ADVERTISEMENT

കോഴിക്കോട്∙ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിയുമായി ജയിലില്‍ സംസാരിക്കുന്ന കാര്യങ്ങള്‍ അന്വേഷണസംഘം അറിയുന്നുവെന്ന അഭിഭാഷകൻ ബി.എ.ആളൂരിന്റെ പരാതിയില്‍ കോടതി സൂപ്രണ്ടിനോട് വിശദീകരണം തേടും. ജയിലില്‍ പ്രതിഭാഗം അഭിഭാഷകനു നിയന്ത്രണങ്ങളുണ്ടോയെന്നതിനും മറുപടി നല്‍കണം. ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നവരില്‍ നിന്ന് പണം തിരികെ വാങ്ങാന്‍ അനുവദിക്കണമെന്ന ബി.എ.ആളൂരിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. 

പൊലീസ് സാന്നിധ്യമില്ലാതെ ജയിലില്‍ ജോളിയുമായി സംസാരിക്കണമെന്നായിരുന്നു അഭിഭാഷകന്‍ ബി.എ.ആളൂരിന്റെ വാദം. ഇത് വിചിത്രമെന്ന് കോടതി നിരീക്ഷിച്ചു. പിന്നാലെയാണ് രഹസ്യങ്ങള്‍ ചോരുന്നുവെന്ന ആരോപണം ഉന്നയിച്ചത്. ജോളിയോട് പറയുന്ന മുഴുവന്‍ കാര്യങ്ങളും അന്വേഷണസംഘം അറിയുന്നു. ഇക്കാര്യത്തില്‍ ചില സംശയങ്ങളുണ്ടെന്നും ആളൂര്‍ പറഞ്ഞു.

ജയില്‍ അധികാരിയെന്ന നിലയില്‍ വിഷയത്തില്‍ സൂപ്രണ്ടിനോട് വിശദീകരണം തേടാമെന്ന് കോടതി അറിയിച്ചു. അഭിഭാഷകനെ കാണുന്നതിന് ജയിലില്‍ ജോളിക്ക് നിയന്ത്രണമുണ്ടോ. ജോളിയുടെ വിലപിടിപ്പുള്ള സാധനങ്ങളെന്തെങ്കിലും സൂപ്രണ്ടിന്റെ കൈവശമുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ഈമാസം 22 ന് കേസ് പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്ന് സമന്‍സിലൂടെ ആവശ്യപ്പെടും. സാമ്പത്തിക ഇടപാടിന് ജോളി അപേക്ഷ നല്‍കിയിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. വക്കാലത്ത് പവര്‍ അറ്റോര്‍ണി പോലെയാണെന്നും കിട്ടാനുള്ള പണം തിരികെ വാങ്ങാന്‍ അഭിഭാഷകന് അധികാരമുണ്ടെന്നും ആളൂര്‍ പറഞ്ഞു. 

ജോളി ജയിലിലായതിനാല്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ട കാര്യമില്ല. അത്തരമൊരു കീഴ്‌വഴക്കമില്ലെന്നും സാധാരണക്കാരന്റേതായ മുഴുവന്‍ അവകാശങ്ങളും പ്രതിക്കുണ്ടെന്ന് കരുതരുതെന്നും കോടതി വ്യക്തമാക്കി. ജോളി കാര്യങ്ങള്‍ തുറന്ന് പറഞ്ഞതിന് ഒരു വക്കീലിനെ കേസില്‍ സാക്ഷിയാക്കി. ഇനി തന്നെയും സാക്ഷിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമോ എന്നും പ്രതിഭാഗം അഭിഭാഷകന്‍ ആരാഞ്ഞു. പണം പിരിച്ചെടുക്കാന്‍ അനുമതി നല്‍കണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം നിയമപരമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അനുവദിച്ചാല്‍ പല സാധാരണക്കാരെയും ഭീഷണിപ്പെടുത്തി ചൂഷണത്തിനിരയാക്കുമെന്നും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. 

English Summary: BA Aloor complaints against Police in koodathai serial Killing 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com