ചേട്ടനെ കൊന്ന കേസിൽ അനിയൻ കുറ്റക്കാരൻ; ശിക്ഷ ഇന്ന്

Mail This Article
തൊടുപുഴ ∙ അടിമാലി ആനവിരട്ടി ചുട്ടിശ്ശേരിൽ അരുണിനെ (31) കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അൻവിൻ പോൾ (മനു–36) കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. തൊടുപുഴ അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.സീത ഇന്നു ശിക്ഷ വിധിക്കും.2016 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. സംഭവം നടക്കുമ്പോൾ അൻവിന് 27 വയസ്സായിരുന്നു. ഒരു കല്യാണവീട്ടിൽനിന്നു മദ്യപിച്ചു വീട്ടിലെത്തിയ അരുൺ അൻവിനുമായി വഴക്കുണ്ടാക്കിയെന്നും തുടർന്ന് അരുണിനെ അൻവിൻ വടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നുമാണു കേസ്. ഇരുവരും തമ്മിൽ നേരത്തേയും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സമയം വീട്ടിൽ പിതാവ് പൗലോസ്, അമ്മ ലിസി എന്നിവരാണ് ഉണ്ടായിരുന്നത്. കേസിന്റെ വിചാരണയ്ക്കിടെ പൗലോസും മാതൃസഹോദരൻ ഷാജിയും മരണപ്പെട്ടു. ഇതോടെ അമ്മ ലിസിയും സഹോദരഭാര്യയും കൂറുമാറി. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ കൂറുമാറിയ സാക്ഷികളുടെ മൊഴികൾ വിശ്വസനീയമല്ലെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്.അഭിലാഷ് ഹാജരായി.