ജലജീവൻ മിഷൻ: കരാറുകാർക്ക് കുടിശിക 4500 കോടി; 3 വർഷത്തിനകം കണ്ടെത്തേണ്ടത് 17,250 കോടി

Mail This Article
കോട്ടയം ∙ ജലജീവൻ മിഷൻ ശുദ്ധജല പദ്ധതിയുടെ കാലാവധി കേന്ദ്ര ബജറ്റിൽ 2028 വരെ നീട്ടിയെങ്കിലും സംസ്ഥാനം 17,250 കോടി രൂപ കണ്ടെത്തിയില്ലെങ്കിൽ പദ്ധതി കേരളത്തിൽ പൂർത്തിയാകില്ല. സംസ്ഥാനം കരാറുകാർക്ക് 4500 കോടി കുടിശിക മാർച്ച് 31നു മുൻപു നൽകിയില്ലെങ്കിൽ, ഇഴഞ്ഞുനീങ്ങുന്ന പദ്ധതി പ്രവർത്തനം പൂർണമായി നിലയ്ക്കും. പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനർനിർമാണവും നടക്കില്ല.
കേരളത്തിൽ പദ്ധതിക്കു 44,500 കോടിയുടെ ഭരണാനുമതിയാണു ലഭിച്ചത്. കേന്ദ്രവും സംസ്ഥാനവും 22,250 കോടി വീതമാണു വഹിക്കേണ്ടത്. എന്നാൽ, കേന്ദ്രവും സംസ്ഥാനവും കൂടി ഇതുവരെ 10,000 കോടി മാത്രമാണു ചെലവഴിച്ചത്. ബാക്കിത്തുകയുടെ പകുതിയായ 17,250 കോടിയാണ് 2028നു മുൻപു കേരളം കണ്ടെത്തേണ്ടത്.
കരാറുകാർക്കു കുടിശികയായ 4500 കോടി പോലും നൽകാനാകാത്ത അവസ്ഥയിൽ 3 വർഷത്തിനുള്ളിൽ 17,250 കോടി കണ്ടെത്തുക കേരളത്തിനു വെല്ലുവിളിയാണ്. ഈ തുക കേന്ദ്രം വായ്പയായി നൽകുകയോ, വായ്പാപരിധിക്കു പുറത്തുനിന്നു കടമെടുക്കാൻ സംസ്ഥാനത്തെ അനുവദിക്കുകയോ ആണു മറ്റു വഴികൾ. സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്ന ജല അതോറിറ്റിയെക്കൊണ്ടു വായ്പ എടുപ്പിക്കാനാണു സർക്കാരിന്റെ നീക്കം. എന്നാൽ, തിരിച്ചടവിനു സർക്കാർ ധനസഹായം ലഭിച്ചില്ലെങ്കിൽ ജല അതോറിറ്റി കടക്കെണിയിലാകും. സാമ്പത്തികപ്രതിസന്ധിയിലായ സർക്കാരിൽനിന്നു ധനസഹായം പ്രതീക്ഷിക്കാനുമാകില്ല.