സുധാകർ മംഗളോദയം അന്തരിച്ചു; സാധാരണക്കാരുടെ മനസ്സറിഞ്ഞ എഴുത്തുകാരൻ
Mail This Article
കോട്ടയം ∙ ആഴ്ചപ്പതിപ്പുകളിലെ ജനപ്രിയ നോവലുകളിലൂടെ മലയാള വായനക്കാരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നോവലിസ്റ്റ് സുധാകർ മംഗളോദയം (സുധാകർ പി നായർ) അന്തരിച്ചു. 72 വയസ്സായിരുന്നു. മലയാള മനോരമ ആഴ്ചപ്പതിപ്പ് ഉൾപ്പെടെ നിരവധി പ്രസിദ്ധീകരണങ്ങളിൽ ശ്രദ്ധേയമായ തുടർ നോവലുകൾ രചിച്ചു. അനേകം കൃതികൾ പുസ്തകങ്ങളായും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വൈക്കത്തിനടുത്ത് വെള്ളൂരാണ് സ്വദേശം. പി.പത്മരാജന്റെ ‘കരിയിലക്കാറ്റുപോലെ’ എന്ന ചലച്ചിത്രത്തിന്റെ കഥാരചയിതാവാണ്. 1985 ൽ പുറത്തിറങ്ങിയ ‘വസന്തസേന’ എന്ന ചലച്ചിത്രത്തിന്റെയും കഥാരചന നടത്തി. ‘നന്ദിനി ഓപ്പോൾ’ എന്ന സിനിമയ്ക്കു സംഭാഷണം രചിച്ചു, ‘ഞാൻ ഏകനാണ്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും.
പാദസ്വരം, നന്ദിനി ഓപ്പോൾ, അവൾ, ഒറ്റക്കൊലുസ്സ്, ചിറ്റ, ഈറൻ നിലാവ്, മയൂരനൃത്തം, കളിയൂഞ്ഞാൽ, വസന്തസേന, ഹംസതടാകം, വേനൽവീട്, കൃഷ്ണതുളസി, തലാഖ്, സൗന്ദര്യപൂജ, ശ്രീരാമചക്രം, ശ്യാമ, ഗാഥ, കുങ്കുമപ്പൊട്ട്, തവ വിരഹേ, നീല നിലാവ്, പത്നി, താരാട്ട്, കമല, ചുറ്റുവിളക്ക്, താലി, പൂമഞ്ചം, നിറമാല, ഗൃഹപ്രവേശം, നീലക്കടമ്പ, തുലാഭാരം, കുടുംബം, സുമംഗലി, വെളുത്ത ചെമ്പരത്തി, വാസ്തുബലി, ഓട്ടുവള, നിറമാല, ചുവപ്പുകൂടാരങ്ങൾ, കാവടിച്ചിന്ത്, പച്ചക്കുതിര, ഒരു ശിശിരരാവിൽ, താമര, പ്രണാമം, പദവിന്യാസം, സ്വന്തം രാധ, പാഞ്ചാലി, മുടിയേറ്റ്, ആൾത്താര, ഓട്ടുവള, തില്ലാന, ചാരുലത തുടങ്ങിയവയാണ് പ്രശസ്ത കൃതികൾ.
മുഖ്യമന്ത്രി അനുശോചിച്ചു
സുധാകര്‍ മംഗളോദയത്തിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ജനപ്രിയ നോവലുകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനായിരുന്നു അദ്ദേഹം. സാഹിത്യ ആസ്വാദനത്തിന്‍റെ തലത്തിലേക്ക് വലിയൊരു വിഭാഗം ആളുകളെ ഉയര്‍ത്തിയെടുക്കുന്നതിന് അദ്ദേഹത്തിന്‍റെ രചനകള്‍ക്ക് സാധിച്ചിട്ടുണ്ടെന്നും അനുശോചന സന്ദേശത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
English Summary: Novelist Sudhakar Mangalodhayam Passes Away