‘ബിജെപിക്ക് മെച്ചപ്പെട്ട ഫലം നൽകിയതിന് നന്ദി; അഴിമതി തുറന്നു കാട്ടുന്നത് തുടരും’
Mail This Article
ന്യൂഡൽഹി∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്കു മെച്ചപ്പെട്ട ഫലം നൽകിയതിൽ കേരളത്തിലെ ജനങ്ങൾക്കു നന്ദി പറഞ്ഞ് ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ ബിജെപി പ്രവർത്തകർ അക്ഷീണം പ്രയത്നിച്ചു. സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നത് തുടരും. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും വർഗീയ രാഷ്ട്രീയത്തിനെതിരെ ഇനിയും പൊരുതുമെന്നും നഡ്ഡ പറഞ്ഞു.
ഏഴായിരത്തോളം വാർഡുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയും അതിൽ പകുതിയെങ്കിലും ജയിക്കാമെന്ന ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയും ചെയ്ത എൻഡിഎയ്ക്ക് രണ്ടായിരത്തോളം വാർഡുകളാണു കിട്ടിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 2015ലെ സ്ഥിതിയേക്കാൾ മെച്ചമാണെന്നും ഏറെ മുന്നേറാനാൻ കഴിഞ്ഞുവെന്നുമാണു പാർട്ടി വിലയിരുത്തൽ.
തിരുവനന്തപുരം കോർപറേഷനിൽ കാവിപ്പതാക പാറിക്കാമെന്ന സ്വപ്നം നടന്നില്ല. തൃശൂരിൽ മുഖ്യ പ്രതിപക്ഷമാകുമെന്ന അവകാശവാദവും പാളി. എന്നാൽ, കണ്ണൂരടക്കം എല്ലാ കോർപറേഷനുകളിലും സാന്നിധ്യം തെളിയിക്കാനായി. പലയിടത്തും സിറ്റിങ് സീറ്റുകൾ നിലനിർത്താൻ സാധിച്ചതുമില്ല. ബിജെപിയെ തോൽപിക്കാനായി യുഡിഎഫും എൽഡിഎഫും ഒത്തുകളിച്ചതിന്റെ തെളിവാണ് ഈ തോൽവികളെന്നാണു പാർട്ടിയുടെ ആരോപണം.
തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് വെറും 10 സീറ്റിലൊതുങ്ങിയത് ഇതിനുദാഹരണമായി പാർട്ടി കരുതുന്നു. പാലക്കാട് കൂടാതെ പന്തളം മുനിസിപ്പാലിറ്റി പിടിച്ചതും 2012 ലെ 12 പഞ്ചായത്തുകൾ എന്നത് ഏതാണ്ട് ഇരട്ടി ആക്കിയതുമാണ് എൻഡിഎയുടെ ആശ്വാസം. ഏതാനും മുനിസിപ്പാലിറ്റികളിൽ വലിയ ഒറ്റക്കക്ഷിയോ മുഖ്യ പ്രതിപക്ഷമോ ആകാൻ സാധിച്ചു. എന്നാൽ, 40 പഞ്ചായത്തുകളും പത്തോളം മുനിസിപ്പാലിറ്റികളും പിടിക്കാമെന്ന പ്രതീക്ഷ യാഥാർഥ്യമായില്ല.
English Summary: JP Nadda thanks people for improved mandate for BJP in Kerala