ലാലേട്ടൻമുക്കിൽ സിനിമക്കുളം; ഉപയോഗിക്കാൻ അനുമതിയില്ല

Mail This Article
ചീമേനി (കാസർകോട്) ∙ നടൻ മോഹൻലാലിന്റെ പേരിൽ അറിയപ്പെടുന്ന മുക്കിന് ‘എആർഎം’ സിനിമ നൽകിയത് കൊടുംവേനലിലും വറ്റാത്ത ശുദ്ധജലക്കുളം. എന്നാൽ പ്ലാന്റേഷൻ കോർപറേഷന്റെ സ്ഥലത്തുള്ള കുളം ഉപയോഗിക്കാൻ അനുമതിയില്ല. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയ്ക്കുവേണ്ടിയാണ് പോത്താങ്കണ്ടത്തിലെ അരിയിട്ടപാറയ്ക്കു സമീപം കുളം നിർമിച്ചത്. മോഹൻലാലും പത്മപ്രിയയും അഭിനയിച്ച വടക്കുംനാഥൻ എന്ന സിനിമയുടെ ഗാന ചിത്രീകരണം നടന്ന സ്ഥലമാണിത്. അന്ന് ദിവസങ്ങളോളം ഇവിടെ മോഹൻലാൽ ഉണ്ടായിരുന്നു. പിന്നീട് ഈ സ്ഥലത്തിന് ലാലേട്ടൻ മുക്കെന്ന പേരും ലഭിച്ചു. അജയന്റെ രണ്ടാം മോഷണം ചിത്രീകരണം പൂർത്തിയായി ലൊക്കേഷൻ പൊളിച്ചുമാറ്റി എല്ലാവരും പോയെങ്കിലും കുളം അവശേഷിച്ചു. സ്വാഭാവിക ഉറവയ്ക്കുപുറമേ വേനൽമഴകൂടി പെയ്തതോടെ കുളം നിറഞ്ഞുതുളുമ്പി നിൽക്കുകയാണ്. സർക്കാർ മാലിന്യ സംസ്കരണ പദ്ധതിക്കായി കണ്ടുവച്ചിട്ടുള്ളതും ഈ സ്ഥലമാണ്.