നിസ്സാര കേസുകളുടെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിടരുത്: ഹൈക്കോടതി

Mail This Article
കൊച്ചി ∙ ഗൗരവമേറിയതോ സദാചാര വിരുദ്ധമോ അല്ലാത്ത നിസ്സാര കേസുകളുടെ വിവരം മറച്ചുവച്ചതിന്റെ പേരിൽ ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടേണ്ടതില്ലെന്നു ഹൈക്കോടതി നിർദേശിച്ചു. ജോലിയിൽ പ്രവേശിക്കുമ്പോൾ നിലനിന്ന 2 കേസുകൾ മറച്ചുവച്ചതിന്റെ പേരിൽ പിരിച്ചുവിട്ടതിനെതിരെ ജനറൽ റിസർവ് എൻജിനീയറിങ് ഫോഴ്സിലെ (ഗ്രെഫ്) മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ കൊല്ലം സ്വദേശി എസ്. ഹരിലാൽ നൽകിയ ഹർജി അനുവദിച്ചാണു ജസ്റ്റിസ് ഡി.കെ.സിങ്ങിന്റെ ഉത്തരവ്. ചെറുപ്പത്തിന്റെ അവിവേകം കുറച്ചൊക്കെ വകവച്ചു നൽകാം എന്നുള്ള സുപ്രീം കോടതിയുടെ ‘അവതാർ സിങ്’ കേസ് വിധി ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണു നടപടി. 2022 ഫെബ്രുവരി 17നു ഹർജിക്കാരന്റെ നിയമന ശേഷം പൊലീസ് വെരിഫിക്കേഷൻ നടത്തി റിപ്പോർട്ട് നൽകിയതിനെ തുടർന്നായിരുന്നു നടപടി. 2022 സെപ്റ്റംബർ 7നു കമാൻഡിങ് ഓഫിസർ ഷോ കോസ് നോട്ടിസ് നൽകി. തുടർന്ന് 2022 ഒക്ടോബർ 4നു സർവീസിൽ നിന്നു പിരിച്ചുവിട്ടു.
കോളജിൽ പഠിക്കുമ്പോൾ സംഘടനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണു 2 കേസുകളിൽ ഉൾപ്പെട്ടതെന്നു ഹർജിക്കാരൻ വാദിച്ചു. ഒരു കേസ് കോടതി റദ്ദാക്കിയതും ഒരു കേസ് പിഴയടച്ചു തീർപ്പാക്കിയതുമാണ്. കേസ് വിവരം മറച്ചു വച്ചതു ചട്ടപ്രകാരം അയോഗ്യതയാണെന്നു പറഞ്ഞാണ് കേന്ദ്രസർക്കാർ പിരിച്ചുവിട്ടത്. ഹർജിക്കാരനെതിരെയുള്ള കേസുകൾ കോളജിലെ വിദ്യാർഥി സംഘടനാ പ്രവർത്തനവുമായി ബന്ധപ്പെട്ടതാണെന്നും ധാർമികതയെ ബാധിക്കുന്ന ഗുരുതര സ്വഭാവമുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഈ കേസുകൾ ഡ്രൈവർ നിയമനത്തിന് അയോഗ്യതയ്ക്കു കാരണമാകുന്നില്ലെന്നു കോടതി വ്യക്തമാക്കി. പിരിച്ചുവിടൽ റദ്ദാക്കിയ കോടതി, ഈ വിഷയം പുനഃപരിശോധിക്കാൻ കമാൻഡിങ് ഓഫിസറോടു നിർദേശിച്ചു. 2 മാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശിച്ചു.