കളമശേരിയിൽ എൽഡിഎഫിന് അട്ടിമറി വിജയം; തൃശൂരിൽ യുഡിഎഫ്
Mail This Article
തിരുവനന്തപുരം∙ ഇന്നലെ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ ഏഴ് വാര്‍ഡുകളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാർഥി റഫീഖ് മരയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാർഥി വി.എസ്. സലീമി ന് ലഭിച്ചത് 244 വോട്ട്. കോൺഗ്രസ് സ്വതന്ത്ര സ്ഥാനാർഥി ഷിബു സിദ്ദിഖ് നേടിയത് 207 വോട്ട്. ഇവിടെ യുഡിഎഫിനു ഭരണം നഷ്ടമാവില്ല. കക്ഷി നില: യുഡിഎഫ് - 21, എൽഡിഎഫ്-20, ബിജെപി - 1. കളമശേരിയിൽ യുഡിഎഫ് വിമതനായി ജയിച്ച കെ.എച്ച് സുബൈർ വൈസ് ചെയർമാൻ സ്ഥാനാർഥിത്വം നൽകിയതിനെ തുടർന്നാണ് എൽഡിഎഫിനെ പിന്തുണച്ചത്. ഇതോടെ കക്ഷി നില 20–20–1 എന്നായിരുന്നെങ്കിൽ 15 ദിവസം കഴിഞ്ഞപ്പോൾ ഇദ്ദേഹം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം തേടി യുഡിഎഫിലെത്തി. ഇതോടെ കക്ഷിനില 21–19–1 എന്നായി മാറി. ഇന്ന് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെ 21–20–1 എന്നാണ് കക്ഷിനില.
കോൺഗ്രസ് സ്വതന്ത്രൻ പിടിച്ച വോട്ടാണ് യുഎഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് കാരണമായത്. യുഡിഎഫ് 21, എല്‍ഡിഎഫ് 20 എന്നാണ് കക്ഷിനില. നിലവില്‍ ഭരണത്തെ ബാധിക്കില്ല. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഭരണം പിടിക്കാനാവുമെന്നും വിമതര്‍ യുഡിഎഫിനെ കൈവിടുമെന്നും റഫീഖ് മരയ്ക്കാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
തോൽവിക്കു കാരണം യുഡിഎഫിലെ കാലുവാരലെന്ന് ലീഗ് നേതാവ് പി.എം.എ. ലത്തീഫ്. മൂന്ന് ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് ഇവിടെ നഗരസഭ ഭരണം. കോൺഗ്രസ് നടപടി എടുത്തില്ലെങ്കിൽ ലീഗ് ഭാവി തീരുമാനിക്കുമെന്നും ലത്തീഫ് പറഞ്ഞു.
അതേസമയം, തൃശൂർ കോർപറേഷൻ പുല്ലഴി ഡിവിഷൻ എൽഡിഎഫിൽ നിന്നു കോൺഗ്രസ് പിടിച്ചു . 998 വോട്ടാണ് ഭൂരിപക്ഷം. കോൺഗ്രസ് സ്ഥാനാർഥി രാമനാഥന് എതിരെ കോൺഗ്രസ് റിബൽ രാമൻകുട്ടിയാണ് മത്സരിച്ചത്. ഇതോടെ കോൺഗ്രസ് റിബലായ മേയറുടെ ഒറ്റ വോട്ട് ഭൂരിപക്ഷത്തിലായി എൽഡിഎഫ് കോർപറേഷൻ ഭരണം. ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി രോഹിത് എം.പിള്ള 464 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു
English Summary : Kerala local election