ADVERTISEMENT

തിരുവനന്തപുരം / തൃശൂർ ∙ സംസ്ഥാനത്താകെ കുട്ടികൾക്കിടയിൽ മുണ്ടിനീര് (മംപ്സ്) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞവർഷം 2324 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ ഇക്കൊല്ലം ഇതുവരെ 69,113 കേസുകളായെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഒരു വർഷത്തിനിടെ 30 മടങ്ങു വർധന. അലോപ്പതിക്കു പകരം മറ്റു ചികിത്സാ ശാഖകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടാകാമെന്നതിനാൽ രോഗബാധിതർ ഇതിലുമേറെയായിരിക്കുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

2016 ൽ വാക്സീൻ നിർത്തലാക്കിയതാണ് ഇത്ര വലിയ വർധനയ്ക്കു കാരണമെന്നു വിലയിരുത്തപ്പെടുന്നു. അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം മംപ്സ്–മീസിൽസ്–റുബെല്ല വാക്സീൻ (എംഎംആർ) നൽകിയിരുന്നു. 2016 ൽ ഇത് മീസിൽസ്– റുബെല്ല വാക്സീൻ (എംആർ) മാത്രമാക്കി. അതിനുശേഷം ജനിച്ച കുട്ടികളാണ് ഇപ്പോൾ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്നത്.

മുണ്ടിനീര് ഗുരുതരമാകില്ലെന്നും വാക്സീനു പ്രതിരോധശേഷി കുറവാണെന്നും പറഞ്ഞായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നടപടി. എംഎംആർ വാക്സീൻ അഞ്ചാംപനിക്ക് (മീസിൽസ്) 93%, റുബെല്ലയ്ക്ക് 97% വീതം പ്രതിരോധം നൽകുന്നുവെങ്കിൽ മുണ്ടിനീരിന് 78% മാത്രമാണുണ്ടായിരുന്നത്. മുണ്ടിനീര് കേസുകൾ ഉയരുന്നതിനാൽ എംഎംആർ വാക്സീൻ തുടരണമെന്നു കേരളം കേന്ദ്രസർക്കാരിനോടു പലതവണ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളിൽ ഇത് ഇപ്പോഴും ലഭിക്കുന്നുണ്ട്.

മലപ്പുറത്തും കണ്ണൂരും കേസുകൾ 10,000+
ഇക്കൊല്ലം മലപ്പുറം ജില്ലയിൽ 13,524 കേസുകളും കണ്ണൂർ ജില്ലയിൽ 12,800 കേസുകളും റിപ്പോർട്ട് ചെയ്തു. പാലക്കാട് 5000, തിരുവനന്തപുരം 1575 എന്നിങ്ങനെയാണ് കണക്ക്. 5– 15 പ്രായവിഭാഗത്തിലാണ് മുണ്ടിനീര് കൂടുതലായി കാണപ്പെടുന്നത്. അപൂർവമായി മുതിർന്നവർക്കും വരാറുണ്ട്. രോഗം ബാധിക്കുന്ന കുട്ടികളെ സ്കൂളിൽ വിടരുത്. 

തൃശൂർ മാള മേഖലയിലെ ചില സ്കൂളുകളിൽ എൽപി ക്ലാസുകൾ അടച്ചിടേണ്ട അവസ്ഥയാണ്. പരീക്ഷ മാറ്റിവയ്ക്കാൻ വരെ അധികൃതർ നിർബന്ധിതരായി.  ഇടുക്കി ജില്ലയിലും ചില സ്കൂളുകൾ ആഴ്ചകളോളം അടച്ചിട്ടിരുന്നു. ആലപ്പുഴ ജില്ലയിലെ 2 സ്കൂളുകൾ മൂന്നാഴ്ച അടച്ചിട്ടു. രോഗവ്യാപനം തടയാൻ മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കുന്ന സ്കൂളുകളുമുണ്ട്.

എങ്ങനെ അറിയാം ?
ചെവിക്കുതാഴെ കവിളിന്റെ വശങ്ങളിൽ വീക്കമുണ്ടാകും. നീരുള്ള ഭാഗത്തു വേദന അനുഭവപ്പെട്ടേക്കാം. ചെറിയ പനിയും തലവേദനയുമാണു പ്രാരംഭ ലക്ഷണങ്ങൾ. നീരെന്നും തൊണ്ടവേദനയെന്നും തെറ്റിദ്ധരിച്ചു ചികിത്സ വൈകരുത്.

ചികിത്സ അനിവാര്യം
രോഗകാരണമാകുന്ന പാരമിക്സോ വൈറസ് വായുവിലൂടെയാണു പകരുന്നത്. ചികിത്സിച്ചില്ലെങ്കിൽ കേൾവിത്തകരാറിനും ഭാവിയിൽ വന്ധ്യതയ്ക്കും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമാകും. ഗർഭിണികളിൽ ആദ്യ 3 മാസങ്ങളിൽ മുണ്ടിനീരുണ്ടായാൽ ഗർഭം അലസാനും സാധ്യതയേറെ.

English Summary:

Mumps outbreak in Kerala: 69,000 affected, 30-fold increase this year, health department

REEL SMILE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com