നിവാർ ചുഴലിക്കാറ്റ് കര തൊട്ടു; നിർണായകം അടുത്ത മണിക്കൂറുകൾ

Mail This Article
ചെന്നൈ∙ നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്. അടുത്ത മണിക്കൂറുകളിൽ കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിക്കും. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ പേമാരിയും കനത്ത കാറ്റും വീശുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
ചെന്നൈയില്‍ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത്തിലാകും കാറ്റ് വീശുക. മണിക്കൂറില്‍ 130 മുതല്‍ 155 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആഞ്ഞടിക്കാമെന്നാണു മുന്നറിയിപ്പ്. തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക.

മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുച്ചേരിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കു ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തുണ്ട്.
നിവാർ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചെന്നൈയിൽനിന്നു തെക്കൻ തമിഴ്നാട്ടിലേക്കുള്ള മുഴുവൻ ട്രെയിനുകളും റദ്ദാക്കി.

തെക്കൻ തമിഴ്നാട് വഴിയുള്ള 2 കേരള ട്രെയിനുകളും ഇതിലുൾപ്പെടും. 7 ജില്ലകളിലേക്കു സർക്കാർ, സ്വകാര്യ ബസ് സർവീസുകൾ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവച്ചു. കൽപ്പാക്കം ആണവനിലയം മുൻകരുതൽ നടപടികൾ സ്വീകരിച്ചു. ബംഗാൾ ഉൾക്കടലിൽ 21നു രൂപപ്പെട്ട ന്യൂനമർദമാണു നിവാർ ചുഴലിക്കാറ്റായി മാറിയത്.
English Summary: Cyclone Nivar To Hit Tamil Nadu, Puducherry With Winds At 145 Kmph