‘കറുപ്പിന് എന്ത് കുഴപ്പം?’; നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടതും അതു മറികടന്നതും വിവരിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ

Mail This Article
തിരുവനന്തപുരം ∙ ‘അമ്മയുടെ ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്തു വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്നു ചോദിച്ച നാലു വയസുകാരിയായിരുന്നു ഒരിക്കൽ ഞാൻ’ – കറുത്ത നിറത്തെക്കുറിച്ചുള്ള കളിയാക്കലുകൾ തന്നെ കുട്ടിക്കാലത്ത് എങ്ങനെ ബാധിച്ചുവെന്നു തുറന്നുപറയുകയാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കഴിഞ്ഞ ദിവസം തന്നെ കാണാനെത്തിയ ആൾ നിറത്തെ കൂട്ടുപിടിച്ചു നടത്തിയ അഭിപ്രായപ്രകടനമാണ് ശാരദയെ തുറന്നെഴുത്തിനു പ്രേരിപ്പിച്ചത്.
ചീഫ് സെക്രട്ടറി എന്ന നിലയ്ക്കുള്ള ശാരദയുടെ പ്രവർത്തനം കറുപ്പും, മുൻഗാമിയും ഭർത്താവുമായ വി.വേണുവിന്റേത് വെളുപ്പുമായിരുന്നു എന്നായിരുന്നു സന്ദർശകന്റെ അഭിപ്രായം. ‘എന്റെ കറുപ്പ് എനിക്കു സ്വീകാര്യമാണ്’ എന്ന് സന്ദർശകന്റെ പേരു പറയാതെ രാവിലെ ഇട്ട പോസ്റ്റ് വിവാദത്തിന് ഇട നൽകാതിരിക്കാൻ സമൂഹമാധ്യമത്തിൽനിന്നു ശാരദ അപ്പോൾത്തന്നെ പിൻവലിച്ചിരുന്നു. എന്നാൽ, നിലപാട് ഉറക്കെപ്പറയുന്നത് ആവശ്യമാണെന്നും പരിഷ്കൃത സമൂഹത്തിനു ചേരാത്ത ചിന്തകൾ നിരുത്സാഹപ്പെടുത്തണമെന്നും അഭ്യുദയകാംക്ഷികളിൽനിന്ന് ആവശ്യമുയർന്നതോടെയാണു പിന്നീട് വിശദമായ കുറിപ്പിട്ടത്.
ശാരദ മുരളീധരന്റെ കുറിപ്പിൽനിന്ന്
‘‘എന്തിനാണ് ഞാന്‍ ഇക്കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത്? അതേ, എനിക്കു മനസ്സിനു വിഷമമുണ്ടായി. കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ എനിക്കിപ്പോൾ ഇതു കേട്ടു ശീലവുമായെന്നു പറയാം. തീവ്രമായ നിരാശയോടെ നാണക്കേടു തോന്നേണ്ട ഒരു കാര്യമാണെന്ന രീതിയിൽ കറുത്ത നിറമുള്ള ഒരാൾ എന്നു മുദ്ര ചാർത്തപ്പെടുന്നതിനെപ്പറ്റിയാണിത് (വനിതയായിരിക്കുക എന്ന നിശ്ശബ്ദമായ ഉപവ്യാഖ്യാനത്തിനൊപ്പം). കറുപ്പെന്നാൽ കറുപ്പല്ലേ എന്ന മട്ടിൽ. നിറമെന്ന നിലയിൽ മാത്രമല്ലിത്. നല്ലതൊന്നും ചെയ്യാത്ത, എല്ലാം അസ്വാസ്ഥ്യകരവും മോശവുമായ, ഉഗ്രമായ സ്വേച്ഛാധിപത്യത്തിന്റെ പ്രതീകമായ കറുപ്പെന്ന മുദ്ര ചാർത്തൽ.
പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണു കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്: ഓഫിസിലേക്കുള്ള ഡ്രസ് കോഡ്, സായാഹ്നവേളയിലെ ഉടയാടയഴക്, കൺമഷിയുടെ കാതൽ, മഴമേഘപ്പൊരുൾ.
നാലുവയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്: ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. നല്ലതെന്ന സൽപേരില്ലാത്ത ആഖ്യാനങ്ങളുടെ ഭാരത്തിനടിയിൽ അരനൂറ്റാണ്ടിലേറെക്കാലമായി ജീവിക്കുന്നു. ആ ആഖ്യാനത്തിൽ സ്വാധീനിക്കപ്പെട്ടും പോയിരുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ എനിക്കു മടിയായി. വെളുത്ത ചർമം വിസ്മയമായി; ഫെയർ എന്ന തോന്നലുള്ള എന്തിനോടും. അതെല്ലാം നല്ലതും പൂർണഗുണങ്ങളാൽ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാൻ താണതരത്തിൽപെട്ട, മറ്റേതെങ്കിലും വിധത്തിൽ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. കറുപ്പിന്റെ പാരമ്പര്യത്തോട് അവർക്ക് ആരാധനയായിരുന്നു. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു.’’