രാജ്യാന്തര സ്റ്റേഷന്, പ്ലാറ്റ്ഫോമിനു മേല് പഞ്ചനക്ഷത്ര ഹോട്ടല്: സ്വപ്ന ടെര്മിനല്
Mail This Article
കൊച്ചി∙ മധ്യകേരളത്തിനു പുതിയ റെയിൽവേ ടെർമിനൽ എന്ന സ്വപ്നത്തിനു വാതിൽ തുറക്കുകയാണു എറണാകുളം പൊന്നുരുന്നി റെയിൽവേ യാഡിലെ നിർദിഷ്ട ഇന്റഗ്രേറ്റഡ് കോച്ചിങ് കോംപ്ലക്സ് പദ്ധതി. പദ്ധതിയുടെ സാധ്യത പഠന റിപ്പോർട്ട് കേരള റെയിൽ ഡവല്പ്മെന്റ കോർപറേഷൻ (കെ–റെയിൽ) വൈകാതെ ദക്ഷിണ റെയിൽവേക്കു കൈമാറും. 5 പ്ലാറ്റ്ഫോമുകൾ, ഒരു സ്റ്റേബിളിങ് ലൈൻ, 4 ഗുഡ്സ് ലൈൻ എന്നിവയാണു ഇവിടെ പരിഗണിക്കുന്നത്.
വൈറ്റിലയ്ക്കടുത്തു പൊന്നുരുന്നി, കതൃക്കടവ് മേൽപാലങ്ങൾക്ക് ഇടയിലാണു എറണാകുളം മാർഷലിങ് യാഡ്. 110 ഏക്കർ ഭൂമിയാണു ഇവിടെ റെയിൽവേക്കു സ്വന്തമായുള്ളത്.ഗുഡ്സ് ഷെഡും കോച്ചുകളുടെ അറ്റകുറ്റപ്പണി കേന്ദ്രവുമാണു ഇവിടെയുള്ളത്.
എറണാകുളം ജംക്‌ഷനിൽ (സൗത്ത്) നിന്നു ഒന്നര കിലോമീറ്ററാണു യാഡിലേക്കുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ടു ആദ്യഘട്ട ചർച്ചകൾ ദക്ഷിണ റെയിൽവേയും കെ–റെയിലും പൂർത്തിയാക്കി കഴിഞ്ഞു. ഈ മാസം പകുതിയോടെ സാധ്യത പഠന റിപ്പോർട്ട് ദക്ഷിണ റെയിൽവേക്കു കൈമാറുമെന്നു കെ–റെയിൽ എംഡി വി.അജിത് കുമാർ പറഞ്ഞു. മധ്യകേരളത്തിലെ അടുത്ത 30 വർഷത്തെ റെയിൽവേ ആവശ്യങ്ങൾ നിറവേറ്റാൻ പുതിയ ടെർമിനലിനു കഴിയും. രാജ്യാന്തര നിലവാരത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഷനാകും യാഡിൽ വരിക. 5 പ്ലാറ്റ്ഫോമുകളിലും 26 കോച്ചുകൾ നിർത്താൻ ആവശ്യമായ നീളമുണ്ടാകുമെന്നു അധികൃതർ പറഞ്ഞു.
കോട്ടയം വഴി പോകുന്ന ട്രെയിനുകൾക്കായി 2 മെയിൻ ലൈൻ പ്ലാറ്റ്ഫോമുകൾ, സ്റ്റേഷനിൽനിന്നു പുറപ്പെടുന്നതും യാത്ര അവസാനിപ്പിക്കുന്നതുമായ ട്രെയിനുകൾക്കായി 3 പ്ലാറ്റ്ഫോമുകളും നീക്കി വയ്ക്കും. ഷൊർണൂർ, പാലക്കാട് ഭാഗത്തേക്കുള്ള ട്രെയിനുകൾ യാഡിൽനിന്നു പുറപ്പെടും. ഇവയ്ക്കു നോർത്തിൽ സ്റ്റോപ്പ് നൽകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ പദ്ധതികൾ നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ സ്റ്റേഷനുകളൊന്നും രാജ്യാന്തര നിലവാരത്തിൽ ആയിട്ടില്ല. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷൻ വികസനം അവസാനഘട്ടത്തിലാണ്.പ്ലാറ്റ്ഫോമുകൾക്കു മുകളിലായി ലീല ഗ്രൂപ്പിന്റെ 318 മുറികളുള്ള പഞ്ചനക്ഷ്രത ഹോട്ടലാണു വരുന്നത്. 9 മുതൽ 13 നിലകൾ വരെയുള്ള 4 ടവറുകളും യാത്രക്കാർക്കുള്ള അനുബന്ധ സൗകര്യങ്ങളുമാണു സ്റ്റേഷനിൽ വരുന്നത്.
∙ വരുമാനത്തിൽ നമ്പർ വൺ, പകരം ജനത്തിന് കിട്ടുന്നതു വട്ടപ്പൂജ്യം
കേരളത്തിൽ റെയിൽവേക്കു ഏറ്റവും കൂടുതൽ വരുമാനം നൽകുന്നതു എറണാകുളം മേഖലയാണ്. 2018–19 സാമ്പത്തിക വർഷത്തിൽ എറണാകുളത്തെ 3 സ്റ്റേഷനുകളിൽനിന്നു റെയിൽവേക്കു ലഭിച്ചത് 286 കോടി രൂപയാണ്. എറണാകുളം ജംക്‌ഷൻ(സൗത്ത്) –153 കോടി രൂപ, എറണാകുളം ടൗൺ (നോർത്ത്)–70 കോടി, ആലുവ–63 കോടി എന്നിങ്ങനെയായിരുന്നു വരുമാനം. സൗത്തിൽ മാത്രം 93 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. എന്നാൽ വരുമാനത്തിന് ആനുപാതികമായി പുതിയ ട്രെയിനുകൾ അനുവദിക്കുകയോ ഉള്ള സർവീസുകളുടെ എണ്ണം കൂട്ടുകയോ ചെയ്തിട്ടില്ല. എന്തു ചോദിച്ചാലും പ്ലാറ്റ്ഫോം ഇല്ല, അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‍ലൈൻ ഇല്ലെന്ന പതിവു പല്ലവിയാണ് റെയിൽവേ പാടുന്നത്.
നോർത്തിലും സൗത്തിലും മെട്രോയുമായി ബന്ധിപ്പിച്ചു ഫുട്ട് ഓവർ ബ്രിജുകൾ, നോർത്തിൽ പുതിയ ഫുട്ട് ഓവർ ബ്രിജ്, സൗത്തിൽ ഐആർസിടിസി ലോഞ്ച്, ബേസ് കിച്ചൺ, മാർഷലിങ് യാഡിൽ ഓട്ടമാറ്റിക് കോച്ച് വാഷിങ് സെന്റർ, സൗത്തിലും നോർത്തിലും എല്ലാ പ്ലാറ്റ്ഫോമിലും മേൽക്കൂര തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളൊന്നും തന്നെ നടപ്പായിട്ടില്ല. ട്രെയിനുകളുടെ കാര്യം ഇതിലും കഷ്ടമാണ്. ഉണ്ടായിരുന്ന എറണാകുളം– രാമേശ്വരം സ്പെഷൽ ട്രെയിൻ നിർത്തലാക്കി പകരം അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കു നീട്ടുമെന്നു പറഞ്ഞിട്ട് വർഷം 2 കഴിഞ്ഞു.
എറണാകുളം–സേലം ഇന്റർസിറ്റി, എറണാകുളം–പനവേൽ, എറണാകുളം– ബെംഗളൂരു രാത്രി കാല ട്രെയിൻ, എറണാകുളം–ചെന്നൈ വാരാന്ത്യ സർവീസ് തുടങ്ങിയ ആവശ്യങ്ങളും കടലാസിൽ തന്നെ. എറണാകുളത്തുനിന്നുള്ള ഹൗറ, പട്ന, അജ്മീർ, ബിലാസ്പൂർ ട്രെയിനുകൾ പ്രതിദിനമാക്കാനും കഴിഞ്ഞിട്ടില്ല. എറണാകുളം– വേളാങ്കണ്ണി ബൈവീക്ക്‌ലി ട്രെയിൻ പ്രഖ്യാപിച്ചെങ്കിലും ഓടിച്ചിട്ടില്ല. പുതിയ ടൈംടേബിളിൽ കൊങ്കൺ വഴിയുള്ള ഏതാനും ട്രെയിനുകൾ എറണാകുളത്തു യാത്ര അവസാനിപ്പിക്കുന്നുണ്ട്. അതോടെ ലഭ്യമായ സൗകര്യങ്ങളിൽ പുതിയ ട്രെയിനുകൾക്കുള്ള സാധ്യത വീണ്ടും മങ്ങുന്നതിനാൽ കഴിയുന്നതും വേഗം പുതിയ ടെർമിനൽ വരേണ്ടതുണ്ട്. നഗരം വളരുന്നതിന് അനുസരിച്ചു റെയിൽ ഗതാഗത രംഗത്തു വളർച്ചയില്ലാത്ത നഗരമാണു കൊച്ചി.
∙ എന്തുകൊണ്ടു പുതിയ സ്റ്റേഷൻ?
എറണാകുളം സൗത്ത് സ്റ്റേഷനിൽ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആവശ്യമായ പ്ലാറ്റ്ഫോം സൗകര്യങ്ങൾ ഇല്ലാത്തിനാൽ ട്രെയിനുകൾ ഒൗട്ടറിൽ കിടക്കുകയും ഇതു വഴിയുള്ള ട്രെയിനുകളുടെ സമയക്രമം താളം തെറ്റുകയും ചെയ്യുന്നു. പേരിനു 6 പ്ലാറ്റ്ഫോമുണ്ടെങ്കിലും ഇതിൽ 2 പ്ലാറ്റ്ഫോമുകളിൽ മാത്രമാണു 24 കോച്ചുകളുള്ള ട്രെയിൻ നിർത്താൻ കഴിയൂ. എറണാകുളം നോർത്തിലാകട്ടെ 2 പ്ലാറ്റ്ഫോമുകൾ മാത്രമാണുള്ളത്. സൗത്തിൽ ഇപ്പോൾ വൈകിട്ട് ആലപ്പി–ചെന്നൈക്കു പ്ലാറ്റ്ഫോം നൽകിയാൽ എറണാകുളം–പട്ന ട്രെയിനിനു കൊടുക്കാൻ പ്ലാറ്റ്ഫോമില്ലാത്ത സ്ഥിതിയാണ്. പുതിയ സ്റ്റേഷൻ വന്നാൽ സൗത്തിലെ തിരക്കു കുറയുന്നതോടൊപ്പം എറണാകുളം വഴി കടന്നു പോകുന്ന എല്ലാ ട്രെയിനുകളുടെയും ഓട്ടം മെച്ചപ്പെടും. നോർത്തിലും സൗത്തിലും ഇനി വികസനത്തിനു സ്ഥലം ലഭ്യമല്ലെന്നതും പരിഗണിക്കണം.
കേരളത്തിൽ റെയിൽവേക്ക് ഏറ്റവും കൂടുതൽ ഭൂമിയുള്ള സ്ഥലങ്ങളിലൊന്നായിട്ടാണു കൊച്ചിക്ക് ഈ ദുരവസ്ഥ. കേരള ഹൈക്കോടതിക്കു പിന്നിൽ എറണാകുളം ഓൾഡ് റെയിൽവേ സ്റ്റേഷനിൽ 42 ഏക്കറും കൊച്ചിൻ ഹാർബർ ടെർമിനസിൽ 72 ഏക്കർ ഭൂമിയും റെയിൽവേയുടെ പക്കലുണ്ട്. എന്നാൽ ഇവയിൽ പ്രഖ്യാപിച്ച പദ്ധതികളൊക്കെ വിവിധ കാരണങ്ങളാൽ മുടങ്ങി കിടക്കുകയാണ്. മംഗളവനത്തിന്റെ ബഫർ സോണായി പ്രഖ്യാപിച്ചതോടെ ഒാൾഡ് റെയിൽവേ സ്റ്റേഷൻ വികസനം വഴിമുട്ടി നിൽക്കുകയാണ്. വനം വരുന്നതിനു മുൻപു അവിടെ കൊച്ചി മഹാരാജാവ് നിർമിച്ച സ്റ്റേഷനുണ്ടായിരുന്നുവെന്ന യാഥാർത്ഥ്യം ഹരിത ട്രിബ്യൂണലിനെ ബോധ്യപ്പെടുത്താൻ റെയിൽവേ അഭിഭാഷകർക്കു ഇതുവരെ കഴിഞ്ഞിട്ടില്ല.
ടെർമിനസും ഒാൾഡ് സ്റ്റേഷനും പുനർജീവിപ്പിക്കാനുള്ള പദ്ധതികൾ പരാജയപ്പെട്ടപ്പോളാണു110 ഏക്കർ ഭൂമിയുള്ള മറ്റു പ്രശ്നങ്ങളില്ലാത്ത എറണാകുളം മാർഷലിങ് യാഡിൽ ടെർമിനൽ എന്ന ആവശ്യം വീണ്ടും സജീവമായത്. ഹൈബി ഈഡൻ എംപി കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയതോടെ ടെർമിനൽ നിർമാണത്തിനു റെയിൽവേ വീണ്ടും നടപടി തുടങ്ങി. പൊതുസ്വകാര്യ പങ്കാളിത്തതോടെ നടപ്പാക്കുന്നതിനാൽ റെയിൽവേയ്ക്കു കാശു ചെലവില്ലാത്ത പദ്ധതി കൂടിയാണിത്. ദീർഘകാല പാട്ടത്തിനു നൽകുന്ന സ്ഥലങ്ങളിൽ നിന്നു നിക്ഷേപകർ മുടക്കുമുതൽ തിരിച്ചുപിടിക്കണം.
∙ താഴെ പ്ലാറ്റ്ഫോമുകൾ, മുകളിൽ വാണിജ്യ സമുച്ചയം
സ്റ്റേഷൻ വികസനത്തിനുള്ള അവകാശം നേടുന്ന സ്വകാര്യ കമ്പനി റെയിൽവേ സ്റ്റേഷൻ നിർമിക്കണം. പ്ലാറ്റ്ഫോമുകളുടെ മുകളിലായി വരുന്ന ആദ്യ നിലയിലാകും യാത്രക്കാരുടെ വിശ്രമ കേന്ദ്രങ്ങൾ. ഇവിടെ ഫുഡ്കോർട്ടുകൾ, ബിസിനസ് സെന്ററുകൾ, റസ്റ്ററന്റുകൾ, വിമാനത്താവള മാതൃകയിൽ ലോഞ്ചുകൾ എന്നിവയുണ്ടാകും. ട്രെയിൻ വരുമ്പോൾ എസ്കലേറ്റർ വഴി നിശ്ചിത പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാം.സ്റ്റേഷനു മുകളിലുള്ള എയർ സ്പേസും റെയിൽവേ കണ്ടെത്തുന്ന സ്ഥലങ്ങളും വാണിജ്യാവശങ്ങൾക്ക് ഉപയോഗിക്കാം. മൾട്ടിപ്ലക്സുകൾ, ഐടി ഇൻഫ്രാസ്ട്രക്ചർ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയ്ക്കു ഏറെ അനുയോജ്യമാണു മാർഷലിങ് യാഡിലെ ഭൂമി.
വൈറ്റില മൊബിലിറ്റി ഹബിലേക്കും ഇവിടെനിന്നു പെട്ടെന്ന് എത്താം. കോട്ടയം, ആലപ്പുഴ വഴികളിലൂടെയുള്ള എറണാകുളം–കായംകുളം പാത ഇരട്ടിപ്പിക്കലും എറണാകുളം–ഷൊർണൂർ മൂന്നാം പാതയും വരുന്നതോടെ പുതിയ ട്രെയിനുകൾക്കായി എറണാകുളത്തു സൗകര്യമൊരുക്കേണ്ടതുണ്ട്. എറണാകുളം വഴി കടന്നു പോകുന്ന ട്രെയിനുകൾ കൃത്യസമയം പാലിക്കാനും പുതിയ സ്റ്റേഷൻ സഹായിക്കും. ഇപ്പോൾ മാർഷലിങ് യാഡിൽ ട്രെയിൻ അറ്റകുറ്റപ്പണിക്കുളള 2 പിറ്റ്‍ലൈനുകളും അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രെയിനുകൾ നിർത്താനാവശ്യമായ 6 സ്റ്റേബിളിങ് ലൈനുകളുമാണുള്ളത്. മൂന്നാം പിറ്റ്‌ലൈൻ നിർമാണം അവസാന ഘട്ടത്തിലാണ്. 2010ൽ അനുമതി ലഭിച്ച പിറ്റ്‍ലൈൻ പദ്ധതിയാണു 10 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും നിർമിച്ചു കൊണ്ടിരിക്കുന്നത്. റെയിൽവേ സ്വന്തം നിലയ്ക്കു നടപ്പാക്കുന്ന പദ്ധതികളുടെ ഗതി എന്താണെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണു മൂന്നാം പിറ്റ്‍ലൈൻ പദ്ധതി. അതു കൊണ്ടു തന്നെ സ്റ്റേഷൻ പദ്ധതി പൊതു സ്വകാര്യ പങ്കാളിത്തതോടെയെങ്കിലും രക്ഷപ്പെടുമോയെന്നാണു കേരളം ഉറ്റുനോക്കുന്നത്. മൂന്നാം പിറ്റ്‍ലൈനിലേക്കുള്ള ട്രെയിനുകൾ ഇതിനോടകം റെയിൽവേ തീരുമാനിച്ചു കഴിഞ്ഞതിനാൽ എറണാകുളം മേഖലയിൽ പുതിയ പിറ്റ്‌ലൈൻ സൗകര്യം ഒരുക്കേണ്ടതും അത്യാവശമാണ്.
ഒട്ടേറെ പ്ലാറ്റ്ഫോമുകളുള്ള ബൃഹത് പദ്ധതി ഇവിടെ നടപ്പാക്കാമെങ്കിലും അത്തരം വലിയ പദ്ധതികൾ ഏറ്റെടുക്കാൻ സ്വകാര്യ നിക്ഷേപകർ താൽപര്യം കാണിക്കില്ലെന്ന കാരണത്താൽ സ്റ്റേഷൻ വികസനം രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കാനാണു കെആർഡിസിഎൽ ശുപാർശ ചെയ്തിരിക്കുന്നത്. ആദ്യം 5 പ്ലാറ്റ്ഫോം 2 ഗുഡ്സ് ലൈൻ, 2 പാർസൽ ലൈൻ എന്നിവ ഉൾപ്പെടെ 9 ലൈനുകളാണു പരിഗണിക്കുന്നത്. ഭാവിയിൽ കോച്ചിങ് ഡിപ്പോയോ ഗുഡ്സ് ഷെഡോ ഇവിടെ നിന്നു മാറ്റുകയാണെങ്കിൽ കൂടുതൽ സൗകര്യങ്ങൾ അടുത്ത ഘട്ടത്തിൽ ഏർപ്പെടുത്താൻ കഴിയും. ഇത് സംബന്ധിച്ചു തീരുമാനമെടുക്കേണ്ടതു റെയിൽവേയാണ്. ഗുഡ്സ് ഷെഡിൽ തിരക്കില്ലാത്തതിനാൽ ഇവിടെ 3 സ്റ്റേബിളിങ് ലൈൻ നൽകാമെങ്കിലും യൂണിയനുകളെ പേടിച്ചു റെയിൽവേ അനങ്ങുന്നില്ലെന്നു ആക്ഷേപമുണ്ട്.
∙ പാസഞ്ചർ കോച്ചിങ് ഡിപ്പോ ഐലൻഡിൽ?
ഐലൻഡിൽ 72 ഏക്കർ ഭൂമിയുണ്ടെങ്കിലും പാത വൈദ്യുതീകരിക്കാത്തതിനാൽ സർവീസുകളില്ല. ഹാർബർ ടെർമിനസ് സ്റ്റേഷൻ ഏഴര കോടി രൂപ ചെലവിട്ടു 2 വർഷം മുൻപു നവീകരിച്ചെങ്കിലും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. പാത വൈദ്യുതീകരണം നാവിക േസനയുടെ എതിർപ്പു മൂലം സാധ്യമല്ലെങ്കിലും ഡീസൽ എൻജിൻ ഉപയോഗിച്ചു ട്രെയിനുകൾ ഇവിടേക്കു കൊണ്ടു പോകാൻ തടസമില്ല.
ദക്ഷിണ റെയിൽവേ വികസിപ്പിച്ച ബാറ്ററിയിലും വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് ലോക്കോ ഉപയോഗിച്ചു ഇവിടേക്കു ട്രെയിനുകൾ കൊണ്ടു പോകാൻ കഴിയും. ഹാർബർ ടെർമിനസിനു മുൻപായി 8 ട്രാക്കുകളുള്ള ഗുഡ്സ് യാഡും ഈ പാതയിലുണ്ട്. ഇതും ഇപ്പോൾ ഉപയോഗിക്കുന്നില്ല. എന്നാൽ അറ്റകുറ്റപ്പണിക്കുള്ള കേന്ദ്രം ഇങ്ങോട്ടു മാറ്റാൻ ഇപ്പോൾ സാധിക്കില്ലെന്ന നിലപാടിലാണ് റെയിൽവേ. അതിനു വരുന്ന സാമ്പത്തിക ബാധ്യത റെയിൽവേക്ക് ഇപ്പോൾ വഹിക്കാൻ കഴിയില്ലെന്നാണു പറയുന്നത്.
ഹാർബർ ടെർമിനസിൽ 310 മീറ്റർ നീളമുള്ള ഒരു പിറ്റ്‌ലൈനും ഒരു സിക്ക് ലൈനും കാടുമൂടി കിടപ്പുണ്ട്. ഇത് നന്നാക്കിയെടുത്താൽ പാസഞ്ചർ ട്രെയിനുകളുടെ അറ്റകുറ്റപ്പണി ഇവിടേക്കു മാറ്റാൻ കഴിയും. എക്സ്പ്രസ് ട്രെയിനുകളുടെ അറ്റകുറ്റപ്പണി മാർഷലിങ് യാഡിൽ തുടരുകയും പാസഞ്ചർ ട്രെയിനുകളുടെ അറ്റകുറ്റപ്പണി ഹാർബറിലേക്കു മാറ്റുകയും ചെയ്യുന്നതോടെ സൗത്തിൽ രാവിലെ മുതൽ വൈകുന്നേരം വരെ 3 പ്ലാറ്റ്ഫോമുകൾ പാഴാക്കുന്ന പാസഞ്ചറുകൾ ഹാർബറിലെത്തും. ഈ 3 പ്ലാറ്റ്ഫോമുകളും പുതിയ സർവീസുകൾക്ക് ഉപയോഗിക്കാൻ കഴിയും. മെമു ട്രെയിനുകൾ വ്യാപകമാകുന്ന കാലത്ത് ഇത് മെമു ഷെഡാക്കി മാറ്റുകയും ചെയ്യാം.
English Summary: KRDCL report on integrated coaching terminal in Kochi will handover to Southern Railway