ADVERTISEMENT

കൊല്ലം ∙ ചവറ കെഎംഎംഎലിലെ ഓരോ ഇടപാടിലും വൻ വെട്ടിപ്പ് നടക്കുന്നതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. കമ്പനിയുടെ പ്രധാന ഉൽപന്നമായ ടൈറ്റാനിയം ഡയോക്സൈഡ് നിറയ്ക്കുന്ന സഞ്ചികൾ വാങ്ങിക്കൂട്ടിയതിൽ വരെ വ്യാപക അഴിമതി നടന്നതിന്റെ രേഖകൾ ‘മനോരമ’ യ്ക്കു ലഭിച്ചു.

ഒഡീഷ ആസ്ഥാനമായ സ്വകാര്യ കമ്പനിയിൽ നിന്നു ലക്ഷക്കണക്കിന് എണ്ണം സഞ്ചികൾ (പ്രോഡക്ട് ബാഗ്) വാങ്ങിയതിൽ കെഎംഎംഎലിനുണ്ടായ നഷ്ടം കോടികളാണ്. നേരത്തേ ജർമൻ കമ്പനി ഉൾപ്പെടെ വില കുറച്ചു സഞ്ചി നൽകിക്കൊണ്ടിരുന്നതു നിർത്തലാക്കിയാണ് വ്യവസായ വകുപ്പിലെ ചിലരുടെ താൽപര്യ പ്രകാരം ഒഡീഷയിലെ സ്വകാര്യ കമ്പനിക്കു വഴിവിട്ടു കരാർ നൽകിയത്. പ്രതിവർഷം 10 മുതൽ 15 ലക്ഷത്തോളം സഞ്ചികളാണ് കെഎംഎംഎലിനു വേണ്ടി വരുന്നത്.

2020 ൽ ഒരെണ്ണത്തിന് 30.80 രൂപയ്ക്ക് ഒഡീഷ കമ്പനിയിൽ നിന്നു സഞ്ചി വാങ്ങിയിരുന്ന കെഎംഎംഎൽ അതേ സാധനം 2021–22 ൽ വാങ്ങിയത് ഇതേ കമ്പനിയിൽ നിന്ന് 36 രൂപയ്ക്കാണ്. തൊട്ടടുത്ത വർഷങ്ങളിൽ (2022–23 ലും 2023– 24 ലും) വില 65 രൂപ വരെയായി. ഇതിനിടയ്ക്ക് 2023 നവംബറിൽ ജർമൻ കമ്പനിയായ ഡയ്പാക്കിൽ നിന്ന് 10 ലക്ഷത്തിലേറെ സഞ്ചികൾ വാങ്ങിയപ്പോൾ ഒരെണ്ണത്തിന് വില 46 രൂപയിലേക്കു താഴ്ന്നു. നേരത്തേ വാങ്ങിയിരുന്ന ഏറ്റവും കുറഞ്ഞ വിലയായ 30 രൂപയിലേക്ക് എത്തിക്കാനായില്ലെങ്കിലും കമ്പനിയുടെ നഷ്ടം ഗണ്യമായി കുറഞ്ഞു.

അമിത വില കൊടുത്ത് ഒഡീഷ കമ്പനിയിൽ നിന്നു വാങ്ങിയ സഞ്ചികൾ നല്ലൊരു ഭാഗം കേടായതും ജീവനക്കാർക്കിടയിൽ സജീവ ചർച്ചയായി. സഞ്ചി കേടായതോടെ ഇതിൽ നിറച്ചിരുന്ന ടൈറ്റാനിയം ഡയോക്സൈഡ് അതേ നിലയിൽ വിൽപന നടത്താനാകാത്ത സാഹചര്യവും ഉണ്ടായി. എന്നിട്ടും സഞ്ചിയുടെ ഗുണനിലവാരം തൃപ്തികരമാണെന്നു വരുത്താനും കെഎംഎംഎലിൽ നീക്കം നടന്നു.

ഗുണനിലവാരമുള്ള സഞ്ചി കുറഞ്ഞ വിലയ്ക്ക് ജർമൻ– ചൈനീസ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടും അത് അട്ടിമറിച്ചു ഒഡീഷ കമ്പനിക്കു തന്നെ വീണ്ടും കരാർ നൽകാൻ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ചിലർ രംഗത്തുണ്ടെന്നാണ് വിവരം. കമ്പനിയിലെ സിഐടിയു, ഐഎൻടിയുസി, യുടിയുസി യൂണിയനുകൾ തന്നെ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്.

English Summary:

Corruption in KMML

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com