തുടർച്ചയായി മഴ, വെള്ളക്കെട്ട്: ഇക്കൊല്ലം 253 എലിപ്പനി മരണം; ഇനിയും കൂടുമെന്ന് മുന്നറിയിപ്പ്
Mail This Article
തിരുവനന്തപുരം ∙ മഴയും വെള്ളക്കെട്ടും തുടരുന്നതിനാൽ, സംസ്ഥാനത്ത് എലിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം ഉയരാൻ സാധ്യതയെന്നു മുന്നറിയിപ്പ്. ഈ വർഷം 8 മാസം പിന്നിട്ടപ്പോൾ 253 പേർ എലിപ്പനി ബാധിച്ചു മരിച്ചു. കഴിഞ്ഞ വർഷം 283 പേരാണു മരിച്ചത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് വിവരം സർക്കാരിന് കൈമാറാത്തതിനാൽ രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും കണക്കുകൾ കൃത്യമായി ലഭ്യമല്ല. ഇതിനുപുറമെ, രോഗം സ്ഥിരീകരിക്കാതെ വീട്ടിൽ മരിക്കുന്നവരുമുണ്ട്. ഈ കണക്കുകളെല്ലാം ചേർത്താൽ മരണസംഖ്യ ഇരട്ടിയോളമാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിഗമനം. ഔദ്യോഗിക കണക്കനുസരിച്ചു 2021 മുതൽ ഈ രോഗം ബാധിച്ച് ആയിരത്തിലേറെ പേരാണു മരിച്ചത്.
രോഗത്തെക്കുറിച്ചുള്ള അവബോധത്തിന്റെ കുറവും പ്രതിരോധ ഗുളിക കഴിക്കുന്നതിലെ വീഴ്ചയുമാണു മരണം കൂടാൻ കാരണം. കൂടുതൽ പേർ ഈ രോഗംമൂലം മരിക്കുമെന്നു കരുതിയിരുന്നത് 2018 ലെയും 19 ലെയും പ്രളയകാലത്തായിരുന്നു. വീടുകളിലും കെട്ടിടങ്ങളിലും ദിവസങ്ങളോളം വെള്ളം കെട്ടിക്കിടന്നതാണു കാരണം. എന്നാൽ, ബോധവൽക്കരണവും പ്രതിരോധ മരുന്നിന്റെ വ്യാപക വിതരണവുമായപ്പോൾ എലിപ്പനിയെ ചെറുക്കാൻ കഴിഞ്ഞു. 2018 ൽ 2079 എലിപ്പനി കേസുകളും 99 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. 2019 ൽ, 1211 രോഗബാധിതരിൽ 57 പേർ മരിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി രോഗ, മരണ നിരക്കുകൾ കുറയ്ക്കാൻ കഴിഞ്ഞദിവസം ആരോഗ്യ വകുപ്പിന്റെ ദ്രുതപ്രതികരണ സംഘം (ആർആർടി) യോഗം ചേർന്നിരുന്നു.