അയ്യപ്പന്റെ സ്വർണ ലോക്കറ്റ് വിഷുവിന് പുറത്തിറക്കും; ലഭ്യമാകുന്നത് 1, 2, 4, 6, 8 ഗ്രാമുകളിൽ

Mail This Article
ശബരിമല ∙ തീർഥാടകർക്ക് വിഷുക്കൈനീട്ടമായി അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് ഏപ്രിൽ 14ന് സന്നിധാനത്തു പുറത്തിറക്കും. ഇന്നലെ ചേർന്ന ദേവസ്വം ബോർഡ് യോഗം ഇതിന് അനുമതി നൽകി. ജിആർടി (തമിഴ്നാട്), കല്യാൺ (കേരളം) എന്നിവയാണ് ദേവസ്വം ബോർഡിനു വേണ്ടി 1, 2, 4, 6, 8 ഗ്രാം ലോക്കറ്റുകൾ പുറത്തിറക്കുന്നത്. സന്നിധാനത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസ് വഴിയാണു വിൽപന. ഓൺലൈനായും ദേവസ്വം ഓഫിസിൽ പണമടച്ചും വാങ്ങാം. ശ്രീകോവിലിൽ പൂജിച്ച ശേഷമാണ് ലോക്കറ്റുകൾ ഭക്തർക്കു നൽകുക.
വിൽക്കുന്ന ലോക്കറ്റുകളുടെ നിശ്ചിത ശതമാനം തുക ദേവസ്വം ബോർഡിനു ലഭിക്കും. ലോക്കറ്റുണ്ടാക്കാൻ ദേവസ്വത്തിന്റെ സ്വർണം ഉപയോഗിക്കാത്തതിനാൽ ഹൈക്കോടതിയുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശപ്രകാരം വിഷുവിനു തന്നെ ലോക്കറ്റ് പുറത്തിറക്കാൻ തീരുമാനിച്ചതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ എന്നിവർ പറഞ്ഞു.