ്രിൽ 17ന് ആലപ്പുഴ ജില്ലയിലെ തകഴിയിൽ ജനിച്ച അദ്ദേഹം1999 ഏപ്രിൽ 10ന് അന്തരിച്ചു.