മനുഷ്യ–വന്യജീവി സംഘർഷം: പ്രാഥമിക പ്രതികരണ സേനയ്ക്ക് മാർഗരേഖ

Mail This Article
തിരുവനന്തപുരം ∙ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ വനംവകുപ്പ് രൂപം നൽകിയ മിഷൻ സന്നദ്ധ പ്രാഥമിക പ്രതികരണ സേനയിലെ (എംവിപിആർടി) അംഗങ്ങൾ സംഘർഷ സ്ഥലത്ത് ആദ്യം എത്തണമെന്നും വന്യജീവികൾ അക്രമാസക്തരാകാതിരിക്കാൻ ജനക്കൂട്ടത്തെ ഒഴിവാക്കണമെന്നും മാർഗരേഖ.
സമൂഹത്തിൽ സ്വീകാര്യതയുള്ളവരെ ജനജാഗ്രതാ സമിതി മുഖേനയാണു സന്നദ്ധ സേനാംഗങ്ങളായി നിയോഗിക്കുക. ഇവരുടെ പട്ടിക ജനജാഗ്രതാ സമിതി ചെയർമാൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർക്കു കൈമാറും. തുടർന്ന് പൊലീസ് വെരിഫിക്കേഷൻ നടത്തണമെന്നും വനംവകുപ്പിന്റെ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്. സേനാംഗങ്ങൾക്കു വേതനം നൽകില്ല. പ്രവർത്തനത്തിന് ആവശ്യമായ ഉപകരണങ്ങൾ നൽകും. അടുത്തമാസം ആദ്യവാരം സേന നിലവിൽ വരും. വനംവകുപ്പിന്റെ സർപ്പ വൊളന്റിയർമാർ, ആപ്ത വൊളന്റിയർമാർ, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ സംഘടനാംഗങ്ങൾ, വനസംരക്ഷണ സമിതി/ഇക്കോ ഡവലപ്മെന്റ് കമ്മിറ്റി അംഗങ്ങൾ, ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണു സന്നദ്ധസേനയിലുള്ളത്.
ക്രമസമാധാനപാലനം, വന്യജീവി സംഘർഷം, സംഘർഷ സമയത്തു സ്വീകരിക്കേണ്ട മാർഗങ്ങൾ, പ്രാഥമിക ശുശ്രൂഷ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ എന്നിവയിൽ സേനാംഗങ്ങൾക്കു 2 ദിവസത്തെ തീവ്രപരിശീലനം നൽകാനും തീരുമാനിച്ചതായി എംവിപിആർടി സംസ്ഥാന നോഡൽ ഓഫിസർ ശിൽപ വി.കുമാർ പറഞ്ഞു. വന്യജീവി സംഘർഷം ഏറ്റവും കൂടുതലുള്ള 30 ഹോട്ട്സ്പോട്ടുകളിലാണ് സന്നദ്ധസേനയെ നിയോഗിക്കുക. മറ്റു സ്ഥലങ്ങളിൽ ഉടൻ സന്നദ്ധസേനാംഗങ്ങളെ നിയോഗിക്കും. സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ പശ്ചാത്തലത്തിൽ നിയന്ത്രിക്കുന്നതിനും ലഘൂകരിക്കുന്നതിനും 10 കർമപദ്ധതികൾക്ക് രൂപം നൽകിയിരുന്നു. ഇതിൽ ഒരെണ്ണമാണ് സന്നദ്ധ പ്രാഥമിക പ്രതികരണ സേനയുടെ രൂപീകരണം.
സേനാംഗങ്ങളുടെ ചുമതലകൾ
∙ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം എത്തുംമുൻപ് സംഘർഷ സ്ഥലത്ത് എത്തി സന്നദ്ധ പ്രാഥമിക പ്രതികരണ സേനാംഗങ്ങൾ തദ്ദേശീയർക്കും വിനോദസഞ്ചാരികൾക്കും മുന്നറിയിപ്പു നൽകണം.
∙ തദ്ദേശ, പൊലീസ്, റവന്യു വകുപ്പ് അധികൃതരെ വിവരം അറിയിക്കണം.
∙ പരുക്കേറ്റവർക്കു വൈദ്യസഹായം ഉറപ്പാക്കണം.
∙ വന്യജീവികളെ ജനവാസമേഖലയിൽനിന്നു മാറ്റാൻ സാഹചര്യമുണ്ടെങ്കിൽ അങ്ങനെ ചെയ്യാനും അവശനിലയിലോ മുറിവേറ്റോ കാണപ്പെടുന്നവയെ ശുശ്രൂഷിക്കാനും സാഹചര്യം ഒരുക്കണം.