‘ഇമേജി’ന്റെ ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കൽ ഹൈക്കോടതി സ്റ്റേ ചെയ്തു

Mail This Article
കൊച്ചി ∙ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബയോമെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റായ പാലക്കാട്ടെ ‘ഇമേജി’ന്റെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോ ഫ്രണ്ട്‌ലി) ജിഎസ്ടി റജിസ്ട്രേഷൻ സംസ്ഥാന ജിഎസ്ടി വകുപ്പ് റദ്ദാക്കിയ നടപടി ഹൈക്കോടതി ആറാഴ്ചത്തേക്കു സ്റ്റേ ചെയ്തു. ഇമേജ് സെക്രട്ടറി ഡോ. പി.വി. കൃഷ്ണകുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. ജിഎസ്ടി സ്റ്റേറ്റ് ടാക്സ് ഓഫിസറുടെ ഉത്തരവിന് എതിരെയായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ‘അസോസിയേഷൻ ഓഫ് പഴ്സൻസ്’ റജിസ്ട്രേഷനോടെ വർഷങ്ങളായി പ്രവർത്തിക്കുകയും നികുതി നൽകുകയും ചെയ്യുന്ന സ്ഥാപനമാണ് ഇതെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി.
എന്നാൽ ഇത് തെളിയിക്കുന്ന രേഖകൾ ഇല്ലെന്നാണു സർക്കാരിന്റെ വാദം. വിഷയം മാർച്ച് 21ന് വീണ്ടും പരിഗണിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ബയോ മെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റായ ‘ഇമേജി’ന്റെ ജിഎസ്ടി റജിസ്ട്രേഷൻ റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തത് പൊതുസമൂഹത്തിന് ആശ്വാസം നൽകുന്നതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എ.ശ്രീവിലാസൻ, സെക്രട്ടറി ഡോ.കെ.ശശിധരൻ എന്നിവർ തിരുവനന്തപുരത്ത് പറഞ്ഞു. ഇരുപതിനായിരത്തിൽപരം ആരോഗ്യ സ്ഥാപനങ്ങളിൽ മാലിന്യ നിർമാർജനം ചെയ്യുന്ന പ്രക്രിയ തടസ്സപ്പെടുത്തുന്ന നീക്കം ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു എന്ന് അവർ പറഞ്ഞു.