‘മാർകോ’ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി; ഒടിടിയിൽനിന്നു പിൻവലിക്കണമെന്നും ശുപാർശ

Mail This Article
തിരുവനന്തപുരം∙ ‘മാർകോ’ സിനിമ ടിവി ചാനലുകളിൽ പ്രദർശിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചു. ഒടിടിയിൽനിന്നു സിനിമ പിൻവലിക്കണമെന്നും ശുപാർശ ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) പ്രാദേശിക ഓഫിസിന്റേതാണു നടപടി. കഴിഞ്ഞ 19ന് ആണ് അനുമതി നിഷേധിച്ചത്. സിനിമ തിയറ്ററിൽ പ്രദർശിപ്പിക്കാൻ സമർപ്പിച്ചപ്പോൾത്തന്നെ വിയോജിപ്പുകൾ ഉണ്ടായിരുന്നെന്നു സിബിഎഫ്സി പ്രാദേശിക ഓഫിസർ ടി.നദീം തുഫൈൽ പറഞ്ഞു.
അഞ്ചംഗ സമിതി ഇതിൽ അക്രമരംഗങ്ങളേറെയുണ്ടെന്നു റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു പല സീനുകളും ഒഴിവാക്കിയശേഷം സിനിമ പത്തംഗ റിവൈസിങ് കമ്മിറ്റിക്ക് നൽകി. തുടർന്നാണ് ‘എ’ സർട്ടിഫിക്കറ്റോടു കൂടി തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയത്.
ടിവിയിൽ പ്രദർശനാനുമതിക്കു സമീപിച്ചപ്പോൾ സമിതി വീണ്ടും സിനിമ കണ്ടു. ടിവിയിൽ പ്രദർശിപ്പിക്കണമെങ്കിൽ ‘യു’ അല്ലെങ്കിൽ ‘യുഎ’ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഈ സിനിമയ്ക്ക് ‘യുഎ’ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ 45 മിനിറ്റ് ദൈർഘ്യമുള്ള ഭാഗങ്ങൾ ഒഴിവാക്കേണ്ടിവരും. ഒടിടി പ്രദർശനം തടയണമെന്ന കത്ത് മുംബൈയിലെ സിബിഎഫ്സി ചെയർമാനാണു നൽകിയത്. ഒടിടിയിൽനിന്നു സിനിമ പിൻവലിക്കാൻ സിബിഎഫ്സിക്ക് അധികാരം ഇല്ലാത്തതിനാൽ അതിനുവേണ്ടി വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിനു ശുപാർശ നൽകണം.
നിലവിൽ സിനിമയിലെ രംഗങ്ങൾ മുറിച്ചുമാറ്റിയുള്ള സെൻസറിങ് രീതി ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങളായി തിരിച്ച് സർട്ടിഫിക്കറ്റ് നൽകും. ഏതു പ്രായക്കാർക്കും കാണാവുന്ന സിനിമകൾക്ക് ‘യു’ സർട്ടിഫിക്കറ്റ് നൽകും. ‘യുഎ’ സർട്ടിഫിക്കറ്റിൽ ഏതു പ്രായം മുതലുള്ളവർക്കു കാണാമെന്നു കൂടി ചേർക്കും. 7+, 13+, 16+ പ്രായം കൂടി ‘യുഎ’ സർട്ടിഫിക്കറ്റിനൊപ്പം ചേർത്തിട്ടുണ്ടാകും. 'എ' സർട്ടിഫിക്കറ്റുള്ള സിനിമ 18 വയസ്സിൽ താഴെയുള്ളവരെ കാണാൻ അനുവദിക്കുന്നത് നിയമവിരുദ്ധമാണ്. പരാതി ലഭിച്ചാൽ തിയറ്ററിൽനിന്നു 10,000 രൂപ വരെ പിഴ ഈടാക്കാം. ഹനീഫ് അദേനി സംവിധാനം ചെയ്ത ‘മാർകോ’യിൽ ഉണ്ണി മുകുന്ദനാണ് നായകൻ.
ഇനി വയലൻസ് കുറയ്ക്കും: ‘മാർകോ’ നിർമാതാവ്
ഇനിയുള്ള സിനിമകളിൽ വയലൻസ് കുറയ്ക്കുമെന്നു ‘മാർകോ’ നിർമാതാവ് ഷരീഫ് മുഹമ്മദ്. ‘കാട്ടാളൻ’ എന്ന പുതിയ സിനിമയിൽനിന്നു കടുത്ത വയലൻസ് ഒഴിവാക്കാൻ നിർദേശം നൽകിയെന്നും ഷരീഫ് പറഞ്ഞു. ആക്‌ഷൻ–ത്രില്ലർ സ്വഭാവമുള്ള സിനിമയിൽ കഥയുടെ ഗൗരവം നിലനിർത്തുന്നതിനു യോജ്യമായ വയലൻസ് മാത്രമേ ഉൾപ്പെടുത്തൂ. യുവാക്കൾക്കിടയിൽ അക്രമം വർധിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളും വിവാദങ്ങളുമാണു കരുതലെടുക്കാൻ പ്രേരിപ്പിച്ചത്.
വയലൻസിനെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചെടുത്ത ചിത്രമല്ല മാർകോ. സെൻസർ ബോർഡിന്റെ നിർദേശങ്ങൾ പൂർണമായി പാലിച്ചാണു മാർകോ പുറത്തിറങ്ങിയത്. നിയമാനുസൃതമായി ഒട്ടേറെ രംഗങ്ങൾ മുറിച്ചുമാറ്റി. അനേകം വയലന്റ് സിനിമകളിൽ ഒന്നു മാത്രമാണിത്. സിനിമയിലെ വയലൻസ് ജീവിതത്തിൽ പകർത്തുന്നതു തെറ്റായ പ്രവണതയാണ്. സിനിമയായി മാത്രം കാണാനുള്ള ബോധം എല്ലാർക്കുമുണ്ടെന്ന വിശ്വാസത്തിലാണു സിനിമകൾ ലോകത്തെവിടെയും നിർമിക്കപ്പെടുന്നത്. എന്നാൽ, അടുത്തു നടന്ന സംഭവങ്ങളിൽനിന്നും ചർച്ചകളിൽനിന്നും അത് അങ്ങനെയല്ല എന്നു ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണു പുതിയ സിനിമയിൽ മാറ്റങ്ങൾ വരുത്താൻ നിർദേശം കൊടുത്തത്.
∙ ‘ചട്ടങ്ങൾ അനുസരിച്ചാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ തീരുമാനം. ടിവിയിൽ കാണിക്കുന്നതല്ല പ്രശ്നം. മറ്റു പല പ്ലാറ്റ്ഫോമുകളിലൂടെയും ഇത്തരം സിനിമകൾ പ്രേക്ഷകർക്കു ലഭ്യമാകും. ആവിഷ്കാര സ്വാതന്ത്ര്യത്തിന് അതിരു നിശ്ചയിക്കാൻ പാടില്ലെങ്കിലും സ്വയം ചില അതിരുകൾ സൃഷ്ടിക്കണം. കഥ ആവശ്യപ്പെടുന്ന വയലൻസ് കാണിക്കുന്നതിന് ആരും എതിരല്ല. ക്രൂരകൃത്യങ്ങൾ കാണിക്കാനായി സിനിമ നിർമിക്കരുത്. കയറുന്നത് തിയറ്ററിലേക്കാണെങ്കിലും ഇറങ്ങുന്നത് ഇറച്ചിക്കടയിൽനിന്നാണെന്ന പ്രതീതി പ്രേക്ഷകരിൽ സൃഷ്ടിക്കരുത്.’ – പ്രേംകുമാർ (ചെയർമാൻ, കേരള ചലച്ചിത്ര അക്കാദമി)