ADVERTISEMENT

കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ ഗുരു വാഗ്ഭടാനന്ദൻ സ്ഥാപിച്ച ആത്മവിദ്യാസംഘത്തിന്റെ പ്രവർത്തകരായ 14 യുവാക്കൾ, അവർ നേരിട്ട അടിച്ചമർത്തലും സാമൂഹികബഹിഷ്കരണവും നേരിടാൻ രൂപം നൽകിയ ‘ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പരസഹായസംഘ’ത്തിന് ഇന്ന് 100 വർഷം പൂർത്തിയാകുന്നു. ഒരു വർഷം മുൻപാരംഭിച്ച ശതാബ്ദിയാഘോഷങ്ങൾ പരിസമാപ്തിയോടടുക്കുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്) പുതിയ കാൽവയ്പിനൊരുങ്ങുന്ന മേഖലകളെക്കുറിച്ചു ചെയർമാൻ രമേശൻ‌ പാലേരി വിശദീകരിക്കുന്നു;

യുഎൽസിസിഎസ് ഇപ്പോൾ എവിടെയെത്തിനിൽക്കുന്നു?

ഇൻഡസ്ട്രീസ് ആൻഡ് യൂട്ടിലിറ്റീസ് വിഭാഗത്തിൽ ലോകത്തെ രണ്ടാമത്തെ സഹകരണ സ്ഥാപനമായി വളർന്നു. യുഎൽസിസിഎസ് ആണ് ഏഷ്യയിലെ ആദ്യത്തെയും ഏറ്റവും വലുതുമായ തൊഴിലാളി സഹകരണസംഘം. തൊഴിലാളികളുടെ ഉടമസ്ഥതയിലുള്ള ലോകത്തെ ഏക ഐടി പാർക്കിന്റെ ഉടമകളുമാണ്. എന്നാൽ യുഎൽസിസിഎസിന് അഭിമാനിക്കാനുള്ള വിലാസം മറ്റൊന്നാണ്– തൊഴിൽ വിലക്കപ്പെട്ടവർക്കു തൊഴിൽ നൽകാനായി പിറവികൊണ്ട ഈ സംഘം ഇന്ന് തൊഴിലാളി മുതൽ എൻജിനീയർമാരും മാനേജ്മെന്റ് വിദഗ്ധരുമടക്കം 18,000 പേർക്ക് തൊഴിൽ നൽകുന്നു, ഒപ്പം അത്രയും കുടുംബങ്ങൾക്ക് ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളുമായി അത്താണിയുമാകുന്നു. ഈ ആനുകൂല്യങ്ങൾ ഇതരസംസ്ഥാന തൊഴിലാളികൾക്കുകൂടി ലഭ്യമാക്കാൻ അവർക്കും അംഗത്വം നൽകുന്നതും മറ്റൊരു മാതൃക.

നിർമാണമേഖലയിൽ യുഎൽസിസിഎസിന്റെ മുന്നേറ്റത്തെക്കുറിച്ച്?

കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത 6 വരി പാതയിൽ ആദ്യം പൂർത്തിയാകുന്ന തലപ്പാടി–ചെങ്കള 39 കിലോമീറ്റർ നിർമിക്കുന്നത് യുഎൽസിസിഎസ് ആണ്. അദാനി ഉൾപ്പെടെയുള്ള വൻകിടക്കാരോടു മത്സരിച്ചാണ് ഈ കരാർ ഞങ്ങൾ നേടിയെടുത്തത്. ഈ നിർമാണത്തിലെ ഗുണമേന്മയ്ക്ക് ദേശീയപാത അതോറിറ്റിയുടെ പുരസ്കാരത്തിലൂടെ സൊസൈറ്റി ഇന്ന് ദേശീയതലത്തിലും ശ്രദ്ധ നേടി. ഇതു ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കൻ യുഎൽസിസിഎസിനെ പ്രാപ്തമാക്കി. 3 സംസ്ഥാനങ്ങളിലെ ദേശീയ പാത അവലോകന യോഗങ്ങളിൽ മന്ത്രി നിതിൻ ഗഡ്കരി യുഎൽസിസിഎസിന്റെ നിർമാണരീതി മാതൃകയാക്കാൻ കരാറുകാരോടു പറഞ്ഞതും വലിയ അംഗീകാരമായി കാണുന്നു. കേരളത്തിലെ മുഴുവൻ ദേശീയപാത പ്രോജക്ട് ഡയറക്ടർമാരും കാസർകോട്ടെ യുഎൽസിസിഎസ് നിർമാണ രീതി കാണാൻ ഇന്നലെ കാസർകോട്ട് എത്തിയിരുന്നു.

നൂറ്റാണ്ടു പിന്നിടുന്ന അവസരത്തിൽ തേടുന്ന നൂതനവഴികൾ

ലോകത്തെ ഏറ്റവും വലിയ സഹകരണ സ്ഥാപനമായ സ്പെയിനിലെ മോൺട്രാഗൺ സഹകരണ സൊസൈറ്റിയുടെ മാതൃകയാണ് യുഎൽസിസിഎസിനു മുന്നിൽ. 2008 മുതൽ ഞങ്ങളും ഈ മാതൃക പിന്തുടരുന്നുണ്ട്. അപെക്സ് സൊസൈറ്റി, ഗവേഷണ–വികസന വിഭാഗം, സർവകലാശാല, വ്യവസായം എന്നീ 4 തട്ടുകളിലായാണ് മോൺട്രാഗൺ പ്രവർത്തിക്കുന്നത്. അവിദഗ്ധരായ തൊഴിലാളികളെ പരിശീലനം നൽകി കൂടുതൽ കഴിവുള്ളവരുമാക്കി മാറ്റി ഉൽപാദനക്ഷമത കൂട്ടിയതാണ് ഇതുവഴിവന്ന പ്രധാന മാറ്റം.

അപെക്സ് സൊസൈറ്റിക്കു കീഴിൽ റിസർച് ആൻഡ് ഡവലപ്മെന്റും അതിനു കീഴിൽ സർവകലാശാലയും അതിനു കീഴിൽ വ്യവസായവും. വ്യവസായങ്ങൾക്ക് എന്താണോ വേണ്ടത് അതു ഗവേഷണ–വികസന വിഭാഗം നൽകുന്ന രീതി. അതിനാവശ്യമായ വിദഗ്ധരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസരീതി സർവകലാശാലയും രൂപപ്പെടുത്തും. ഇതിൽ ഇത്തരമൊരു സർവകലാശാല മാത്രമാണ് ഇവിടെ അസാധ്യമായ കാര്യം. ഇത്തരമൊരു സർവകാശാലയിലേക്കാവശ്യമായ പരിശീലകരെ വാർത്തെടുക്കണം. 2008ലെ സാമ്പത്തികമാന്ദ്യമൊന്നും ബാധിക്കാത്തവിധം സുശക്തമായ അടിത്തറ മോൺട്രാഗൺ സഹകരണ സൊസൈറ്റിക്കു നൽകിയത് ഈ അടിത്തറയാണ്.

പുതിയ സംരംഭങ്ങൾ? 

യുഎൽസിസിഎസിന്റെ പുതിയ വിഭാഗമായ യു സ്ഫിയർ 18ന് മന്ത്രി പി.രാജീവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യും. പ്രീ ഫാബ്രിക്കേറ്റഡ് സ്റ്റീൽ സ്ട്രക്ചറുകളോടെ കുറഞ്ഞ സമയത്തിനകം ലക്ഷക്കണക്കിനു ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടങ്ങൾ പൂർത്തിയാക്കുന്ന നിർമാണ രീതിയാണത്. ആദ്യ കെട്ടിടം നിർമാണത്തിന്റെ അവസാനഘട്ടത്തിലാണ്. കോവളത്തും ഇരിങ്ങലിലും തുടക്കമിട്ട 2 പദ്ധതികളുമായി വിനോദസഞ്ചാര മേഖലയിൽ ഏറെ മുന്നേറിക്കഴിഞ്ഞു.

ഇടതുസർക്കാരിന്റെ പ്രോത്സാഹനത്തിലാണ് യുഎൽസിസിഎസ് വളരുന്നതെന്ന ആക്ഷേപത്തെക്കുറിച്ച്? 

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായ കാലത്ത് യുഎൽസിസിഎസിനു നൽകിയ 172 കോടി രൂപയുടെ കോഴിക്കോട് ബൈപാസ് പദ്ധതിയാണ് ഈ സഹകരണ സംഘത്തിന്റെ വളർച്ചയിലെ നിർണായക ഘട്ടങ്ങളിലൊന്ന്. ഞങ്ങൾ ആവശ്യപ്പെടാതെ കിട്ടിയ പദ്ധതിയാണത്. ആക്ഷേപങ്ങൾ സ്വാഭാവികം. ലോകത്ത് രണ്ടാം സ്ഥാനത്തും ഏഷ്യയിൽ ഒന്നാം സ്ഥാനത്തുമെത്തിനിൽക്കുന്നൊരു സഹകരണ സ്ഥാപനത്തിനു നേരെ അതുയരുന്നതിൽ കുറ്റം പറയാനാവില്ല. പക്ഷേ നടപ്പാക്കിയ പദ്ധതികളിലെ ഗുണമേന്മയിൽ ഈ സംഘം വഹിച്ച പങ്ക് പഠിക്കണം. കൊള്ളപ്പണമോ കള്ളപ്പണമോ അഴിമതിയോ ഏത് ഏജൻസിക്കും അന്വേഷിക്കാം. ആർക്കും പരിശോധിക്കാം. പക്ഷേ, അംഗീകരിച്ചില്ലെങ്കിലും അടിസ്ഥാനമില്ലാതെ ആക്ഷേപിക്കരുത്.

English Summary:

ULCCS at 100: Uralungal Labour Contract Co-operative Society (ULCCS) celebrates its 100th anniversary. Learn about its growth, achievements in construction, and new ventures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com