റേഷൻ ഇ പോസ് യന്ത്രം: കോടിക്കണക്കിന് രൂപ കുടിശിക; സേവനം ‘സ്റ്റോക്കില്ല’, കമ്പനി പിന്മാറും

Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 14,000ൽപരം റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളുടെ പരിപാലനം നടത്തുന്ന കമ്പനി ഈ മാസം അവസാനത്തോടെ സേവനം നിർത്തുന്നു. സേവന ഫീസിനത്തിൽ കോടിക്കണക്കിനു രൂപയുടെ കുടിശിക നൽകാനും വാർഷിക പരിപാലന കരാർ പുതുക്കാനും സർക്കാർ തയാറാകാത്തതിനാലാണു ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയുടെ പിന്മാറ്റം.
ഫെബ്രുവരി മുതൽ, ഇ പോസ് യന്ത്രങ്ങൾ തകരാറിലായാൽ സാങ്കേതിക വിദഗ്ധരുടെ സേവനം ലഭിക്കാതെ റേഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയാകും. കേന്ദ്ര സർക്കാർ നിബന്ധന പ്രകാരം ഇ പോസ് സംവിധാനം വഴി മാത്രമേ റേഷൻ നൽകാനാവൂ എന്നതിനാൽ സംസ്ഥാനത്തെ റേഷൻ വിതരണം പ്രതിസന്ധിയിലാകും.
ഭക്ഷ്യമന്ത്രിക്കു കമ്പനിയുടെ കേരളത്തിലെ പ്രോജക്ട് മാനേജർ കഴിഞ്ഞ മാസം അവസാനം നൽകിയ കത്തിലൂടെയാണു ജനുവരി 31നു സേവനത്തിൽനിന്നു പിന്മാറുന്ന കാര്യം അറിയിച്ചത്. മുൻപ് 10 തവണ കത്തുകളെഴുതിയിട്ടും മറുപടി ഇല്ലാത്തതാണു കടുത്ത തീരുമാനത്തിനു കമ്പനി അധികൃതരെ പ്രേരിപ്പിച്ചത്. 9 മാസത്തെ കുടിശികയായി 2.75 കോടി രൂപയാണു കമ്പനിക്കു ലഭിക്കേണ്ടത്.