കാബ്കോയിൽ ഓഹരിയെടുക്കാൻ നബാർഡ് തയാർ: മന്ത്രി പ്രസാദ്
Mail This Article
തിരുവനന്തപുരം∙ കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ)യിൽ ഓഹരിയെടുക്കാൻ നബാർഡ് സന്നദ്ധത അറിയിച്ചതായി മന്ത്രി പി.പ്രസാദ് നിയമസഭയിൽ അറിയിച്ചു. കമ്പനിയുടെ ബിസിനസ് പ്ലാനിന്റെ കരടിന് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരം ലഭിച്ചശേഷം ഓഹരി നൽകിത്തുടങ്ങും. 33% ഓഹരി സർക്കാരിനും. 24% കർഷകർക്കുമാണ്. സർക്കാർ ഉടമസ്ഥതയിലുള്ള 13 ഫാമുകളെക്കൂടി കാർബൺ ന്യൂട്രൽ ആക്കും. ഫാമുകളിൽ 10 % ജൈവകൃഷി ഉറപ്പുവരുത്തും. വരൾച്ചയിൽ കർഷകർക്ക് സംസ്ഥാനത്ത് 257.12 കോടി രൂപയുടെ പ്രത്യക്ഷ നഷ്ടവും 118.69 കോടിയുടെ പരോക്ഷ നഷ്ടവും ഉണ്ടായതായി പഠനസംഘം റിപ്പോർട്ട് നൽകിയെന്നു മന്ത്രി പറഞ്ഞു.
മനോരമ ‘കർഷകശ്രീ’യുടെ വിജയം ഓർമിപ്പിച്ച് മന്ത്രി
കൃഷിയിൽനിന്നു വലിയ വരുമാനമുണ്ടാക്കാൻ കഴിയുമെന്നതിന് മലയാള മനോരമ ‘കർഷകശ്രീ ’ പുരസ്കാര ജേതാവിനെ മന്ത്രി പി.പ്രസാദ് ഉദാഹരണമാക്കി. കണ്ണൂരിൽ നിന്നുള്ള പി.ബി.അനീഷിനു 2023ലെ കർഷകശ്രീ പുരസ്കാരം മലപ്പുറത്തു സമ്മാനിച്ച ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കൊപ്പം പങ്കെടുത്ത കാര്യം അദ്ദേഹം ഓർത്തെടുത്തു. കൃഷിയിൽ നിന്ന് ആറു ലക്ഷം രൂപ പ്രതിമാസ വരുമാനം ഉണ്ടാക്കുന്നുവെന്നു പുരസ്കാര ജേതാവ് പറഞ്ഞതു കേട്ട് താൻ അത്ഭുതപ്പെട്ടു. പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ കേരളത്തിനു കഴിയണം. –മന്ത്രി തുടർന്നു.