കൊച്ചി കോർപ്പറേഷനിൽ എൽഡിഎഫ്– യുഡിഎഫ് കയ്യാങ്കളി; കലക്ടർ ഒത്തുകളിക്കുന്നെന്ന് ആരോപണം
Mail This Article
കൊച്ചി∙ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനിടെ എൽഡിഎഫ്, യുഡിഎഫ് കൗൺസിൽ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. തിരഞ്ഞെടുപ്പിന് നോട്ടിസിൽ നൽകിയ പ്രകാരം ഉച്ചയ്ക്ക് 2 മണിക്ക് കലക്ടറും എൽഡിഎഫ് കൗൺസിൽ അംഗങ്ങളും ഹാളിൽ എത്തിയില്ലെന്ന് ആരോപിച്ച് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി.
കൃത്യസമയത്തു തന്നെ യുഡിഎഫ് പ്രവർത്തകർ ഹാളിലെത്തിയെങ്കിലും 2.20നാണ് കലക്ടർ ചേംബറിലെത്തിയത്. ഈ സമയം മുഴുവൻ എൽഡിഎഫ് പ്രവർത്തകരും ഹാളിൽ എത്തിയിരുന്നില്ല. ഇതോടെ വൈകി എത്തിയവരെ റജിസ്റ്ററിൽ ഒപ്പിടാൻ അനുവദിക്കില്ലെന്നും വൈകി വന്നവരെ ഒഴിവാക്കി വോട്ടെടുപ്പു നടത്തണമെന്നുമായി യുഡിഎഫ് അംഗങ്ങൾ. റജിസ്റ്റർ ഒപ്പിടാൻ നൽകാതെ പിടിച്ചുവയ്ക്കുക കൂടി ചെയ്തതോടെ കാര്യങ്ങൾ കയ്യാങ്കളിയിലേയ്ക്ക് പോകുകയായിരുന്നു.
വൈകി എത്തിയ അംഗങ്ങളെകൂടി ഉൾപ്പെടുത്തി വോട്ടെടുപ്പു നടത്തുമെന്ന് കലക്ടർ അറിയിച്ചതോടെയായിരുന്നു യുഡിഎഫ് പ്രതിഷേധം. കലക്ടർ എൽഡിഎഫിനു വേണ്ടി ഒത്തു കളിക്കുകയാണെന്നും കലക്ടർ ചട്ടലംഘനം നടത്തിയെന്നും യുഡിഎഫ് കൗൺസിൽ അംഗങ്ങൾ ആരോപിച്ചു. വരണാധികാരിയായ കലക്ടർക്കെതിരെ ചട്ടലംഘനത്തിന് നടപടി വേണമെന്നും ആവശ്യം ഉയർന്നു. പ്രതിഷേധക്കാർ കലക്ടർ ഇരിക്കുന്ന ചേംബറിനു ചുറ്റുമെത്തി ബഹളം വയ്ക്കുന്ന സാഹചര്യവുമുണ്ടായി. റജിസ്റ്ററിൽ ഒപ്പിടാത്തതിനാൽ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയുടെ പത്രിക തള്ളണം എന്നായിരുന്നു യുഡിഎഫ് അംഗങ്ങളുടെ ആവശ്യം.
English Summary: Conflict Between LDF and UDF at Kochi Corporation