മൃഗകോശകല ഉപയോഗിച്ചുള്ള ഹൃദയവാൽവുമായി ശ്രീചിത്ര

Mail This Article
ഗുവാഹത്തി ∙ രാജ്യത്താദ്യമായി മൃഗകോശകല ഉപയോഗിച്ചുള്ള കൃത്രിമ ഹൃദയവാൽവുകൾ നിർമിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി. കന്നുകാലികളുടെ ഹൃദയത്തിന്റെ പുറംപേശി (പെരിക്കാഡിയം) ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന ബയോ പ്രോസ്തെറ്റിക് വാൽവ് രാജ്യാന്തര മാർക്കറ്റിൽ ലഭിക്കുന്നതിന്റെ പകുതി വിലയിൽ ഇന്ത്യയിൽ ലഭ്യമാക്കാനാണ് ലക്ഷ്യം. അസമിലെ ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിലെ(ഐഐഎസ്എഫ്) ശ്രീചിത്ര പവലിയനിൽ കൃത്രിമ ഹൃദയവാൽവ് മാതൃക പ്രദർശിപ്പിച്ചിട്ടുണ്ട്. ഗുവാഹത്തിയിൽ നടക്കുന്ന മേള 3ന് സമാപിക്കും.
ചെമ്മരിയാട്, പന്നി എന്നീ മൃഗങ്ങളിലെ പരീക്ഷണവും കൃത്രിമ ഹൃദയ സാഹചര്യം ഒരുക്കിയുള്ള പരീക്ഷണവും വിജയിച്ചതോടെ സാങ്കേതിക വിദ്യ കൈമാറ്റ നടപടികൾ തുടങ്ങി. ഡൽഹിയിലെ സ്വകാര്യ കമ്പനി ഒരു വർഷത്തിനുള്ളിൽ ബയോ പ്രോസ്തെറ്റിക് വാൽവ് വിപണിയിലെത്തിക്കുമെന്നാണു പ്രതീക്ഷ. നിലവിൽ മറ്റു രാജ്യങ്ങൾ നിർമിക്കുന്ന നാലാം തലമുറ ബയോ പ്രോസ്തെറ്റിക് വാൽവുകളിൽ കോശങ്ങളിൽ കാൽസ്യം അടിഞ്ഞുകൂടി കട്ടി പിടിക്കുന്ന സാഹചര്യമുണ്ട്. അതിനാൽ ഇവ 50 വയസ്സു കഴിഞ്ഞ ആളുകളിൽ ഉപയോഗിക്കാറില്ല. എന്നാൽ ശ്രീചിത്രയുടെ വാൽവുകൾ ഏതുപ്രായക്കാർക്കും പറ്റും. 15 വർഷത്തിലധികം ഈ വാൽവുകൾ ഈടുനിൽക്കും. 2017ൽ ആണ് ഈ ഗവേഷണം തിരുവനന്തപുരം ശ്രീചിത്രയിൽ തുടങ്ങിയത്.